പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ,
കലണ്ടറിലെ പതിനൊന്നാമത്തെ മാസമായ നവംബര്‍ വന്നെത്തി. കേരളീയരായ നമ്മെ സംബന്ധിച്ച് നവംബര്‍ വളരെ സുപ്രധാനമായ മാസമാണ്. നവംബര്‍ ഒന്ന് മലയാളികള്‍ കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നു. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന കേരളഭൂമിക്ക് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനപദവി ലഭിച്ചത് 1956 നവംബര്‍ ഒന്നിനാണ്.
1947 ൽ ഇന്ത്യ സ്വതന്ത്രമായ ശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു.
1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ കൂട്ടിച്ചേർക്കലുകൾക്കും പല സംസ്ഥാനങ്ങളുടെയും രൂപീകരണത്തിനും വിഭജനത്തിനും ആധാരമായത്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ തുടങ്ങി മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബർ ഒന്ന് കേരളപ്പിറവിദിനമായി നാം ആഘോഷിക്കുന്നത്.
കേരളത്തിന്റെ ജന്മദിനത്തിൽ മലയാള ഭാഷയെക്കുറിച്ചൊരു കവിത പാടുന്നതല്ലേ ഉചിതം? മാഷ് എഴുതിയ മലയാളം എന്ന കവിത. ഇതിന്റെ ഓരോ വരിയുടെയും ആദ്യാക്ഷരങ്ങൾ മലയാളത്തിലെ സ്വരങ്ങൾ തന്നെയാണെന്ന് ശ്രദ്ധിച്ചാൽ അറിയാം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
മലയാളം
അമ്പലവട്ടത്തിനു മുമ്പിൽ
‘അ’ എന്നുള്ളൊരു സ്വരമില്ലേ..?
‘അ’യ്ക്കൊരു തുമ്പി വരയ് ക്കുമ്പോൾ
‘ആ’ ദീർഘാക്ഷരമാവുന്നു.
ഇമ്പത്തിനു മുമ്പുള്ള സ്വരം
‘ഇ’ യെന്നാണെന്നറിയില്ലേ.?
ഈച്ചര,നീച്ചയിവയ് ക്കൊപ്പം
‘ഈ’ ദീർഘസ്വരമാവുന്നൂ.
ഉദയ,മുണർവ്വ്,ഉരലിവയിൽ
‘ഉ’ ആണല്ലോ നേതാവ്.
ഊഴംതെറ്റാതൂരും ചുറ്റി
ഊണിനിരുന്നാൽ ‘ഊ’ ദീർഘം.
ഋഷിയും ഋണവും ഋതുവും വന്നാൽ
‘ഋ’ എന്നെഴുതണമാദ്യത്തിൽ.
എളിമ
യിലെവിടെയുമെപ്പോഴും
എതിരില്ലാത്തവൻ ‘എ’ മാത്രം.
ഏടിലു,മേറിലു,
മേലക്കാടിലും
ഏഴിനുമുന്നിലും ‘ഏ’ യല്ലോ.
ഐക്യവു മൈശ്വര്യവുമെത്തീടാൻ
‘ഐ’ യുണ്ടാവണമാദ്യത്തിൽ.
ഒരുമ വളർത്താനൊരുമിച്ചീടാൻ
ഒരു സ്വരമുണ്ടതു
‘ഒ’ മാത്രം.
ഓണവു
മോർമ്മയുമോടക്കുഴലും
ഓടിവരുമ്പോൾ ‘ഓ’ ദീർഘം.
ഔ ഷധമാണീ സ്വരമെല്ലാം
അവസരമുണ്ട് പഠിച്ചീടാൻ.
ഹ്രസ്വം,ദീർഘം സ്വരമെത്ര ?
മലയാളത്തിൽ പതിമൂന്ന്,
സ്വരമെത്തുമ്പോൾ തെളിയുന്നൂ
വ്യഞ്ജനമാകും ശബ്ദങ്ങൾ.
