എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമയാണ് , എനിക്ക് ‘മണിച്ചിത്രത്താഴ്’, അതിൻ്റെ ഷൂട്ടിംഗ് നടന്നത് ഹിൽ പാലസിലാണെന്നറിഞ്ഞതു മുതൽ ആ പാലസ് കാണാനൊരു ആഗ്രഹം.എന്നാൽ പിന്നെ ….
സിനിമയിലെ ആദ്യ സീനായ മാടമ്പി തറവാടിലെ ഇന്നസെൻ്റിൻ്റെ ‘ രാഘവോ എന്ന വിളിയും കുട തൂക്കിയിടുന്ന ആ നർത്തകിയുടെ പ്രതിമയെല്ലാം കണ്ടപ്പോൾ, …… അയ്യോ! ഇതല്ലേ …’
‘ ഇങ്ങനെ സിനിമാ വിശേഷങ്ങളും പാട്ടു കേൾക്കലുമായിട്ട് നടന്നോ….. ഒന്നും പഠിക്കണ്ട’ എൻ്റെ പഠനക്കാലത്ത് അമ്മ പറയുന്ന സ്ഥിരം ഡയലോഗാണിത്. ഒരു പക്ഷെ ആ കൊട്ടാരത്തിനും അതൊക്കെ തന്നെയാണ് എന്നോട് പറയാനുള്ളത് എന്നു തോന്നുന്നു. തലയെടുപ്പോടെ നിൽക്കുന്ന ഈ കൊട്ടാരം കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണ്. കൊച്ചി രാജ്യത്തിൻ്റെ ചരിത്രവും സംസ്കാരവും വായിച്ചു മനസ്സിലാക്കാനായി ഫോട്ടോകളടക്കം വിവരിച്ചുകൊണ്ടുള്ള ബോർഡുകളാണ് ഓരോ അകത്തളങ്ങളിലും.
സിനിമാ ഷൂട്ടിംഗിനെ പറ്റിയൊന്നും ഒരിടവും പരാമർശിച്ചിട്ടേയില്ല. ചെറിയൊരു ഫീസ് ഈടാക്കിയാണ് അകത്തോട്ടുള്ള പ്രവേശനം. അതിനായി ധാരാളം വിനോദസഞ്ചാരികൾ ടിക്കറ്റ് വാങ്ങിക്കാനായി ക്യൂ നിൽപ്പുണ്ട്. കുന്നിൽ മുകളിലുള്ള പാലസ്സിൻ്റെ അവിടെ വരെ വാഹനം പോകാം എന്നു കേട്ടപ്പോൾ ഒരു സമാധാനം. ക്യാമറയുണ്ടോ എങ്കിൽ ടിക്കറ്റെടുക്കണം ഫോണിൽ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ അതിനും ഒരു ചാർജ്ജ് ഈടാക്കുന്നുണ്ട്. എല്ലാം വ്യക്തമായും നമ്മുടെ സൗകര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുള്ള ‘വെൽക്കം’ ആയി തോന്നി.
കൊച്ചിയിലെ മഹാരാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്ന ഇത് 1865-ൽ ശ്രീരാമവർമ്മ ഒമ്പതാമൻ പണികഴിപ്പിച്ചതാണ്. ഒരു ബ്രിട്ടീഷ് വാസ്തുശില്പിയാണ് ഈ കൊട്ടാരം രൂപകൽപന ചെയ്തത്.പരമ്പരാഗത കേരളീയ വാസ്തുവിദ്യാ ശൈലിയിൽ യൂറോപ്യൻ ഘടകങ്ങളുടെ സമന്വയത്തോടെയാണ് ഇത് നിർമ്മിച്ചത്. കൊട്ടാര സമുച്ചയത്തിൽ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലുള്ള കെട്ടിടങ്ങളാണ്. 52 ഏക്കർ ഭൂമിയാൽ ചുറ്റപ്പെട്ട ഇവിടെ പച്ച പുൽത്തകിടികൾ, പൂക്കൾ ജലധാരകൾ, കുളങ്ങൾ എന്നിവയെല്ലാമുണ്ട്.
ചരിത്ര പ്രാധാന്യമുള്ള പുരാവസ്തുക്കൾ കൊച്ചിയിലെ രാജകുടുംബത്തിൻ്റെ സംഭാവനയാണ്. ക്യാബിനറ്റ് ഗ്യാലറി, ജൂവലറി ഗ്യാലറി, ശില്പശാല …..വ്യത്യസ്ത ഗ്യാലറികൾ ആയിട്ടാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. അതിൽ ക്യാബിനറ്റ് ഗാലറിയിൽ രാജകീയ സിംഹാസനവും കസേരകളും പ്രദർശിപ്പിക്കുന്നു.
കൊച്ചി മഹാരാജാവിൻ്റെ രാജ സിംഹാസനം കരിവീട്ടിയിലാണ് പണിതത്, 1500 ബ്രിട്ടീഷ് വെള്ളി രൂപ തൂക്കം വരുന്ന വെള്ളി കൊണ്ട് കെട്ടിയത്. രാജ ചിഹ്നവും കൈത്താങ്ങുകളും വെള്ളി കൊണ്ടു നിർമ്മിച്ചതാണ്.
‘ ഒരു മുറൈ വന്ത് പാറായോ
വാസലൈ നാടി വാരായോ …
ഇവിടെയല്ലേ നാഗവല്ലി ആടി തിമിർത്ത ഇടം എന്നാണ് അപ്പോൾ എൻ്റെ മനസ്സിൽ തോന്നിയത്.
വുഡ് കൊത്തുപണികളുടെ ഗാലറിയിലാണെങ്കിൽ 14-ആം നൂറ്റാണ്ടിലെ വിവിധതരം കൊത്തുപണികൾ, അതുല്യമായ ആനക്കൊമ്പുകളും തടി ശിൽപങ്ങളും ഉൾപ്പെടുന്നു. അതുപോലെ ഈട്ടിത്തടിയിൽ കടഞ്ഞെടുത്തള്ള ഗജവീരൻ്റെ അർദ്ധഭാഗത്തിൽ യഥാർത്ഥ ആനക്കൊമ്പു കൂടിയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.ആ ശില്പിയുടെ കരവിരുത് അപാരം.
എന്തോ സിനിമകളിലൊന്നും അത് കണ്ടതായി ഓർക്കുന്നില്ല. ജ്വല്ലറി ഗാലറി, എത്തിയപ്പോഴേക്കും രണ്ടു – മൂന്നു പോലീസുകാർ അതിന് കാവലുണ്ട്. പോർച്ചുഗീസുകാർ നൽകിയ രത്നങ്ങൾ പതിച്ച സ്വർണക്കിരീടവും മറ്റു വിലയേറിയ കല്ലുകൾ പതിപ്പിച്ച സ്വർണ്ണാഭരണങ്ങളുമാണവിടെ.സ്വർണ്
കൊച്ചി എന്ന പേരിന് പിന്നിലുള്ള അഭ്യൂഹങ്ങളും ഉണ്ട്. കൊച്ച് ആഴി ആണ് കൊച്ചി ആയത്.ഗോശ്രീ എന്ന സംസ്കൃത പദമാണ് പിന്നീട് കൊച്ചി ആയത്. കായലും കടലും തമ്മിൽ ബന്ധിപ്പിക്കുന്ന നദിയുടെ പേരാണ് കൊച്ചിക്ക് നൽകിയിരിക്കുന്നത് എന്നാണ് ഇറ്റാലിയൻ യാത്രികർ രേഖപ്പെടുത്തിയിരിക്കുന്നത്.നൂ
കൊട്ടാരത്തിൻ്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന ചുവന്ന ടൈലുകൾ, മരത്തടികൾ, കളിമണ്ണ് ടൈലുകൾ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത മാർബിളുകൾ എല്ലാം സിനിമയുടെ പല സീനുകളിലും കാണുന്നതാണ് പുരാവസ്തു ശേഖരങ്ങൾ കൂടാതെ കൊട്ടാര മതിലിനകത്തെ കുളങ്ങളും കുട്ടികൾക്കുള്ള കളി സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട് .
കുറെക്കാലമായി മനസ്സിൽ സ്ഥാനം പിടിച്ചിരുന്ന ഗംഗയും നകുലനും അല്ലിയും സണ്ണിയും ശ്രീദേവിയും … —– എല്ലാവരുമുള്ള അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ,തെക്കിനിയിലെ ആ തമിഴത്തി കൂടെ കൂടിയോ എന്നൊരു സംശയം.
ഇല്ലായിരിക്കും അല്ലേ!
Thanks