Monday, December 9, 2024
Homeപുസ്തകങ്ങൾപ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഉറൂബും അദ്ദേഹത്തി ന്റെ രാച്ചിയമ്മ എന്ന കഥയുടേയും ദാർശനീകത.

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഉറൂബും അദ്ദേഹത്തി ന്റെ രാച്ചിയമ്മ എന്ന കഥയുടേയും ദാർശനീകത.

ശ്യാമള ഹരിദാസ് .

മലയാള ചെറുകഥാ സാഹിത്യത്തിൽ ഉറൂബിന്റെ ” രാച്ചിയമ്മ “എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്.
ഏറെ ചർച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നിൽക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകർത്തിവെയ്ക്കുന്നതുകൊണ്ടു മാത്രമല്ല ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടേയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടേയുമുള്ള അപൂർവ്വമായ അന്വേഷണങ്ങൾകൊണ്ട്കൂടിയാണ് ഈ സമാഹാരത്തിലെ കഥകളോരൊന്നും. പക്ഷെ ഞാൻ ഇവിടെ രാച്ചിയമ്മ എന്ന കഥയെ മാത്രം എടുത്ത് അവതരിപ്പിക്കയാണ്. ഈ കഥ 1969ൽ എഴുതിയതാണ്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉൽകൃഷ്ടവും ഉദാത്തവും കഥാമൂല്യ
വും നിറഞ്ഞ പത്തുകഥ കളിൽ ഒന്നായി രാച്ചിയമ്മയെ വിലയിരുത്തിയിട്ടുണ്ട്.
ഈ കഥ ദൂരദർശനിലും ടെലിഫിലിമുമായും അവതരിപ്പിച്ചിട്ടുണ്ട്. അസിഫ് അലി, പാർവ്വതി തിരുവോത്ത്. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് സംവിധായകനായ വേണു 2021ൽ ഈ കഥ വെള്ളിത്തിരയിലേയ്ക്ക് എത്തിക്കുന്നുണ്ട്. സുന്ദരിമാരും സുന്ദരന്മാരും എന്ന കൃതി സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. പ്രസിഡണ്ടിന്റെ വെള്ളി മെഡൽ നേടിയ ആദ്യത്തെ മലയാള ചിത്രമായ നീലക്കുയി ലിന് കഥയും സംഭാഷണവും രചിച്ചു.
മലയാള സാഹിത്യലോകത്ത്‌ ഇന്നും പുതുമയോടെ നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ കൃതികൾ.

കഥാതന്തു :-

രാച്ചിയമ്മ എന്ന കഥ ആരംഭിക്കുന്നത് തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടാണ്.

പതിനൊന്നു വർഷത്തിനു ശേഷം രാച്ചിയമ്മയെ കണ്ടപ്പോൾ അവളിൽ പ്രത്യക്ഷപ്പെട്ട മാറ്റത്തിലല്ല അത്ഭുതം. അവൾക്ക് മാറ്റങ്ങൾ വന്നിരിക്കാമെന്ന് അതേവരെ ഓർക്കാതിരുന്നത്തിലാണ്.

പാൽക്കാരിയായ മലയാളിയുടെ വേരുകൾ ഉള്ള കറുത്തിരുണ്ട കന്നഡ ക്കാരിയായ മൈസൂർ സ്വദേശി രാച്ചിയമ്മയാണ് ഈ കഥയിലെ പ്രമേയം.

ഈ കഥയിൽ കഥാനായകന് പേര് വെച്ചിട്ടില്ല. ഞാൻ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്.

നീലഗിരിയിൽ നിന്നും പോന്ന ശേഷം കഥാനായകൻ പലപ്പോഴും രാച്ചിയമ്മയെ ഓർത്തിട്ടുണ്ട്. ഈ കഥയിൽ പറഞ്ഞിരിക്കുന്ന ഞാൻ എന്നത് കുട്ടികൃഷ്ണൻ നായർ തന്നെ ആണെന്നാണ് എന്റെ നിഗമനം. അത് തെറ്റാണെങ്കിൽ വായനക്കാർ എന്നോട് ക്ഷമിക്കുക.

