നിഴൽ യുദ്ധങ്ങൾ ഒഴിവാക്കാം
————————————————-
ടിക്കറ്റ് കൊടുക്കുന്നതിനിടെ ബസ് കണ്ടക്ടർ ആജാനുബാഹുവായ ഒരു യാത്രക്കാരനോടു ചോദിച്ചു: “എങ്ങോട്ടാണ്?” “എനിക്കു ടിക്കറ്റു വേണ്ടാ ” അയാൾ പറഞ്ഞു. കണ്ടക്ടർക്കു കാര്യമെന്താണെന്നു ചോദിക്കാൻ ഒരു ഭയം. അയാൾ കൈ വീശി ഒന്നു തന്നാൽ ………..?
പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു!
” അയാളെ ഒരു പാഠം പഠിപ്പിക്കണം”, അവസാനം ആ കണ്ടക്ടർ തീരുമാനിച്ചു. അവശ്യം വന്നാൽ, കായികമായിത്തന്നെ അയാളെ നേരിടാനായി, കണ്ടക്ടർ ജിംനേഷ്യത്തിൽ ചേർന്നു. മാനസീകവും കായികവുമായി, അയാൾ തയ്യാറായി. അന്നും ആ യാത്രക്കാരൻ ബസിൽ കയറി. ടിക്കറ്റ് ചോദിച്ചപ്പോൾ, പതിവു മറുപടി തന്നെ നൽകി: “എനിക്കു ടിക്കറ്റു വേണ്ടാ!”
“എന്തുകൊണ്ടു ടിക്കറ്റു വേണ്ടാ?”, കണ്ടക്ടർ സഗൗരവം ചോദിച്ചു. “എനിക്കു സൗജന്യ യാത്രയ്ക്കുള്ള പാസ്സുണ്ട് “, അയാൾ മൊഴിഞ്ഞു”. എന്തുകൊണ്ടീക്കാര്യം ഇതുവരെ പറഞ്ഞില്ല?” കണ്ടക്ടർ വീണ്ടും ചോദിച്ചു! ” താങ്കൾ ഇതുവരെ ചോദിച്ചില്ല”, അയാൾ പ്രതിവചിച്ചു.
നിഴലുകളോടു യുദ്ധം ചെയ്തു ജയിക്കാൻ ആവില്ല. അതിൻ്റെ കാണപ്പെടുന്ന ആകൃതിയും, വലിപ്പവുമെല്ലാം, പൊള്ളയായിരിക്കും. രൂപം നിഴലോ, നിഴൽ, രുപമോ ആകില്ല. പരിസരത്തിനും പ്രകാശത്തിനും അനുസരിച്ചുള്ള രൂപം മാത്രമാണു നിഴൽ. അതിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവർ, സ്വയം പരാജയപ്പെടുകയേ ഉള്ളൂ.
ഇല്ലാത്ത ശത്രുവിനെ നേരിടാൻ ചെറുപ്പം മുതലേ പരിശീലനം നേടുന്നവരാണു മനുഷ്യർ. അരുതാത്തതെല്ലാം സംഭവിക്കുന്നത് ഇരുട്ടിലാണെന്ന പാരമ്പരാഗത ചിന്ത ഉളളിൽ കയറിയതു മൂലമാണ് നാം രാത്രിയെ ഭയപ്പെട്ടു തുടങ്ങിയത്. ഒന്നിനേയും അറിയാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ, അവരവർ തന്നെ നിർമ്മിക്കുന്ന ചട്ടക്കൂടുകൾക്കുള്ളിൽ അഭയം പ്രാപിക്കുന്നവർ, തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുകയാകും ചെയ്യുക.
പുറമേ കാണുന്നവയൊന്നും യാഥാർത്ഥ്യം ആകണമെന്നില്ല. മുളകിൻ്റെ എരിവ്, കാണുന്നവർക്കല്ല, കടിച്ചു നോക്കുന്നവർക്കണു മനസ്സിലാകുക.
ഒറ്റനോട്ടം കൊണ്ടും, ആദ്യ വാക്കു കൊണ്ടും വിധിയെഴുതി, ആളുകളെ തരം തിരിച്ചു മാറ്റി നിർത്തുമ്പോൾ, കൈ വിട്ടു പോകുന്നത് പുതിയ ബന്ധത്തിൻ്റെ സാദ്ധ്യതകൾ മാത്രമല്ല, സ്വന്തം മനസ്സിൻ്റെ നന്മ കൂടിയാണ്.
അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാനും, സ്ഥാപിക്കാനും ചിലവഴിക്കുന്ന സമയവും ഈർജ്ജവും, യാഥാർത്ഥ്യം കണ്ടെത്താൻ നാം ഉപയോഗിച്ചിരുന്നെങ്കിൽ, നാമും നമ്മുടെ സമൂഹവും ഏറെ നന്മകൾ നിറഞ്ഞതായേനേം. സർവ്വശക്തൻ സഹായിക്കട്ടെ..
ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.