Saturday, December 21, 2024
Homeയാത്രമൈസൂർ - കൂർഗ് - കേരളം യാത്രാ വിശേഷങ്ങൾ - (25) ' വല്ലാർപ്പാടത്തമ്മ '...

മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (25) ‘ വല്ലാർപ്പാടത്തമ്മ ‘ ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി 

റിറ്റ ഡൽഹി

വല്ലാർപ്പാടത്തമ്മ

കൊച്ചി‌യിലെ മറൈൻ‌ഡ്രൈവിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദ്വീപുകളിൽ ഒന്നാണ് വല്ലാർപാടം ദ്വീപ്. ഈ ദ്വീ‌പിലെ ഏറ്റവും വലിയ ആകർഷണം തല ഉയ‌ർത്തി നിൽക്കുന്ന അവിടുത്തെ ക്രിസ്ത്യൻ ദേവാ‌ലയമാണ്.

കായലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പള്ളി,കൊച്ചി നഗ‌രത്തിൽ ‌നിന്ന് 4 കിലോമീറ്റർ അകലെയാണ്.കൊച്ചിയുടെ പ്രസിദ്ധമായ ഗോശ്രീ പാലങ്ങൾ കടന്ന് ദേവാലയത്തിലേക്കുള്ള ഡ്രൈവ് വളരെ മനോഹരമാണ് .

വല്ലാർപാടം പള്ളി എന്ന് അറിയപ്പെടുന്ന ഈ പള്ളി പരിശുദ്ധ കന്യാമറിയത്തി‌ന്റെ നാമത്തിലുള്ള പള്ളിയാണ്. വിമോച‌ന നാഥയായിട്ടാണ് കന്യാമറിയത്തെ ഈ പള്ളിയിൽ വണങ്ങുന്നത്.  അങ്ങോട്ടേക്കുള്ള‘ ഡ്രൈവ്’ നേക്കാൾ മനോഹരമാണ് ദേവാലയത്തിൻ്റെ ചരിത്രത്തെ കുറിച്ചുള്ള കേട്ടറിവുകൾ.

വല്ലാർപാടം പള്ളിയുടെ പ്രധാന അൾത്താരയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കന്യാമറിയത്തിൻ്റെയും ശിശുവായ യേശുവിൻ്റെയും ചിത്രം 1524-ൽ വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് വ്യാപാരികൾ കൊണ്ടുവന്നതാണ് ‘പിന്നീട് .1676ലെ വെള്ളപ്പൊക്കത്തിൽ ഈ പള്ളിതകർന്ന് പോകുകയായിരുന്നു. പള്ളിയുടെ അൾത്താരയിൽ സ്ഥാപിച്ചിരു‌ന്ന വിമോചന നാഥയുടെ ചിത്രം വെള്ളത്തിൽ ഒഴുകിപ്പോയി.കായലിൽ നിന്ന് ഈ ചിത്രം വീണ്ടെടുത്ത് ‌പുതിയ പള്ളി നിർമ്മിക്കാനുള്ള സ്ഥലം ‌നൽകിയത് അന്നത്തെ ‌ദിവാൻ ആയിരുന്ന പാ‌ലിയ‌ത്തച്ചനായിരുന്നു.

വല്ലാര്‍പാടത്തമ്മയുടെ മുമ്പില്‍ രണ്ടു കെടാവിളക്കുകള്‍ സ്ഥാപിക്കുകയും അതില്‍ ഒന്നിന്‍റെ എണ്ണചിലവ് പാലിയത്തച്ചന്‍ കൊടുക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. ആ സ്ഥലത്തുതന്നെയാണ് ഇന്നത്തെ പള്ളിയും സ്ഥിതി ചെയ്യുന്നതത്രേ!

രസകരമായ മറ്റൊരു കഥയും പള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ആളുകൾ അതിനെ ഒരു അത്ഭുതം എന്നാണ്  പറയുന്നത്.

1752 മെയ് മാസത്തിൽ മീനാക്ഷി എന്ന നായർ യുവതി തൻ്റെ ഒരു വയസ്സുള്ള മകനോടൊപ്പം മട്ടാഞ്ചേരിയിലേക്ക് കപ്പലിൽ യാത്ര ചെയ്യുന്നതിനിടെ  ശക്തമായ കൊടുങ്കാറ്റിനാൽ അവരുടെ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടെങ്കിലും യുവതിയെയോ കുട്ടിയെയോ രക്ഷിക്കാനായില്ല.മുങ്ങിമരണത്തിൻ്റെ വക്കിലെത്തിയപ്പോൾ, ആ അമ്മ പ്രാർത്ഥിച്ചത്,രക്ഷിക്കപ്പെട്ടാൽ താനും മകനും വല്ലാർപാടത്തമ്മയുടെ അടിമകളായി തുടരാമെന്നാണ്.മൂന്ന് ദിവസത്തിന് ശേഷമാണ് മീനാക്ഷി അമ്മയെയും മകനെയും രക്ഷപ്പെടുത്തിയത്. സംഭവത്തിനുശേഷം, അമ്മയും മകനും മദർ മേരിയുടെ അടിയുറച്ച ഭക്തരായിത്തീരുകയും ക്രിസ്ത്യാനികളായി സ്നാനം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പള്ളിയുടെ സമീപത്ത് ഒരു ചെറിയ വീട്ടില്‍ താമസിച്ച് ഭജനയിരുന്ന് പ്രാര്‍ത്ഥിക്കുകയും, ബാക്കിയുള്ള സമയം പള്ളിമുറ്റം അടിക്കുക, പള്ളി പരിസരം വൃത്തിയാക്കുക, തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ട് പുണ്യജീവിതം നയിക്കുകയും ചെയ്തു.

