അന്വേഷണങ്ങൾ അവസാനിപ്പിക്കരുത്
——————————————————-
പുഴയിൽ കുളിക്കാനെത്തിയയൊരു കുട്ടി അവനു പരിചയമില്ലാത്ത ഏതോ ഒരു പക്ഷിയുടെ പ്രതിബിംബം, വെളളത്തിൽ കണ്ടു. പക്ഷി ഏതെന്നറിയാൻ മുകളിലേക്കു നോക്കിപ്പോഴേക്കും പക്ഷി അപ്രത്യക്ഷ്യമായിരുന്നു. ആ പക്ഷിയെ കണ്ടെത്താൻ, അവനേറെയലഞ്ഞു. കണ്ടവരോടൊക്കെ അവൻ ചോദിച്ചു “മഴ വില്ലിൻ്റെ നിറമുള്ളയൊരു പക്ഷിയെ നിങ്ങൾ കണ്ടോ” അവർ തിരിച്ചു ചോദിച്ചു: “നീ എവിടെയാണു പക്ഷിയെ കണ്ടത് “”നദിയിൽ” അവൻ ഉത്തരം പറഞ്ഞു. നദിയിലുള്ളതു പക്ഷിയല്ല, മത്സ്യങ്ങളാണെന്നു പറഞ്ഞവർ അവനെ കളിയാക്കി.
വർഷങ്ങളേറെ കടന്നു പോയി. ആ കുട്ടി വയോധികനായി. അസുഖങ്ങൾ ബാധിച്ചു കിടപ്പിലുമായി. ഒരിക്കൽ, ഒരാളെത്തി അയാളോടു പറഞ്ഞു: “താങ്കൾ അന്വേഷിച്ച പക്ഷിയെ, ഞാൻ മലമുകളിൽ കണ്ടെത്തി ”
ഏറെ പ്രയാസപ്പെട്ടയാൾ മലമുകളിലെത്തിയെങ്കിലും, പക്ഷിയെ കാണാനായില്ല. പക്ഷെ മരിക്കുന്നതിനു തൊട്ടു മുൻപ് ആ പക്ഷിയുടെ ഒരു തൂവൽ അയാളുടെ സമീപം വന്നു വീണു.
അറിവു തുടങ്ങുന്നതും ആഗ്രഹങ്ങൾ പൂർത്തിയാകുന്നതും, അന്വേഷണങ്ങളിൽ നിന്നാണ്. ഒരു ജിജ്ഞാസയുമില്ലാത്ത ഒരാൾ ജീവിതത്തിലെന്തു നേടാനാണ്. എന്തിനൊടെങ്കിലുമുള്ള ആഗ്രഹമോ, ആകാംക്ഷയോയാണ്,കണ്ടെത്തലുകളുടെയും, കണ്ടു പിടുത്തങ്ങളുടെയുമൊക്കെ ആരംഭം. ഒരന്വേഷണ തൽപ്പരതയുമില്ലാത്തയാൾ പ്രവർത്തിക്കുന്ന തൊഴിലിടങ്ങൾ, മരുഭൂമികളായി അവശേഷിക്കുകയേയുള്ളു.
എല്ലാ അന്വേഷണങ്ങളും, സഫലമാകണമെന്നില്ല,പക്ഷെ, അന്വേഷണം തുടങ്ങാതെ, ഒരിടത്തുമെത്തിച്ചേരില്ല. എല്ലാ അന്വേഷണൾക്കും, വ്യക്തതയുണ്ടാകണമെന്നില്ല. നടന്നു തെളിയുന്ന വഴികൾക്കു തെളിഞ്ഞ വഴികളിലൂടെയുള്ള നടപ്പിനേക്കാൾ ഭംഗിയുണ്ടാകും. ആരൊക്കെയോ തീർത്ത അധികമാരും സഞ്ചരിച്ചിട്ടില്ലാത്താ ഒറ്റയടിപ്പാതകളിലാണ്. അതുല്യാനുഭവങ്ങളുടെ ചെരാതുകൾ തെളിയുക. അന്വേഷണങ്ങളുടെ ആരംഭം, ജിജ്ഞാസയിൽ നിന്നാണു, കൂടുതൽ മികച്ചവയിലേക്കും വ്യത്യസ്തമായവയിലേക്കുമുള്ള പ്രയാണമാണ് ഓരോ അന്വേഷണങ്ങളും.