ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഫിക്സ്ചർ ഔദ്യോഗികമായി പുറത്തുവിട്ടു. ഒരുമാസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം മാർച്ച് 22-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കും.നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുക.13 വേദികളിലായി 74 മത്സരങ്ങൾ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന നഗരങ്ങൾക്ക് പുറമേ വിശാഖപട്ടണം, ഗുവാഹാട്ടി, ധർമശാല, എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.
രണ്ടാം ദിവസം ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികൾ രാജസ്ഥാൻ റോയൽസാണ്. മാർച്ച് 23-ന് ഹൈദരാബാദിൽവെച്ചാണ് മത്സരം. മേയ് 25-നാണ് ഫൈനൽ.മെയ് 18 നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായി നടക്കും. ക്വാളിഫയർ 1 ഉം എലിമിനേറ്ററും ഹൈദരാബാദിലും ക്വാളിഫയർ 2 ഉം ഫൈനലും കൊൽക്കത്തയിലും നടക്കും.