ഓഗസ്റ്റ് മാസം മുതൽ ജിമെയിൽ സേവനങ്ങൾ നിർത്തലാക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി ഗൂഗിൾ രംഗത്ത്. ജിമെയിൽ സേവനം അടച്ചു പൂട്ടുന്നില്ലെന്ന് ഗൂഗിൾ എക്സ് പോസ്റ്റ് മുഖാന്തരം വ്യക്തമാക്കി. ഏതാനും മാസങ്ങൾക്കകം ജിമെയിൽ സേവനം ഗൂഗിൾ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള വ്യാജ സന്ദേശം സോഷ്യൽ മീഡിയകൾ വഴി വലിയ തോതിൽ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി ഗൂഗിൾ രംഗത്തെത്തിയത്. ഓഗസ്റ്റ് ഒന്നിന് ശേഷം ജിമെയിൽ വഴി ഇമെയിലുകൾ അയക്കാനോ, സ്വീകരിക്കാനോ കഴിയില്ലെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
ജിമെയിൽ സേവനം അവസാനിപ്പിക്കുമെന്ന വ്യാജവാർത്തകൾ പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് സംശയമുന്നയിച്ച് രംഗത്തെത്തിയത്. എക്സിലും ടിക്ടോക്കിലുമെല്ലാം ഈ പോസ്റ്റുകൾ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ജിമെയിലിന്റെ എച്ച്ഡിഎംഎൽ പതിപ്പ് ഈ വർഷം നിർത്തലാക്കിയിരുന്നു. നെറ്റ്‌വർക്ക് കുറഞ്ഞ ഇടങ്ങളിൽ ഇമെയിൽ സേവനം ലഭ്യമാക്കുന്നതിനാണ് എച്ച്ടിഎംഎൽ വേർഷൻ ഉപയോഗിച്ചിരുന്നത്. ഇവ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെയാണ് സേവനം നിർത്തലാക്കിയത്.