മുപ്പത്താറുണ്ടവ ചേർന്നാൽ
നാല്പത്തിയൊമ്പതുണ്ടക്ഷരങ്ങൾ.
അലതൻ മടുമൊഴി മലയാളം
രസനയ്ക്കിമ്പം,പുതുതാളം
മലനാടിൻ നാവടയാളം
മണിമുത്താണെൻ മലയാളം ..!!
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
മലയാളത്തെക്കുറിച്ചുള്ള കവിത ഇഷ്ടമായോ? ഇനി ഒരു കഥയാവാം.
പ്രൈമറി ഹെഡ്മാസ്റ്ററിയി വിരമിച്ച കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം സ്വദേശിയായ ഒരു ബാലസാഹിത്യകാരനാണ് ഈ കഥ എഴുതിയിരിക്കുന്നത് – ശ്രീ. വി. എം. രാജമോഹൻ.
യുറീക്ക റസിഡന്റ് എഡിറ്റർ,പത്രാധിപസമിതി അംഗം,അഴകത്ത് സ്മാരകസമിതി സെക്രട്ടറി, ഡയറ്റ് പ്രോഗ്രാം ഉപദേശകസമിതി അംഗം, മുഖം, അ എന്നീ ചെറുമാസികകളുടെ പ്രത്രാധിപർ, പാഠപുസ്തകരചനാസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീ വി.എം രാജ മോഹൻ സാർ. കുട്ടികൾക്കായി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഒരു രസകരമായ കഥയാണ് താഴെ.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
കത്ത് കൊടുക്കാൻ (കഥ)
ഒരാൾക്ക് വീട്ടിൽ നിന്നും കുറച്ചകലെപ്പോയി കുറച്ചു ദിവസം തങ്ങേണ്ടി വന്നു. ഒരു ദിവസം അയാൾ വീട്ടിലേയ്‌ക്കൊരു കത്തെഴുതി. അതു കൊണ്ടു കൊടുക്കാൻ ആരെയും കണ്ടെത്താൻ അയാൾക്ക് സാധിച്ചില്ല. അയാൾ അസ്വസ്ഥനായി. അവസാനം കത്ത് അയാൾ തന്നെ കൊണ്ടു കൊടുക്കാമെന്നുറച്ചു. അയാൾ ഒരു കുതിരപ്പുറത്ത് സ്വന്തം വീടിനു മുന്നിലെത്തി. മുട്ടിവിളിച്ചു. ആരോ വാതിൽ തുറന്നു.
വീടിനുള്ളിലേക്ക് കയറാതെ അയാൾ പറഞ്ഞു “ഞാൻ വന്നത് താമസിക്കാനല്ല ഈ കത്ത് ഇവിടെ എത്തിക്കുവാൻ മാത്രമാണ്”.
ഇതും പറഞ്ഞ് കുതിരപ്പുറത്ത് ചാടിക്കയറി അയാൾ പാഞ്ഞു പോയി. അയാളുടെ പോക്ക് കണ്ട് വീട്ടുകാർ അന്തം വിട്ടു നിന്നു.
💐💐💐💐💐💐💐💐💐💐💐💐💐💐
സ്വന്തം വീട്ടിലേക്ക് കത്തെഴുതിയിട്ട് അതു കൊടുത്തുവിടാൻ ആളെ കിട്ടാഞ്ഞിട്ട് എഴുതിയ ആൾ തന്നെ കത്തുമായിപ്പോയ കഥയിലെ ഫലിതം ഒന്നു ചിന്തിച്ചു നോക്കൂ.
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎
കഥയ്ക്കു ശേഷം കവിതയാവാം.
കവിത പാടാൻ എത്തുന്നതാരെന്നറിയേണ്ടേ?
ദീപ വിനയചന്ദ്രൻ എന്ന ടീച്ചറാണ്.
പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിൽ നിന്നും വിരമിച്ച ശ്രീ. എം.എൻ.നാരായണ മാരാരുടെയും, എം.ബി. ഭുവനേശ്വരിയമ്മയുടെയും മകളാണ്.
