Saturday, November 23, 2024
Homeഅമേരിക്കനിനവുകളിലൂടെ.. (കവിത) ✍വനജപ്രഭാകരൻ

നിനവുകളിലൂടെ.. (കവിത) ✍വനജപ്രഭാകരൻ

നിദ്രയകന്നു നിൽക്കുന്ന
രാവിൻ നിശ്ശബ്ദതയിൽ
കിനാക്കൾ കൊണ്ടൊരു മാല
കോർത്തിണക്കവേ,
പാതിയടച്ചയെൻ ജാലകവാതിൽ
മെല്ലെത്തുറന്ന്,
നടവാതിലിനപ്പുറം
പെയ്തിറങ്ങിപോയ മഴ,
ഇലച്ചാർത്തുകളില-
ടയാളമിട്ട
നീർമണിമുത്തുകൾ,
ഇരുളിൽതത്തിക്കളിക്കുന്ന
തെന്നലെൻ ചൊടികളിലിറ്റിയത്,
പുസ്തകത്താളുകൾക്കു-
ള്ളിലൊളിപ്പിച്ചുവെച്ച
മയിൽപ്പീലിത്തുണ്ട് പോലെ,
ഞാനെന്റെ ഹൃദത്തിന്നറയിൽ
സൂക്ഷിച്ചു വെച്ച നിനക്ക് വേണ്ടിയോ
സഖേ…
അത് നിൻ സ്നേഹസമ്മാനമോ…
അതുകണ്ട് നാണിച്ചു മിഴിചിമ്മുന്നു
വിണ്ണിലെ താരകങ്ങളും.
അലസമായ് പറക്കുന്ന അളകങ്ങൾ
മാടിയൊതുക്കി
കാറ്റെൻ കാതിലോതിയത്
നിന്റെയനുരാഗസന്ദേശമല്ലേ….
താളലയത്തോടെ രാപ്പാടികൾ
പാടുന്ന വരികളും
നീയെനിക്കായ് രചിച്ചതല്ലേ…
കാറ്റിൽ നിന്റെ കരലാളനകളേറ്റുവാങ്ങി
ഇരുളിലേയ്ക്കുറ്റുനോക്കി
നിൽക്കുന്നയെന്റെ മുഖത്ത്
പൗർണ്ണമിയെത്തി നോക്കി
പാലൊളി വിതറുന്നതും
നിനക്കെന്റെ മുഖം
കാണാൻ വേണ്ടിയോ..
ഇനിനീയുറങ്ങുക ശാന്തമായി…
എന്നിൽ നിന്നകന്ന്
തിരികെ നിന്റെ ചാരെയെത്തുന്ന
മാരുതനിൽ നിന്നുമെന്റെ
ഗന്ധമേറ്റുവാങ്ങിക്കൊണ്ട്..
നമ്മളൊരുമിച്ച് കെട്ടിപ്പടുത്ത
സ്വപ്നവാടിയിൽ
നീയുല്ലസിക്കുക..
നീ തന്ന സ്നേഹത്തിൻ
മഞ്ചാടിമണികളെൻ കരളിൽ
കലപിലകൂട്ടുമ്പോൾ
നിന്റെയോർമ്മകളിൽ
ഞാനൊരു പട്ടം പോലെ
വാനോളം പറന്നുയർന്ന്,
ദൂരെ നിന്നും നിന്നേയും നോക്കി,
നിനക്കായ് താളത്തിൽ
താരാട്ട് പാടിക്കൊണ്ട്
പുലരുവോളം ഞാൻ
കണ്ണിമചിമ്മാതെ കൂട്ടിരിയ്ക്കാം….
എന്നെന്നും നിനക്കായ്
കാത്തിരിക്കാം.

വനജപ്രഭാകരൻ✍

RELATED ARTICLES

Most Popular

Recent Comments