Monday, December 23, 2024
Homeഇന്ത്യകേന്ദ്ര നിർദേശം തള്ളി കർഷക സംഘടന; സമരം 21ന്‌ പുനരാരംഭിക്കും.

കേന്ദ്ര നിർദേശം തള്ളി കർഷക സംഘടന; സമരം 21ന്‌ പുനരാരംഭിക്കും.

ന്യൂഡൽഹി; പരുത്തി, ഉഴുന്ന്, മസൂർ പരിപ്പ്, ചോളം തുടങ്ങി അഞ്ച്‌ വിള അഞ്ചുവർഷം പഴയ താങ്ങുവിലയിൽ സംഭരിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി ‘ഡൽഹി ചലോ മാർച്ചി’ന്‌ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ. ആദായകരമായ താങ്ങുവില നിയമാനുസൃതമാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള മാർച്ച്‌ 21ന്‌ പുനരാരംഭിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ചണ്ഡീഗഢിൽ ഞായർ രാത്രി നടന്ന നാലാംവട്ട ചർച്ചയിലാണ്‌ കേന്ദ്രമന്ത്രിമാരുടെ സംഘം നിർദേശം വച്ചത്‌. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവിലയ്ക്കാകില്ല സംഭരണം.

വിവിധ വേദികളിൽ നടത്തിയ ചർച്ചകൾക്കുശേഷമാണ്‌ സമരസമിതി നിർദേശം തള്ളിയത്‌.എൻസിസിഎഫ് (നാഷണൽ കോ–- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ), നാഫെഡ് എന്നിവ കർഷകരുമായി കരാർ ഒപ്പിടാൻ സന്നദ്ധമാണെന്നാണ്‌ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ യോഗത്തിൽ പറഞ്ഞത്‌. ഉറപ്പുകൾ എഴുതി നൽകിയില്ല. മന്ത്രിമാരായ അർജുൻ മുണ്ട, നിത്യാനന്ദ് റായി എന്നിവർക്കൊപ്പം പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മന്നും ചർച്ചയിൽ പങ്കെടുത്തു.

അതിനിടെ, സമരത്തിൽ രക്തസാക്ഷികളായ കർഷകരുടെ എണ്ണം മൂന്നായി. പഞ്ചാബ്‌–- ഹരിയാന അതിർത്തിയിലെ ഖന്നോരിയിൽ പാട്യാല സ്വദേശി മഞ്ജീത്‌ സിങ്‌ (70) ഞായർ രാത്രി ഹൃദയാഘാതംമൂലം മരിച്ചു.

ഉയർന്ന ഇന്ധനവിലയിലും യൂറോപ്യൻ യൂണിയന്റെ ഹരിത ഉടമ്പടിയിലെ നയങ്ങളിലും പ്രതിഷേധിച്ച്‌ ട്രാക്ടർ റാലി നടത്തി ചെക്ക്‌ കർഷകർ. പ്രാഗിൽ കൃഷിമന്ത്രാലയ ആസ്ഥാനത്തേക്കായിരുന്നു ട്രാക്ടർ റാലി. എന്നാൽ, കർഷകരുടെ പൊതു ആവശ്യങ്ങൾ മുൻനിർത്തി സർക്കാരുമായി ചർച്ച നടത്തുന്ന പ്രധാന കർഷകസംഘടനകൾ പ്രതിഷേധത്തിന്റെ ഭാഗമായില്ല. പകരം വ്യാഴാഴ്ച രാജ്യാതിർത്തിയിൽ ഇയു നയങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്ന്‌ അഗ്രേറിയൻ ചേംബർ അറിയിച്ചു.

യൂറോപ്യൻ യൂണിയന്റെ ഹരിത ഉടമ്പടിയിലെ നിർദേശങ്ങൾ കർഷകവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രങ്ങളിൽ കർഷകർ വ്യാപകമായി പ്രതിഷേധിക്കുകയാണ്‌. പോളണ്ട്‌, ഫ്രാൻസ്‌, ജർമനി, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെല്ലാം കർഷകർ ട്രാക്ടർ റാലി നടത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്ലോവാക്യയിൽ കർഷകർ ഈയാഴ്ച പ്രക്ഷോഭം നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പോളണ്ടിൽ മാസാദ്യം കർഷകർ പ്രധാന റോഡുകളും ഉക്രയ്‌ൻ അതിർത്തിയും ഉപരോധിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments