റാഞ്ചി: ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ എത്തിയതോടെയാണ് അപകടമുണ്ടായത്.
കൂട്ടിയിടിക്ക് പിന്നാലെ കൽക്കരിയുമായി എത്തിയ ട്രെയിന്റെ തീ പിടിക്കുകയും ബോഗികൾ പാളം തെറ്റുകയുമായിരുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഭർഹെയ്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോഗ്നാദി മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ റെയിൽവേ ട്രാക്കുകൾ എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. വൈദ്യുതി പ്ലാൻറുകളിലേക്ക് കൽക്കരി അടക്കമുള്ളവ എത്തിക്കാനായാണ് ഈ ട്രാക്കിലൂടെയുള്ള ഗതാഗതം.
ഏഴ് പേരാണ് അപകട സമയത്ത് എൻജിനിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് ലോക്കോ പൈലറ്റുമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. ഒരാൾ ഇപ്പോഴും എൻജിനിൽ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ ഭർഹേത് സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 32 വയസ് പ്രായമുള്ള അംബുജ് മഹതോ, ഗ്യാനേശ്വർ മാൽ എന്നിവരാണ് മരിച്ചത്. ബൊക്കാറോ സ്വദേശിയാണ് അംബുജ്, മുർഷിദാബാദ് സ്വദേശിയാണ് ഗ്യാനേശ്വർ. കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെന്നാണ് എൻടിപിസി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.