മദർ മേരിയുടെ പ്രതിമകൾക്ക് ചുറ്റും ചൂലെടുത്ത് വഴിപാട് നടത്തുന്നതാണ് ഇവിടുത്തെ സവിശേഷമായ നേർച്ച.

ക്രിസ്തീയ ദേവാലയങ്ങൾ പൊതുവെ പല പുണ്യാളന്മാരുടെ  അത്ഭുത പ്രവൃത്തികളിലാണ്  പ്രസിദ്ധി നേടാറുള്ളത് അതിനു പകരമായി ഇവിടുത്തെ ചരിത്രവും അത്ഭുത കഥയും എന്നിലെ വിശ്വാസം കൂട്ടിയോ, മാലാഖയുടെ കൈയ്യിലുള്ള പാത്രത്തിലേക്ക് കൈകാണിച്ചതും വെള്ളം ഒഴുകി വരുന്നു…… ഒരു നിമിഷം അന്തം വിട്ടു പോയ ഞാൻ,  മീനാക്ഷിയമ്മയേ പോലെഎനിക്കും വല്ല അത്ഭുതം !

അത്തരം മണ്ടത്തരങ്ങൾ മനുഷ്യർക്ക് പറ്റിയാലും വല്ലാർപാടത്തമ്മക്ക് പറ്റില്ല എന്ന് കാണിച്ചു തരുന്നതുപോലെയായിരുന്നു ആ പൈപ്പ് .അടുത്തുള്ള കിണറിൽ നിന്ന് പൈപ്പ് വഴി വെള്ളം വരാൻ കണക്ട ചെയ്തിട്ടുണ്ട്. പൈപ്പ് അടച്ചാലും കുറച്ചു നേരം കൂടെ വെള്ളം വരുമത്രേ! പരിശുദ്ധ വല്ലാർ അമ്മയുടെ അത്ഭുതങ്ങൾ ജലത്തോട് ബന്ധപ്പെട്ടിരിക്കുകയാണല്ലോ,കട‌ലിൽ പോകുന്ന മത്സ്യബന്ധന തൊഴിലാളികളെ മാതാവ് സംരക്ഷിക്കുന്നുവെന്ന ഒരു വിശ്വാസം തദ്ദേശവാസികളുടെ ഇടയിലുണ്ട്. പുതിയ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും വാങ്ങിയാൽ ഇവിടെ കൊണ്ട് വന്ന് ആശി‌ർവദിച്ചതിന് ശേഷമേ അവർ കടലിൽ ഇറക്കാറുള്ളുവത്രേ!

പള്ളി അങ്കണത്തിൽ പലതരം ലൗ ബേർഡ്സിൻ്റെയും മറ്റു പലതരം കാണാൻ സുന്ദരമായ പക്ഷികളുടെയും കൂടുകളുമുണ്ട്.  ദേവാലയത്തിൻ്റെ ഏറ്റവും മുകളിൽ കയറാൻ പറ്റുന്നതാണ്. അവിടെ നിന്നുള്ള  കൊച്ചിയുടെ ആകാശക്കാഴ്ച   അതിമനോഹരം!

 ഈ പള്ളിക്ക് കേന്ദ്ര സർക്കാർ ദേശീയ തീർത്ഥാടന കേന്ദ്രമെന്നും കേരള സർക്കാർ വിനോദ സഞ്ചാര കേന്ദ്രമെന്നുമുള്ള പദവികൾ നൽകി. രണ്ടിനും അനുയോജ്യമായ സ്ഥലം .

മനോഹരമായ ഒരു ‘ ഡ്രൈവ് എന്ന രീതിയിലുള്ള സന്ദർശനമായിരുന്നു ഇവിടെ . ജീവിതത്തിൽ ദൈവം കാത്തു വെച്ച മഹാത്ഭുതങ്ങൾ എന്ന് പറയുന്നതുപോലെയായി അവിടുത്തെ ചരിത്രവും അത്ഭുത കഥകളും!

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments