പ്രതികരണശേഷിയും വിരോധാഭാസങ്ങളും
പ്രതികരണശേഷി എന്നത് എന്തിനോടുമുള്ള മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ സംവേദനങ്ങളാണ്. രക്ഷയും, ശിക്ഷയും ജീവിതവും, ജീവനും,ആരോഗ്യവും മരണവും ഒക്കെ ഇതിന്റെ പിന്നാലെ കൂടും.അതിലും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും എന്നു മാത്രം!
ദൈനംദിന ജീവിതത്തിൽ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾക്ക് നാം സദാ പ്രതികരിക്കുന്നു. പ്രകൃതിയോട്, കാലാവസ്ഥയോട് പരിസ്ഥിതിയോട്, ചുറ്റുമുള്ള മനുഷ്യരോട് , ബന്ധുക്കളോട്, സമൂഹത്തോട്… അങ്ങിനെയങ്ങിനെ…
പ്രതികരിക്കുക എന്നുള്ളതിൽ നമ്മുടെ സ്വാതന്ത്ര്യവും, നീതിയും ന്യായവും, ഇഷ്ടവും, അനിഷ്ടവും ഉൾപ്പെടെ ബാഹ്യവും ആന്തരികവുമായ എല്ലാ വികാരവിചാരവിക്ഷോപങ്ങളും അടങ്ങിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രതികരണം നമ്മുടെയൊക്കെ നിത്യജീവിതത്തിൽ അഭിവാജ്യവും അനിവാര്യവുമായ ഒരു സുപ്രധാന ഘടകമാണ്. പ്രതികരണങ്ങൾ ഇല്ല എന്നുണ്ടെങ്കിൽ നമ്മളിൽ ജീവനുണ്ടോ? നമ്മൾ മനുഷ്യരാണോ?.. നമ്മൾ ഊർജ്ജസ്വലരാണോ? നമ്മുടെ സിരകളിൽ ചോര ഒഴുകുന്നുണ്ടോ! ചിന്തിക്കുക.
മറ്റൊരു പ്രധാന കാര്യം നമ്മളിലെ ഈ പ്രതികരണശേഷി എന്നത് വിഷയങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും പ്രായത്തെയും പണത്തെയും അധികാരത്തെയും പദവിയെയും ഒക്കെ അനുസരിച്ച് പലപ്പോഴും ക്രമീകരണങ്ങൾക്ക് വിധേയമാണ് എന്നുള്ളതാണ് . ഇവിടെ ഉൾപ്രതികരണങ്ങൾ പൂർണ്ണമായും പുറത്തേക്ക് ബഹിർഗമിക്കുന്നില്ല. വ്യക്തിഗതമായ മാറ്റങ്ങൾക്ക് വിധേയമായി അത് ബാഹ്യമായ ഒരു മൂടുപടത്തിൽ അന്തർലീനമാണ്. താൽക്കാലിക ശമനമുണ്ടാക്കുന്ന മനുഷ്യരുടെ ഒരു ദുരവസ്ഥയായി ഇതിനെ കണക്കാക്കാം.
ചില നേട്ടങ്ങൾക്ക് പിന്നിൽ സാമൂഹിക ജീവിയായ മനുഷ്യരുടെ ശക്തമായ പ്രതികരണങ്ങളുടെ മൂല്യമുണ്ട്.പല പല കോട്ടങ്ങൾക്ക് പിന്നിലും പ്രതികരണശേഷി നഷ്ടമായ ഒരു കൂട്ടം ജനതയുടെ നേർക്കാഴ്ചയും നേർ ചിത്രങ്ങളുമുണ്ട് .
എന്തിനോടും നമുക്ക് പ്രതികരിക്കാം… പക്ഷെ.. അതെങ്ങനെ വേണം ? എപ്പോൾ വേണം?ഏതു രീതിയിൽ ആകണം? എത്ര കരുത്തുറ്റതായിരിക്കണം ?
നേർക്കുനേർ നിന്ന് തന്നെ വേണോ? എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ
അവരവരുടെ സന്ദർഭോചിതമായ യുക്തിക്കും , ബുദ്ധിക്കും ചിന്തകൾക്കും അനുസരിച്ച് തീരുമാനിക്കാം. അതിന്റെ ഭവിഷ്യത്തുകൾ അവർക്ക്
തന്നെ അനുഭവിക്കാം. അപ്പോൾ പ്രതികരണം വ്യക്തി നിഷ്ഠമായ ഒരു കാര്യമാണെന്നത് സ്പഷ്ടം.
പ്രതികരിക്കാം…കടുകോളം, കുന്നോളം,മലയോളം, ആകാശത്തോളം.. സമുദ്രത്തോളം .. അങ്ങനെ നീണ്ടുനിവർന്നു നിന്ന്.. നിന്നിലെ ചോര വറ്റുവോളം… ധീരതയോടെ മരിക്കുവോളം.
മുളക്കട്ടെ ഇവിടെ പുത്തൻ പുതു നാമ്പുകൾ.
അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം നന്ദി, സ്നേഹം.