ഡോ. സന്ധ്യാ ബാഹുലേയൻ
“ നീയെന്താ ആകെ ഒരുമാതിരി ഇരിക്കുന്നത് ?” ഡോ. സന്ധ്യ ഇമ്മാനുവേലിനോട് ചോദിച്ചു.
“ ഹേയ് ഒന്നുമില്ല മാഡം.”
“മാഡം? … അപ്പോൾ എന്തോ സീരിയസായിട്ടുണ്ടല്ലോ.”
“ അതെന്താ നീ അങ്ങനെ പറഞ്ഞത് ?”
“ സീരിയസ് കാര്യങ്ങൾ വരുമ്പോഴാണല്ലോ നീ വലിയ ഒഫീഷ്യൽ ആകുന്നത്…. മാഡം എന്നൊക്കെ വിളിക്കുന്നത്….. എന്താ കാര്യം?….. എന്താ പ്രശ്നം ? ഐ നോ ഇറ്റ് ഈസ് സംതിങ് വെരി സീരിയസ്.” അവൾ ആകുലതയോടെ ഇമ്മാനുവേലിന്റെ മുഖത്തേക്ക് നോക്കി.
“ ഒന്നുമില്ലെടീ. ആരോ പിന്തുടരുന്ന പോലൊരു ഫീലിംഗ്.”
“ ഗട്ട് ഫീലിംഗ്. നിന്റെ ഇൻട്യൂഷൻ എല്ലാം കറക്റ്റ് ആകാറുണ്ടല്ലോ. ഇപ്പോൾ എന്താണ് സംഭവിച്ചത് ?”
“കോൺട്രാക്ടർ”
“ആര്?”
“കോൺട്രാക്ടർ, അഥവാ നന്ദകിഷോർ .”
“അതാരാ ?”
“ഒരു ക്വോട്ടേഷൻ ഏജന്റാണ്. അവനെ കഴിഞ്ഞ ഡിജെയ്ക്ക് കണ്ടിരുന്നു.”
“അതിനെന്താ മുത്തൂ , ഇങ്ങനത്തെ ഒരുപാട് പേർ വരുന്നതല്ലേ?”
“അതല്ല അവൻ എന്നെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് .”
“എൻ്റെ കൂടെ കൂടി നിൻെറ എല്ലാ സമാധാനവും പോയി അല്ലേ ?”
“അങ്ങനൊന്നുമില്ല ഡാർലിങ്ങ്.” ഇമ്മാനുവൽ അവളെ ചേർത്തു പിടിച്ചു.
ഡോ. സന്ധ്യാ ബാഹുലേയൻ. മിടുമിടുക്കിയായ ഒരു മെഡിക്കൽ ശാസ്ത്രജ്ഞ. പക്ഷേ ഇപ്പോൾ ഈ ഇമ്മാനുവലിനൊപ്പം ഒളിവു ജീവിതം നയിക്കുന്നു. ആ അഞ്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ തലവന്മാർ ഇമ്മാനുവലിനെ തേടി നടക്കാനുള്ള കാരണവും ഡോക്ടർ സന്ധ്യയാണ്. അവളുടെ ഒരു കണ്ടുപിടിത്തമാണ്.
ബയോനാനോ ടെക്നോളജി . അതാണ് അവൾ ആ കണ്ടുപിടുത്തത്തിന് നൽകിയ പേര്. ലോകമെങ്ങും നാശം വിതച്ച കോവിഡ് 19 വൈറസിനു ജനിതകമാറ്റം വരുത്തി ശ്വാസകോശത്തെ ബാധിക്കുന്ന ചിലയിനം ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയും എന്ന് അവൾ കണ്ടെത്തി. ക്യാൻസർ ചികിത്സയിൽ വലിയൊരു മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന കണ്ടുപിടുത്തം. വിലയേറിയ മരുന്നുകളോ സർജറിയോ റേഡിയേഷനോ ഒന്നുമില്ലാതെതന്നെ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസർ മാറ്റിയെടുക്കാം. ഇപ്പോഴുള്ള ചികിത്സാരീതികളുടെ സൈഡ് ഇഫക്ടുകൾ ഒന്നും ഇതിന് ഉണ്ടാവുകയുമില്ല. മോഡേൺ മെഡിസിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന കണ്ടുപിടുത്തം. ഇതിന്മേലുള്ള ഗവേഷണം മുന്നോട്ടു പോയാൽ മറ്റു രോഗങ്ങൾക്കും ഇതേ രീതിയിൽ ചികിത്സകൾ ലഭ്യമായി തുടങ്ങും. മരുന്നു കമ്പനികൾ നിർമ്മിക്കുന്ന വിലകൂടിയ മരുന്നുകൾക്ക് ആവശ്യക്കാർ ഇല്ലാതെയാകും. പല കുത്തക മരുന്നു കമ്പനികളും പൂട്ടിപ്പോകും. ഈയൊരു കാരണം കൊണ്ടു തന്നെ ഡോക്ടർ സന്ധ്യാ ബാഹുലേയൻ മരുന്നു കമ്പനികളുടെ കണ്ണിലെ കരടായി മാറി.