നീലഗിരിയിൽ നിന്നും പോന്നശേഷം കഥാനായകൻ പലപ്പോഴും രാച്ചിയമ്മയെ ഓർത്തിട്ടുണ്ട്.കരിങ്കൽ പ്രതിമ പോലെയുള്ള ആ ശരീരവും ചങ്കൂറ്റവും
മനസ്സിൽ നിന്നും ഒരിക്കലും മായുമെന്ന് വിചാരിച്ചില്ല. പക്ഷെ കാലമെന്ന ആ വലിയ തമാശക്കിടയിൽ എല്ലാം മാഞ്ഞു മാഞ്ഞു പോകുന്നു. എന്നാലും വല്ലപ്പോഴുമൊക്കെ ഓർക്കാതിരുന്നിട്ടുമില്ല.

ഇരുട്ടത്ത് കയ്യും വീശി കുതിച്ചു നടന്നു വരുന്ന രാച്ചിയമ്മയെ കണ്ടറിയുകവയ്യ. കേട്ടറിയാം. കൈകളിലെ അയ ഞ്ഞ വെള്ളി വളകൾ പൊട്ടിച്ചിരിക്കും.

ഇളം നീലവർണ്ണമായ ആകാശത്തിനു ചുവട്ടിൽ അലംഭാവത്തോടെ കിടക്കുന്ന പച്ചക്കുന്നുകളുടെ കരുത്തും കമനീയതയും രാച്ചിയമ്മ എപ്പോഴും ഓർമ്മപ്പെടുത്തി. ആ രാച്ചിയമ്മയാണോ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് എന്നു നായകൻ ചിന്തിക്കുന്നു.

ഇവിടെ നായകൻ പറയുന്നത് ഒരിക്കൽ കൂടി രാച്ചിയമ്മയെ ഊന്നിനോക്കി. കറുത്ത നീണ്ട വിരൽത്തുമ്പുകളിലെ അമ്പിളിത്തുണ്ടുകൾക്ക് ഇന്നും തിളക്കവും ശുചിത്വവുമുണ്ട്. മൂക്കും കണ്ണുകളും അതുപോലെ തന്നെ. ടോർച്ചടിക്കുന്നപോലെയുള്ള ചിരിക്കും വ്യത്യാസമില്ല. ടോർച്ചിലെ ബാറ്ററിക്ക് സ്വല്പം ശക്തിക്ഷയം പെട്ടിട്ടുണ്ടെന്നു തോന്നി. എങ്കിലും രാച്ചിയമ്മയുടെ തലയിൽ ഒന്നുരണ്ടു വെള്ളി വരകൾ അയാളിൽ അല്പം അസ്വാസ്ഥ്യമുണ്ടാക്കു ന്നു. വേണ്ടാത്തിടത്താ
ണ് വന്നു കയറിയത്.

ജോലിയുടെ ഭാഗമായി ചുരങ്ങളിൽ താമസിക്കുമ്പോഴാണ് അയാൾ രാച്ചിയമ്മയെ ആദ്യമായി പരിചയപ്പെട്ടത്. അവൾ ആരായിരുന്നു എന്നതൊന്നും ആദ്യമൊന്നും അയാൾക്ക് പ്രസക്തമായിരുന്നില്ല. കാരണം അന്നൊക്കെ അവൾ ആയാൾക്ക് വെറുമൊരു പാൽക്കാരിമാത്രമായിരുന്നു. കർണ്ണാഡകക്കാരിയായ അവളുടെ സ്വദേശം മൈസൂർ ആയിരുന്നു. അവളുടെ അമ്മ ഏതോ മലയാളിയുടെ കൂടെ ഒളിച്ചോടി ഈ നാട്ടിൽ എത്തിയതാണ്.