ഇപ്പോൾ എറണാകുളം ജില്ലയിലെ കാക്കനാട് ഗവ.യു.പി.സ്ക്കൂളിലെ പ്രധാനാധ്യാപികയാണ്.
കാട്ടിലെ കച്ചേരി (ബാലസാഹിത്യം) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സ്ഥലനാമ കഥകൾ, കുരുന്നോല, സംഖ്യാഗാനങ്ങൾ,888 അക്ഷരപ്പാട്ടുകൾ, 121 ഗുണപാഠകഥകൾ, കടംകവിതകൾ എന്നീ സമാഹാരങ്ങളിൽ കവിതകൾ എഴുതിയിട്ടുണ്ട്.
ടീച്ചർ ഇപ്പോൾ ബി.പി.സി.എൽ. ഉദ്യോഗസ്ഥനായ ഭർത്താവ് വി. വിനയചന്ദ്രനുമൊത്ത് എറണാകുളം സൗത്ത് ചിറ്റൂരിലെ മാരുതി നിവാസിൽ താമസിക്കുന്നു.
ശ്രീമതി. ദീപ വിനയചന്ദ്രൻ എഴുതിയ കവിതകളാണ്
താഴെ കൊടുക്കുന്നത്.
🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
1. കാറ്റിനോട്
പുലരിയിലെത്തിയ കുളിർകാറ്റേ
പൂമണമുള്ളകുളിർകാറ്റേ
പിന്നണിപാടും കുളിർകാറ്റേ
പുല്ലാനിക്കാട് കടന്നകാറ്റേ
പൂത്തിരുവാതിര ആടും കാറ്റേ
പുഴ വഴി ഇക്കരെയെത്തും കാറ്റേ
മാമ്പഴമൊന്നുനീ വീഴ്ത്തീടുകിൽ
മാണിക്യക്കല്ല് നിനക്കുതരാം.
2. ഉണ്ണിയും വെണ്ണയും
ഉണ്ണിക്കുണ്ടൊരു കിണ്ണം
കിണ്ണം നിറയെ വെണ്ണ,
വെണ്ണ കഴിച്ചിട്ടുണ്ണി,
മണ്ണിലുരുണ്ടു കളിച്ചു.
നല്ല രണ്ടു കുഞ്ഞു കവിതകൾ.
പൂമണമുള്ള കാറ്റു വന്ന് മാമ്പഴം വീഴ്ത്തിത്തരുമായിരിക്കും. മൂന്നാലുവട്ടം പാടിയാൽ മതി. ഉണ്ണിക്കണ്ണനും ഒരെണ്ണം കൊടുക്കാം. വെണ്ണ തിന്നു തിന്ന് മടുത്തിട്ടുണ്ടാവും . ഏതായാലും കവിതകൾ എല്ലാവർക്കു ഇഷ്ടമായില്ലേ?.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
ഇനി നമുക്ക് ആലപ്പുഴ കണിച്ചു കുളങ്ങര സ്വദേശിയായ ഒരു ബാലസാഹിത്യകാരനെ പരിചയപ്പെടാം. അധ്യാപകനും കവിയും കഥാകൃത്തുമായ ശ്രീ.ടി.വി.ഹരികുമാർ .
മലയാളത്തിലെ മിക്ക ബാലപ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതാറുണ്ട്. മറ്റ് ആനുകാലികങ്ങളിലു കഥ, കവിത, ലേഖനം മുതലായവ എഴുതുന്നു.
പ്രസിദ്ധീകരിച്ച രചനകൾ: കുഞ്ഞിക്കിളിയുടെ പാട്ട്, പ്രകൃതിയുടെ ഈണങ്ങൾ, കൽപ്രതിമകൾ . നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഹൃദയകുമാരി പുരസ്കാരം, വിപഞ്ചിക മിനിക്കഥാ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ടി.വി.ഹരികുമാറിന്റെ ഒരു പള്ളിക്കൂടം കഥ :
🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
ഹീറോ പേന !
