മലയാളി മനസ്സിന്റെ സഹയാത്രികർക്കു വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ദൈവകൃപയെക്കുറിച്ച് അനേകർക്കു ആശയങ്ങളുണ്ട്. കൃപയുടെ ചെറിയ അളവിനാൽ ചെയ്യുന്ന അനേകം നല്ല പ്രവൃത്തിയിലൂടെ രക്ഷ പ്രാപിക്കുന്നതിന് കഴിയുമെന്ന് എല്ലാ ദൈവവിശ്വാസികളും വിശ്വസിക്കുന്നു. ദൈവം അവകാശപ്പെടുന്ന മിനിമം യോഗ്യതയുള്ള നല്ല വ്യക്തികളെക്കൊണ്ട് പറുദീസ നിറയ്ക്കുമെന്നും, നരകം കുപ്രസിദ്ധിയുള്ള പാപികൾക്കായി സൂക്ഷിച്ചിരിക്കുന്നുവെന്നും വിശ്വസിക്കുന്നു. എന്നാലിവയെല്ലാം തിരുവചനത്തിന്റെ യാഥാർഥ്യത്തോട് യാതൊരുവിധ ബന്ധവുമില്ലാത്ത തെറ്റായുള്ള സങ്കല്പങ്ങളാണ്.
ഗലാത്യർ 2-16
“യേശുക്രിസ്തുവിലുള്ള വിശ്വസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവ്യത്തികളാൽ മനുഷ്യൻ നീട്തികരിക്കപ്പെടുന്നില്ലയെന്ന് അറിഞ്ഞിരിക്കക്കൊണ്ട് നാമും ന്യായപ്രമാണത്തിന്റെ പ്രവ്യത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നെ നീതികരിക്കപ്പെടേണ്ടതിനു ക്രിസ്തുയേശുവിൽ വിശ്വസിച്ചു ”
നമ്മൾ പാപം ചെയ്യാത്തത് നമ്മുടെ കഴിവ് കൊണ്ടല്ല, ദൈവത്തിന്റെ കൃപയാണ്. സഹോദരങ്ങളെ നന്മ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാഹചര്യം നിമിത്തം പാപം ചെയ്തു നല്ല മനസാക്ഷിയ്ക്ക് വിരോധമായി നടക്കുന്നവരാണ് മനുഷ്യൻ. എന്നാൽ യേശുവിലുള്ള വിശ്വാസവും, രക്ഷകനായി സ്വീകരിക്കുന്നതിലൂടെയും പാപത്തിന് മനുഷ്യരുടെ മേലുള്ള കർത്ത്വത്വം മാറി സ്നേഹ സ്വരൂപനായ പുത്രന്റെ രാജ്യത്തിലായി.
1കൊരിന്ത്യർ 4–3,5
“നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ, എന്നെ വിധിക്കുന്നത് എനിക്കെത്രയും ലഘുകാര്യം, ഞാൻ എന്നെത്തന്നെ വിധിക്കുന്നതുമില്ല എനിക്ക് യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമനെന്നു വരുകയില്ല, എന്നെ വിധിക്കുന്നത് കർത്താവാകുന്നു. ആകയാൽ കർത്താവ് വരുവോളം സമയത്തിന് മുൻപേ ഒന്നും വിധിക്കരുത്. അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും, അന്ന് ഓരോരുത്തനും ദൈവത്തിങ്കൽ നിന്ന് പുകഴ്ച്ച ലഭിക്കും ”
ന്യായപ്രമാണ പ്രകാരം തെറ്റില്ലാത്തവരെന്ന് സ്വയമേ വിശ്വസിച്ച ഒരു കൂട്ടം പാപം ചെയ്യുന്നതിൽ പിടിക്കപ്പെട്ട സ്ത്രീയുമായി, യേശുവിന്റെ അടുക്കൽ ചെന്നപ്പോൾ യേശുവിന്റെ നോട്ടത്തിൽ അവരെല്ലാവരും പാപികളാണ്. രക്ഷിക്കപ്പെട്ടു,സ്നാനപ്പെട്ട നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പിൽ നിൽക്കുന്നത്,നമ്മുടെ സ്വന്തം യോഗ്യതയല്ല, യേശുക്രിസ്തു നമ്മൾക്ക് വേണ്ടി സ്വന്തം ജീവനെ കൊടുത്തത് കൊണ്ടാണ്. അതുകൊണ്ടാണ് രക്ഷിക്കപ്പെട്ടു സ്നാനമേറ്റഒരു വ്യക്തിയ്ക്ക് തോന്നുന്നത് പോലെ ജീവിക്കാൻ സാധിക്കാത്തത്. കാരണം പരിശുദ്ധാത്മാവ് സദാസമയവും കൂടെയുണ്ട്.
ലൂക്കോസ് 5-32
“ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല, ഞാൻ നീതിമാൻമാരെയല്ല പാപികളെയത്രേ മാനസാന്തരത്തിനു വിളിപ്പാൻ വന്നിരിക്കുന്നത് ”
യേശുവിൽ വിശ്വസിക്കുന്നവരൊരുനാളും ലജ്ജിക്കത്തില്ല, കാരണം പ്രതികൂലങ്ങളിലും, പ്രശ്നങ്ങളിലും ദൈവത്തിന്റെ കരുതലും കാവലും കാണും. അത് നമ്മുടെ നന്മ കൊണ്ടല്ല നമ്മളെ മക്കളാക്കി സ്വർഗ്ഗരാജ്യത്തിനു അവകാശികളാക്കി. മറ്റുള്ളവരുടെ കുറവുകൾ കണ്ടു ഒരാളെ വിമർശിക്കുമ്പോൾ നമ്മുടെ കുടുംബ മഹിമയോ,വളർത്തിയ രീതിയോ, വിദ്യാഭ്യാസയോഗ്യതയോ, കൊണ്ടല്ല നമ്മൾ അങ്ങനെയാകാത്തത് കർത്താവിന്റെ കൃപയാണ്. അതിനാൽ മറ്റുള്ളവരെ വിധിക്കാൻ നമ്മൾ യോഗ്യരല്ല.
നമ്മളെ സൃഷ്ടിച്ച ദൈവം നമ്മളെ ഒരു പിതാവിനെപ്പോലെ സ്നേഹിക്കുന്നു. സ്നേഹവനായ നമ്മുടെ പിതാവ് നമ്മുക്ക് വേണ്ടിയാണ് കാൽവരിക്രൂശിൽ യാഗമായത്. അതിനാൽ ജാതിമത ഭേദമന്യേ ഏതു വ്യക്തിയ്ക്കും ദൈവമേയെന്ന് വിളിച്ചു യേശുവിന്റെ അരികിൽ വരാം.
ഈ വചനങ്ങളാൽ ദൈവമെല്ലാവരെയും കാത്തു പരിപാലിക്കട്ടെ. ആമേൻ