എല്ലാവർക്കും ഉപകാരി ആണെങ്കിലും ഒരു കർക്കശക്കാരി. ഒരാണും പെണ്ണും തമ്മിലുള്ള ബന്ധത്തിനു പകരം മനുഷ്യനും മനുഷ്യനും തമ്മിലുള്ള സൗഹൃദമാണ് നമുക്ക് ഈ കഥയിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്. രാച്ചിയമ്മ യുമായുള്ള സൗഹൃദത്തിൽ അവരുടെ ജീവിതത്തിനുള്ളിലേയ്ക്ക് കടന്നു ചെല്ലുന്നതിനു നായകന് കഴിയുന്നെയില്ല. ഈ കഥയിൽ പ്രണയവും കാമവും വാത്സല്യവും എല്ലാം ഇഴച്ചേർന്നു കിടക്കുന്നതു കാണാം.

രാച്ചിയമ്മ എന്ന പാൽക്കാരിയായ തന്റെടി പെണ്ണ് നായകന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അവർക്കിടയിൽ ലോല വികാരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

വർഷങ്ങൾക്ക് മുൻപ് ഒരു സന്ധ്യയിൽ മുളകൾക്കും മനസ്സിനും ആണ്ടു പൊട്ടുന്ന കാലം മനസ്സ് അസ്വസ്ഥമായതുകൊണ്ട് എന്തെന്നില്ലാതെ തെണ്ടിനടന്നു. ഒടുവിൽ ആണ്ട് പൊട്ടിച്ചുതിന്ന് ചെവിയും തുമ്പിയും ആട്ടി കൊണ്ടുനിന്ന ആനയുടെ മുമ്പിൽ ആ കട്ടപ്പിടിച്ച ഇരുട്ടിൽ കയറിപ്പോയേനെ. അപ്പോഴേക്കും കൈത്തണ്ടയിൽ പിടിച്ച് വലിച്ച് രാച്ചിയമ്മ രക്ഷിച്ചു.

പിന്നീടൊരിക്കൽ വസൂരി രോഗം വന്ന് സുഖമില്ലാതെ കിടന്ന അയാളെ യാതൊരു മടിയും പേടിയുമില്ലാതെ ശുശ്രൂഷിച്ചു. അങ്ങിനെ അവൾ അയാളുടെ മനസ്സിലേക്ക് കടന്നു വരുന്നു.

ഒരുദിവസം അവർ മനസ്സു തുറന്നു സംസാരിക്കുമ്പോൾ അവൾ മരിച്ചുപോയ ആങ്ങളയുടെ മുഖം അയാളിൽ തേടുമ്പോൾ അയാൾ അവളിൽ ഒരു പെണ്ണുടൽ ആയിരുന്നു. അവളുടെ കൈപിടിച്ച അയാളോട് അവൾ പറയുന്നു. അവളുടെ അമ്മ മരിക്കുമ്പോൾ പറഞ്ഞ വാക്കാണ് കാവിൽ പോയി മഞ്ഞ പ്രസാദം തൊട്ട് സത്യം ചെയ്യണം അവൾ വഴിപിഴക്കില്ലെന്ന്. തേങ്ങിക്കരഞ്ഞു കൊണ്ടവൾ ഇതയാളോട് പറയുന്നു.

അവൾ പറയുന്നു നിങ്ങൾ ആവശ്യപ്പെട്ടത് എന്തും ഞാൻ നൽകാം അതു കഴിഞ്ഞു ഞാൻ ജീവിച്ചിരിക്കില്ല എന്ന്. രാച്ചിയമ്മ അയാളുടെ കൈ കടന്നു പിടിച്ചു. അയാൾക്ക് ആ കൈ തട്ടിനീക്കാനോ, പിടിച്ചണക്കാനോ കഴിഞ്ഞില്ല. പെങ്ങളെ എന്ന് സത്യസന്ധമായി വിളിക്കാനും കഴിഞ്ഞില്ല. വേദന മാത്രം മനസ്സിൽ തങ്ങി നിന്നു.

അയാൾ അവളോട്‌ മാപ്പു പറയുന്ന സന്ദർഭം കഥയിലെ ഏറ്റവും മനോഹരമായ മുഹൂർത്തംതന്നെയാണ്. വായനക്കാരെ മനുഷ്യബന്ധങ്ങളുടെ തീഷ്ണമായ വികാര തീവ്രങ്ങൾക്കപ്പുറത്തുനിന്നും തിരമാലകൾ തലോടുന്ന സ്നേഹത്തിന്റെ തീരത്തേയ്ക്ക് നയിക്കുന്നു. എഴുത്തിന്റെ പൂർണ്ണതകൾ വെളിവാക്കപ്പെടുന്ന ഈ സന്ദർഭം വളരെ മനോഹരമായിട്ടുണ്ട്.