“എടാ.. സനു നീയറിഞ്ഞോ … നമ്മുടെ ഉണ്ടാപ്പി ഗോപുവിന്റെ അച്ഛൻ ഗൾഫീന്നു വന്നു..”..
സതീശാണ് വലിയൊരു വാർത്തപോലെ അക്കാര്യം അവതരിപ്പിച്ചത്.
രണ്ടു ഗോപുമാരുള്ളതിനാൽ ശരീരം നോക്കിയാണ് ഇരട്ടപ്പേര്. ഒരാൾ ഉണ്ടാപ്പി ഗോപു . അപരൻ കാക്കക്കാലൻ ഗോപു .അവന് നല്ല ഉയരമാണ്. ശോഷിച്ച രണ്ടു കാലും.
അങ്ങനെ സനുവാണവന് പേരിട്ടത് കാക്ക കാലൻ ഗോപു …
“ഉണ്ടാപ്പിയുടെ അച്ഛൻ വന്നെന്ന് നിന്നോടാരാ പറഞ്ഞത് ?”
” അവൻ ”
“അതെങ്ങനെ, അവനെത്തിയോ ?
“പിന്നില്ലെ … അവൻ ടീച്ചർമാർക്ക് മിഠായി കൊടുക്കാൻ പോയിരിക്കുവാ. എടാ….അവന്റെ ബാഗിൽ നല്ല സ്വർണ്ണ നിറത്തിലുള്ള ഒരു പേനയുണ്ട്. എന്തു ഭംഗിയാണെന്നോ കാണാൻ ”
ഉണ്ടാപ്പിയെ എല്ലാവർക്കും കാര്യമാണ്. നന്നായി പഠിയ്ക്കും. അദ്ധ്യാപകരെ വലിയ ബഹുമാനമാണ്. ആരുമായും വഴക്കില്ല. അവന്റെ അച്ഛൻ ഗൾഫിലുമാണ്…
സനു ആലോചിച്ചു. എന്റെ അച്ഛനെവിടെയോ ആണ്. എന്താണ് ജോലിയെന്ന് അറിയില്ല. നാട്ടിലെ ചില ഉത്സവങ്ങൾ കൂടാൻ വരും. പെട്ടെന്നൊരു പ്രത്യക്ഷപ്പെടൽ പോലെ ..
എപ്പോഴും കള്ളു മണം, ബീഡി മണം ….. കോട്ടയത്തോ, പാലായിലോ ചായക്കടയിലെ ജോലിയാണെന്ന് ഒരിക്കൽ അമ്മ പറയുന്നതു കേട്ടു.
പക്ഷേ കുട്ടികളോടെക്കെ സനു പറഞ്ഞിരിക്കുന്നത് അച്ഛൻ വലിയ ഒരു കമ്പനിയിലെ മെക്കാനിക്കാണെന്നാണ്. ഒരു ദിവസം അങ്ങനെ പറഞ്ഞപ്പോൾ വീടിനടുത്തുള്ള എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഗിരിനാഥ് അടുത്തുണ്ടായിരുന്നു. സനു അതു കണ്ടില്ല.
ഗിരിനാഥ് പറഞ്ഞു.
“മെക്കാനിക്കിന്റെ മകന്റെ കോലം കണ്ടാേ,കാലിൽ ചെരിപ്പില്ല. ഷർട്ട് കീറിയിരിക്കുന്നു…. പോടാ പുളുവടിക്കാതെ ……”
കേൾക്കേണ്ട താമസം കുട്ടികൾ ചിരിക്കാൻ തുടങ്ങി. മുഖം കൊണ്ടും അവൻ എന്തോ ആഗ്യം കാണിച്ചു. അടുത്ത നിമിഷം ദേഷ്യത്തോടെ സനു അവന്റെ മുഖത്തിടിച്ചു. രണ്ടുപേരും പിടിക്കപ്പെട്ടു.. ഹെഡ്മാസ്റ്റർ സേവ്യർ സാർ രണ്ടുപേരുടെയും രക്ഷിതാക്കളെ വിളിപ്പിച്ചു.
