കണ്ണൂർ: അമ്മയെയും വിദ്യാർഥികളായ രണ്ടു മക്കളെയും വീട്ടുവളപ്പിലെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ(45), ശിവനന്ദ്(14), അശ്വന്ത്(11) എന്നിവരാണു മരിച്ചത്. വീട്ടിൽ ഇവരെ കൂടാതെ ഭാമയുടെ അമ്മയും സഹോദരിയുമാണുള്ളത്. ഭർത്താവ് രമേഷ് ബാബു അമ്മ തനിച്ചു താമസിക്കുന്നതിനാൽ അഴീക്കൽ ചാലിലെ വീട്ടിലായിരുന്നു. ഭാമയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.
വീട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു ഇവർ. പുലർച്ചെ രണ്ടരയ്ക്കു ശബ്ദം കേട്ടാണ് ഭാമയുടെ സഹോദരി ഉണരുന്നത്. അവർ മുറിയിൽ ചെന്നു നോക്കുമ്പോൾ ഭാമയെയും കുട്ടികളെയും കാണുന്നില്ലായിരുന്നു. എല്ലായിടത്തും തിരയുകയും അയൽവാസികളെ വിളിച്ചു വരുത്തി തിരഞ്ഞിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
കിണറ്റിൽ നോക്കിയെങ്കിലും ഒരുസൂചനയും ലഭിച്ചില്ല. കിണറിന്റെ വലമാറ്റുകയോ കിണറിനടുത്ത് ചെരിപ്പോ ഒന്നുമില്ലായിരുന്നു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ കിണറ്റിൽ നിന്നുമെടുത്തത്.
ഉറങ്ങിക്കിടന്ന മക്കളെ എങ്ങനെ കിണറ്റിനരികിലേക്കത്തിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിക്കുന്ന ഭാമ അടുത്തിടെ ആത്മഹത്യക്കും ശ്രമിച്ചിരുന്നുവെന്നു കുടുംബം പറയുന്നു. ശിവനന്ദും അശ്വന്തും അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. പൊലിസ് ഇൻക്വസ്റ്റ് നടത്തി. ഭർത്താവ് അഴീക്കലിൽ മത്സ്യത്തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മീൻകുന്ന് കുഴക്കീൽ ശ്മശാനത്തിൽ സംസ്കരിച്ചു.