പത്തനംതിട്ട —വോട്ടിംഗ് പ്രക്രിയയിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഷിബു പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സ്ലോ റണ്‍ കാംപെയ്ന്‍ കളക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന് അനുയോജ്യരായ ഭരണാധികാരികളെ കണ്ടെത്താന്‍ പരമാവധി സമ്മതിദായകരുടെ പങ്കാളിത്തം അനിവാര്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതു വോട്ടര്‍മാര്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാനും അവബോധം പരത്താനും സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് അങ്കണത്തില്‍ നിന്ന് ഗാന്ധി സ്‌ക്വയറിലേക്ക് നടന്ന സ്ലോ റണ്ണില്‍ ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, 14 കേരള എന്‍സിസി ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ദീപക് നമ്പ്യാര്‍, ഇഎല്‍സി കോര്‍ഡിനേറ്റര്‍ പ്രഫ. വിവേക് എബ്രഹാം, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍, എന്‍സിസി, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.