പാടത്തു പണിക്കു നിന്നിടത്തു നിന്നാണ് സനുവിന്റെ അമ്മ വന്നത്. ഒട്ടിയകവിളും. പാറിപ്പറന്ന മുടിയും ….. !
അമ്മയെ കണ്ട് സേവ്യർ സാർ പറഞ്ഞു. :
ക്ഷമിക്കണം. ഇവർ തമ്മിൽ അച്ഛന്റെ ജോലി പറഞ്ഞ് വഴക്കായി.. രക്ഷിതാക്കളെ അറിയിച്ചാൽ ഒരു ശമനം കിട്ടുമല്ലോ എന്നു കരുതി.
അമ്മ തൊഴുകൈയോടെ പറഞ്ഞു. :
” ഇനി ആവർത്തിക്കില്ല സാർ….അവനെ ക്ലാസ്സിൽ കയറ്റണം.അപ്പോഴത്തെ ദേഷ്യത്തിനിടിച്ചതാവും.
അമ്മയുടെ മുഖത്തെ പാരവശ്യം സനുവിനെ വല്ലാതെ ഉലച്ചു …
.എന്തു ചെയ്യാം
അവൻ ആലോചിച്ചു. ഈ ദൈവം എന്തിനാ ഇങ്ങനെ പാവങ്ങളെ ജനിപ്പിക്കുന്നത്…. ചിലർക്ക് വാരിക്കോരി സൗഭാഗ്യം നൽകും .ചിലർക്ക് പിച്ചച്ചട്ടി. കഷ്ടം ..!.
ഇന്റർവെപ്പാണ്. ക്ലാസ്സിൽ ആരുമില്ല.ഉണ്ടാപ്പി ഏതെങ്കിലും സാറന്മാർക്കു കൊണ്ടുവന്നതാവും ആ പേന…..
സനു വേഗത്തിൽ ഗിരിയുടെ ബാഗിൽ തിരഞ്ഞുനോക്കി. ….. അവൻ പ്രതീക്ഷിച്ച പോലെ ബാഗിന്റെ . സൈഡിൽ പേനയുണ്ട്..!
ഹായ് എന്താ ഭംഗി…
സനു പതിയെ ആ പേന എടുത്തു…… എഴുതി നോക്കാൻ മഷിവേണം.
മഷിനിറച്ചാൽ നന്നായെഴുതാം …
അസൂയ നിറഞ്ഞ മനസ്സോടെ അവൻ ചിന്തിച്ചു.
ഈ പേനകൊണ്ടു ഇനിയാർക്കും എഴുതാൻ കഴിയരുത്.
അവൻ പതിയെ പേനത്തുമ്പ് നിലത്തുരസി അതിന്റെ നിബ്ബ് ഒടിച്ചു കളഞ്ഞു.. പിന്നീട് അത് യഥാസ്ഥാനത്തു തന്നെവച്ചു. ഒന്നും സംഭവിക്കാത്ത പോലെ ഇരുന്നു.
ബെല്ലടിച്ചു… കുട്ടികളെല്ലാം ക്ലാസ്സിലെത്തി.ഗോപുവുമെത്തി. ഗോപുവും സനുവും അടുത്തടുത്താണ് ഇരിക്കുന്നത്. ക്ലാസ്സ് ടീച്ചർ ശ്രീകല ടീച്ചറാണ്. അവർ ഇന്നു ലീവായതിനാൽ ഹെഡ്മാസ്റ്റർ സേവ്യർ സാർ തന്നെ ക്ലാസ്സിലെത്തി …. പരസ്പര സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സാർ പറഞ്ഞത്..