രാച്ചിയമ്മ നീ ആരാണ്?
അനാഥയായ ദൈവം മാത്രം കൂട്ടിനുള്ള നീ യഥാർത്ഥത്തിൽ ആരാണ്? കഥ വീണ്ടും വർത്തമാന കാലത്തിലേക്ക് വരുമ്പോൾ രാച്ചിയമ്മയും നായകനുമായുള്ള ബന്ധം കൂടുതൽ ദൃഢം ആകുകയാണ്.

കാലം കുറച്ചു കടന്നുപോയി വീണ്ടും അവർ തമ്മിൽ കാണുന്നു. അയാളുടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്ന അവൾ അവളുടെ ബാങ്കിലുള്ള പണത്തിന്റെ അവകാശിയായി അയാളുടെ മകൾ വിജയലക്ഷ്മിയെയാണ് കൊടുത്തിരിക്കുന്നത് എന്നും മൂന്നു കല്യാണാലോചനകൾ വന്നതും അതു വേണ്ടെന്ന് വെച്ചകാര്യവും അയാളോട് പറയുകയും ചെയ്യുന്നു. അവൾ പഴയ ചുമരിൽ തൂക്കിയിട്ടിയിരിക്കുന്ന അയാളുടെ പഴയ ഫോട്ടോ ചൂണ്ടികാണിക്കുന്നു.

നമ്മളെ മറന്നോ എന്ന് ചോദിക്കുന്ന രാച്ചിയമ്മയോട് അയാൾ ചോദിക്കുന്നു നീ മഞ്ഞപ്രസാദം തൊട്ട് സത്യം ചെയ്തതല്ലേ? അപ്പോൾ രാച്ചിയമ്മ പറയുന്നു മഞ്ഞക്കുറി തുടച്ചു കളഞ്ഞു. ഇപ്പോൾ നെറ്റിയിൽ ചന്ദനക്കുറിയാണല്ലോ?.
പിന്നീട് അവൾ പറയുന്നു നമ്മൾ മനുഷ്യരല്ലേ, മണ്ണുകൊണ്ട് ഉണ്ടാക്കിയതല്ലേ?. അന്നവർ ഒന്നിച്ചു കഴിയുന്നു. പിറ്റേന്ന് അയാൾ നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയൊക്കെയോ വേദനയുടെ മഞ്ഞുതുള്ളികൾ ഉറയുന്ന സുഖം ഇല്ല. നായകൻ അവിടം വിട്ടു പോകുമ്പോൾ രാച്ചിയമ്മ ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നും പോകുന്നില്ല. നമ്മുടെ മനസ്സിന് പിടിതരാതെ അവൾ എവിടേക്കോ ഒഴുകി പോകയാണ്.

അദ്ദേഹത്തിനു കിട്ടിയ നേട്ടങ്ങൾ.

മദ്രാസ് സർക്കാർ പുരസ്കാരം (1948) കതിർക്കറ്റ
മദ്രാസ് സർക്കാർ പുരസ്കാരം (1949) തുറന്നിട്ട ജാലകം
മദ്രാസ് സർക്കാർ പുരസ്കാരം (1951) കൂമ്പെടുക്കുന്ന മണ്ണ്
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1958) ഉമ്മാച്ചു
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1960) സുന്ദരികളും സുന്ദരന്മാരും
എം.പി. പോൾ പുരസ്കാരം (1960) ഗോപാലൻ നായരുടെ താടി
മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (1971) ഉമ്മാച്ചു
ആശാൻ ശതവാർഷിക പുരസ്കാരം (1973) സുന്ദരികളും സുന്ദരന്മാരും
കേന്ദ്ര കലാസമിതി അവാർഡ് – തീ കൊണ്ടു കളിക്കരുത്.

ശ്യാമള ഹരിദാസ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments