Thursday, May 2, 2024
Homeലോകവാർത്തറാഫയ്ക്ക്‌ അന്ത്യശാസനം: കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍.

റാഫയ്ക്ക്‌ അന്ത്യശാസനം: കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍.

ജറുസലേം> മാർച്ച്‌ പത്തിന്‌ റംസാൻ വ്രതം ആരംഭിക്കുംമുമ്പ്‌ എല്ലാ ബന്ദികളെയും വിട്ടുനൽകിയില്ലെങ്കിൽ ഗാസാ നിവാസികളുടെ അവസാന അഭയകേന്ദ്രമായ റാഫയിലേക്ക്‌ ആക്രമണം നടത്തുമെന്ന അന്ത്യശാസനവുമായി ഇസ്രയേൽ. യുദ്ധമന്ത്രിസഭാംഗവും മുൻ പ്രതിരോധ മന്ത്രിയുമായ ബെൻ ഗാന്റ്‌സാണ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ഒക്ടോബർ ഏഴിന്‌ തുടങ്ങിയ ഇസ്രയേൽ കടന്നാക്രമണത്തിൽനിന്ന്‌ രക്ഷതേടി പലായനം ചെയ്ത 14 ലക്ഷം ഗാസാ നിവാസികളുടെ ഏക അഭയകേന്ദ്രമാണ്‌ ഈജിപ്ത്‌ അതിർത്തിയിലെ റാഫ.

റാഫയിലേക്ക്‌ കരയാക്രമണം നടത്തിയാൽ കൂട്ടുക്കുരുതിയുണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 130 ബന്ദികളെ മോചിപ്പിക്കാൻ ആറാഴ്ച വെടിനിർത്തലിന്‌ ശ്രമിക്കുകയാണെന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാല്‍ എട്ടാഴ്ചകൂടി വ്യാപക ആക്രമണം തുടരാൻ ഇസ്രയേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്‌. ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ 24 പ്രാദേശിക ബറ്റാലിയനിൽ 18 എണ്ണത്തെയും തകർത്തതായാണ്‌ ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്‌.

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗാസാ നിവാസികളുടെ എണ്ണം 29,000 കടന്നു. ഔദ്യോഗിക കണക്കുപ്രകാരം 29,092 പേർ കൊല്ലപ്പെട്ടതായാണ്‌ സ്ഥിരീകരിച്ചത്‌. തിങ്കൾ വൈകിട്ടുവരെയുള്ള 24 മണിക്കൂറിനുള്ളിൽമാത്രം107 മൃതദേഹങ്ങൾ മോർച്ചറികളിലെത്തി.

RELATED ARTICLES

Most Popular

Recent Comments