വായന ശാല സമൂഹത്തിലേക്ക് എന്ന ആശയത്തിൽ അധിഷ്ഠിതമായ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുസ്തക വണ്ടി സഞ്ചാരം തുടങ്ങി. വായനയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്ന മഹാന്മാരുടെ വചനങ്ങളും,വർണ്ണ ബലൂണുകളും,റിബനുകളും കൊണ്ട് കുട്ടികൾ തന്നെ അലങ്കരിച്ച വാഹനം ശരിക്കും സഞ്ചരിക്കുന്ന ഒരു വായനശാലയായി മാറുന്ന കാഴ്ചയാണ് കണ്ടത്.
മങ്ങാരം,മാങ്കുളം, ഇളങ്ങവട്ടം, അട്ടച്ചാക്കൽ,വെട്ടൂർ എന്നീ കേന്ദ്രങ്ങളിൽ കാത്തുനിന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ശരിക്കുമൊരു പുസ്തക വിരുന്നാണ് ലഭ്യമായത്.സ്കൂൾ എസ് പി സി പ്രോജക്ടിൻ്റെ വായനശാലയിലെ പുസ്തകങ്ങളാണ് വീട്ടിലെ വായനക്കായി കുട്ടികൾക്ക് ലഭ്യമാക്കിയത്. പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം മങ്ങാരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ കവി കോന്നിയൂർ ബാലചന്ദ്രൻ നിർവഹിച്ചു
.സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ഡി ഉദയകുമാർ, പ്രിൻസിപ്പാൾ ജി സന്തോഷ് ,പ്രഥമ അദ്ധ്യാപിക എസ് എം ജമീലാ ബീവി എന്നിവർ സംസാരിച്ചു. തുടർന്നുള്ള ആഴ്ചകളിലും പര്യടനം നടത്തുന്ന വാഹനം,കുട്ടികളിലെ അമിത മൊബൈൽ , ടി വി ഉപയോഗം കുറക്കാൻ ഉപകരിക്കുമെന്ന് അധ്യാപകരോടൊപ്പം രക്ഷാകർത്താക്കളും പ്രത്യാശ പങ്കുവെച്ചു.
തുടർന്നുള്ള ആഴ്‌ചകളിലും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന വാഹനം പുതിയ സ്കൂൾ വർഷാരംഭം വരെ നീളുന്ന ഒരു ഒഴിവുകാല പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.തങ്ങൾ വായിച്ച പുസ്തകങ്ങളെ അധികരിച്ച് കുട്ടികൾ തയാറാക്കുന്ന മികച്ച കുറിപ്പുകൾക്ക് സമ്മാനങ്ങളും സ്കൂൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.