മരുന്നു കമ്പനിക്കാർ സ്വാധീനം ചെലുത്തി ഡോക്ടർ സന്ധ്യയുടെ കണ്ടുപിടുത്തം പൂഴ്ത്തിവെപ്പിച്ചു. ഈ കണ്ടുപിടുത്തത്തിനെതിരെ ഡോക്ടർമാരുടെ ഇടയിൽ പ്രചരണം നടത്തി. ഇതുപോലുള്ള ഗവേഷണങ്ങളുമായി മുന്നോട്ടു പോയാൽ കോവിഡ് 19 പകർച്ചവ്യാധി പോലെ ധാരാളം പകർച്ചവ്യാധികൾ ലോകത്ത് ഉണ്ടാകും എന്ന് പറഞ്ഞ് അവർ ഗവൺമെന്റുകളെയും ഭയപ്പെടുത്തി.
ലോകം മുഴുവൻ തനിക്കെതിരാകുന്നു എന്ന് കണ്ട് ഡോക്ടർ സന്ധ്യാ ബാഹുലേയൻ തന്റെ ഗവേഷണങ്ങളെല്ലാം അവസാനിപ്പിച്ച് അജ്ഞാതവാസം തുടങ്ങി. ഡോക്ടർ സന്ധ്യയെ കണ്ടെത്താനും അവളുടെ കയ്യിലെ ഗവേഷണ റിപ്പോർട്ട് കൈക്കലാക്കാനും മരുന്നു കമ്പനി മുതലാളിമാർ ഇമ്മാനുവേലിനെയായിരുന്നു ചുമതലപ്പെടുത്തിയത്. ഇമ്മാനുവേൽ ഡോ. സന്ധ്യയെ കണ്ടെത്തി. പക്ഷേ പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
“ ശരിക്കും നീ ഇപ്പോൾ റിപ്പന്റ് ചെയ്യുന്നുണ്ടോ ?” അവൾ ഇമ്മാനുവേലിന്റെ മാറിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.
“ അതെന്താ നീ അങ്ങനെ ചോദിച്ചത് ?”
“അല്ല, അന്ന് അവർ പറഞ്ഞതുപോലെ എന്നെ കൊന്ന് എന്റെ കൈയിലെ ഡോക്കുമെന്റ്സ്റ്റുമായി നിനക്ക് പോകാമായിരുന്നില്ലേ ? ബാക്കിക്കാലം സുഖമായി ജീവിക്കാനുള്ള പണം അവർ ഓഫർ ചെയ്തിരുന്നല്ലോ. അതു വാങ്ങി സുഖമായി ജീവിക്കാമായിരുന്നില്ലേ ? ഇതുപോലെ ഒളിച്ചും പാത്തും പേടിച്ചുമൊന്നും കഴിയേണ്ടിയിരുന്നില്ലല്ലോ. നിൻെറ ശരീരത്തിൻ്റെ കളറും മുഖം പോലും മാറ്റേണ്ടി വന്നില്ലേ?”
“ ശെ , എന്താടീ ഇത് ? ഞാനെന്തു കൊണ്ടാണ് നിൻ്റെ കൂടെ കൂടിയതെന്ന് ഞാൻ പറഞ്ഞതല്ലേ ?”
“ എന്നാലും”
“ ഒരു എന്നാലും ഇല്ല . എന്റെ അമ്മയ്ക്കു വന്നത് ഒരാൾക്കും ഇനി വരാൻ പാടില്ല.” അത് പറഞ്ഞ് ഇമ്മാനുവൽ വിജനതയിലേക്ക് നോക്കി കുറെ നേരം ഇരുന്നു.
ഇമ്മാനുവേലിന്റെ അമ്മ ശ്വാസകോശ അർബുദം ബാധിച്ചാണ് മരിച്ചത്. ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണമായിരുന്നു. അന്ന് ഇമ്മനുവേൽ കുട്ടിയായിരുന്നു. ഇമ്മാനുവേലിന്റെ അപ്പൻ ചികിത്സയ്ക്കുള്ള പണം അന്വേഷിച്ച് ഒരുപാട് അലഞ്ഞു നടന്നത് ഇമ്മാനുവേൽ കണ്ടിരുന്നു. ഒരുപാട് അലഞ്ഞെങ്കിലും മതിയായ പണം ലഭിക്കാതെ നിസ്സഹായനായി വിഷമിച്ചിരിക്കുന്ന അച്ഛൻ്റെ മുഖം ഇപ്പോഴും ഇമ്മാനുവേലിന്റെ മനസ്സിലുണ്ട്. പണമില്ലാത്തതിനാൽ ശരിയായ ചികിത്സ കിട്ടാതെയാണ് ഇമ്മാനുവേലിന്റെ അമ്മ മരിച്ചത്. എങ്ങനെയും പണമുണ്ടാക്കണം എന്നുള്ള ചിന്ത ഇമ്മാനുവേലിന് ഉണ്ടായത് ആ സംഭവത്തിനു ശേഷമാണ്.
ഡോക്ടർ സന്ധ്യയുടെ കണ്ടുപിടുത്തം കൊണ്ട് ലക്ഷങ്ങൾ ചെലവ് വരുന്ന അർബുദ ചികിത്സ കേവലം ആയിരങ്ങൾ കൊണ്ട് നടത്താം എന്ന് മനസ്സിലാക്കിയ ഇമ്മാനുവേലിന്റെ മനസ്സ് മാറുകയായിരുന്നു. ഈ ചികിത്സാരീതി ലോകത്തിന്റെ മുമ്പിൽ എത്തിക്കും എന്ന് ഇമാനുവൽ മനസ്സിൽ ഉറപ്പിച്ചു. പിന്നീട് അതിനു വേണ്ടിയുള്ള ശ്രമങ്ങളായി. അതോടെ വൻകിട കുത്തക മരുന്നു കമ്പനികളെല്ലാം ഇമ്മാനുവേലിന് എതിരായി.
(തുടരും)