അപ്പോൾ ഉണ്ടാപ്പിഗോപു എഴുന്നേറ്റു . തന്റെ ബാഗിൽ നിന്ന് ഹീറോപെൻ എടുത്ത് സേവ്യർസാറിനെ ഏൽപ്പിച്ചു കൊണ്ടുപറഞ്ഞു:
” ഈഹീറോ പെൻ അച്ഛൻ കൊണ്ടുവന്നതാ.ഞാനിത് തത്ക്കാലം വാങ്ങാൻ ബുദ്ധിമുട്ടുന്ന എന്റെ നല്ല ചങ്ങാതി സനുവിന് സമ്മാനമായി കൊടുക്കുകയാണ്. സേവ്യർ സാർ ഇത് സനുവിന് കൈമാറണം.
ക്ലാസ്സ് ഒന്നടങ്കം കൈയടിച്ചു.
ഗോപു പറയുന്നതു കേട്ട് സനുവിന്റെ കണ്ണിൽ ഇരുട്ടു വ്യാപിച്ചു … വീഴാതിരിക്കാൻ അവൻ മേശമേൽ പിടിച്ചു. ആർക്കും ഒന്നും മനസ്സിലായില്ല ….
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
നല്ല മനസ്സുള്ള നല്ല കൂട്ടുകാരൻ്റ കഥ. ഈകഥ എല്ലാവർക്കും ഇഷ്ടമായിട്ടുണ്ടാവും ഇല്ലേ?
ഇനി ഒരു കൊച്ചുകവിതയാണ്.
എറണാകുളം ജില്ലയിലെ പുത്തൻകുരിശ് സ്വദേശിയായ രാമചന്ദ്രൻ പുറ്റുമാനൂരാണ് രചയിതാവ്. പതിനഞ്ചോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം കുട്ടികൾക്കും മുതിർന്നവർക്കുമായി ആനുകാലികങ്ങളിൽ എഴുതുന്നു. നിരവധി സാഹിത്യസാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നതിനോടൊപ്പം എറണാകുളം എഴുത്തുപുര പബ്ളിക്കേഷൻസിന്റെയും ചുമതല വഹിക്കുകയും ചെയ്യുന്നു.
ശ്രീ രാമചന്ദ്രൻ പുറ്റു മാനൂർ എഴുതിയ കവിതയാണ് താഴെ ‘
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
കുറുക്കനോടി
നീളൻ ചെവിയൻ മുയലച്ചൻ
ക്യാരറ്റുകൊതിയനാം മുയലച്ചൻ
ക്യാരറ്റുമായി വരുന്നനേരം
വേലൻകുറുക്കനും മുന്നിലെത്തി !
ക്യാരറ്റുകൊണ്ടുള്ളോരേറു കിട്ടി
വേലൻകുറുക്കനും ഓട്ടമായി,
കണ്ണിലും പൊന്നീച്ച പാറിയല്ലോ
ക്യാരറ്റുകൊട്ടയും കാലിയായി !
👾👾👾👾👾👾👾👾👾👾👾👾👾👾
മുയലും ക്യാരറ്റും കുറുക്കനും ഒരുമിച്ച കവിത രസകരമാണ്. ഇഷ്ടമായാേ ? എങ്കിൽ പാടിയാടാം മതിയാവോളം!
കഥകളും കവിതകളും രസകരമായി നിങ്ങൾക്ക് അനുഭവപ്പെട്ടില്ലേ? പുതിയ പുതിയ എഴുത്തുകാരെ പരിചയപ്പെടുവാൻ കഴിയുന്നതു തന്നെ വലിയ കാര്യമല്ലേ ?, . അണിയറയിൽ നിങ്ങൾക്കു വേണ്ടിയുള്ള രുചികരമായ വിഭവങ്ങളങ്ങനെ നിരനിരന്നിരിക്കുകയാണ്. എല്ലാം നമുക്ക് രുചിച്ചു നോക്കണം.
നമുക്ക് ഇനി അടുത്ത ആഴ്ചയിൽ കണ്ടുമുട്ടാമല്ലോ.
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം