Monday, December 23, 2024
Homeഅമേരിക്കമൃഗങ്ങൾക്ക് വേണ്ടി പൊലിയുന്ന മനുഷ്യജീവനുകൾ... (ലേഖനം) ✍രവി കൊമ്മേരി, ദുബായ്

മൃഗങ്ങൾക്ക് വേണ്ടി പൊലിയുന്ന മനുഷ്യജീവനുകൾ… (ലേഖനം) ✍രവി കൊമ്മേരി, ദുബായ്

ഈ അടുത്തകാലത്തായി നമ്മൾ നിരന്തരം കേൾക്കുന്ന വാർത്തയാണ് നാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണം പെരുകുന്നു എന്നത്. കുറച്ച് മുൻപ് നായകളുടെ ശല്യമായിരുന്നു നാട്ടിൽ. കാട്ടിൽ വസിക്കേണ്ടത് നാട്ടിലും, നാട്ടിൽ വസിക്കേണ്ടത് കാട്ടിലും ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ഇതിലിപ്പോൾ ഏതാണ് ശരി എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പ്രശ്നം സങ്കീർണ്ണമാണ്.

നായശല്യങ്ങൾ നാട്ടിൽ കൂടിയപ്പോൾ എന്തെല്ലാം വാർത്തകൾ നമ്മൾ കണ്ടു. കേട്ടു. നായകൾ കൂട്ടത്തോടെ ആക്രമിച്ചാലും ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും കുറ്റം ജനങ്ങളുടേതാണ് എന്നുവരുത്തിത്തീർക്കുന്ന റിപ്പോർട്ടുകളാണ് നമ്മൾ ഒടുവിലായി കണ്ടുകൊണ്ടിരുന്നത്. പിഞ്ചുകുഞ്ഞുങ്ങളെയടക്കം നായകൾ തെരുവിലും വീട്ടുവളപ്പിലും ഇട്ട് കടിച്ചു കീറിയപ്പോൾ നോക്കുകുത്തിയായ നിയമ വ്യവസ്ഥയെ നമ്മൾ കണ്ടതാണ്. അക്രമകാരികളായ നായയെ കൊല്ലുന്നവരെ പിടിച്ച് ജയിലടക്കുന്ന നിയമവും നമ്മൾ കണ്ടതാണ്. ആരെ സംരക്ഷിക്കാനാണ് നമ്മുടെ നിയമം. ആർക്ക് സംരക്ഷണം കൊടുക്കാനാണ് ഗവൺമെൻ്റുകൾ.

നാട്ടിൻ പുറത്തെ വീടുകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വീടിനു വെളിയിൽ സ്വതന്ത്രമായി ഇറങ്ങിക്കൂടാത്ത സ്ഥിതിയാണിപ്പോൾ , കാരണം ഉടുമ്പ്, കീരി മുള്ളൻപന്നി, പെരുമ്പാമ്പുകൾ, എന്നിവ അനായാസം വിഹരിക്കുന്ന കാഴ്ച്ചകളാണ് മുന്നിൽ. മുൻകാലങ്ങളിൽ ഇതായിരുന്നില്ല അവസ്ഥ. വെറും രണ്ടോമൂന്നോ നായകളെയോ പൂച്ചകളേയോ വീട്ടിൽ വളർത്തി കാശിൻ്റെ ഹുങ്ക് കാണിക്കന്നവർ കാണിക്കുന്ന മൃഗ സ്നേഹത്തിൻ്റെ പേരിൽ മൃഗസംരക്ഷണ നിയമം പാസാക്കി ദേശീയതയുടെ മാനം കളയുന്ന നിയമസംഹിതയാണോ നമുക്ക് വേണ്ടത് . വീട്ടുവളപ്പിൽ ചെറുതായിപ്പോലും ഒരു കൃഷി ചെയ്യാൻ കീരിയും, മുള്ളൻപന്നിയും, അനുവദിക്കുന്നില്ല. കർഷകർക്ക് കൃഷിയിടങ്ങളിൽ കൃഷി ചെയ്യാൻ കാട്ടുപന്നികളും കാട്ടാനകളും അനുവദിക്കുന്നില്ല. നാട്ടിൽ സർവ്വ സ്ഥലങ്ങളിലും കാട്ടുപന്നികൾ നിരന്ന് നാശം വിതയ്ക്കുകയാണ്. ഭരണകർത്താക്കൾ എന്താണ് ചെയ്യുന്നത് ? നിയമം എന്താണ് ചെയ്യുന്നത് ? കൃഷികൾ നശിപ്പിക്കുന്നത് മാത്രമല്ല, മനുഷ്യനെപ്പോലും ഇവറ്റകൾ അക്രമിക്കുന്നു.

ആനകളും, പുലികളും കാടുവിട്ട് നാടുകയറി വിലസുന്നു. വനമേഖലയല്ലാത്ത സ്ഥലങ്ങളിൽപ്പോലും പുലികളെ കണ്ടു തുടങ്ങിയിരിക്കുന്നു. ആനകൾ കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിക്കുകയും കണ്ണിൽ കണ്ടതെല്ലാം ചവിട്ടിമെതിക്കുകയും ചെയ്ത് കർഷകരെ വലിയ പ്രതിസന്ധികളിലാക്കുന്ന പ്രവണത വളരെക്കാലം മുൻപ് മുതലേ നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നതാണ്. അപ്പോഴൊക്കെ നാട്ടിലിറങ്ങുന്ന ആനകളെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കുന്നതും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ നാട്ടിലിറങ്ങുന്ന ആനകൾ മനുഷ്യരെ അക്രമിച്ച് കൊലപ്പെടുത്തുന്നത് ഉൾപ്പടെയുള്ള കാഴ്ച്ചകളാണ് നിരന്തരം കാണുന്നത്. ഏറ്റവും ഒടുവിലായി മൂന്നാറിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിൻ്റെ വാർത്തയാണ് കേരളത്തെ നടുക്കിയത്. ഈ കഴിഞ്ഞ ഒരു മാസത്തിൽ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ട് പേരാണ് വയനാട്ടിൽ കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെട്ടത്. ജനക്കൂട്ടത്തിനുനേരെ ഓടിയടുത്ത കാട്ടാനയിൽ നിന്ന് രക്ഷനേടാൻ വയനാട്ടിൽ സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജീഷിനെ ആ വീടിൻ്റെ മതിൽ പൊളിച്ച് കയറിയാണ് ആനകൊലപ്പെടുത്തിയത്. കാട്ടാനകൾ നാട്ടിലിറങ്ങി കൊലവിളിക്കുമ്പോൾ അധികാരികളും അധികാരങ്ങളും ഒളിച്ചിരിക്കുന്നതെന്തുകൊണ്ട് ?

കടുവയുടെ കടന്നുവരവിൽ ഭീതിയിലാഴ്ന്നു പോകുന്നു വയനാടുൾപ്പെടെ പല പ്രദേശങ്ങളും. കുട്ടികളെ സ്ക്കൂളുകളിൽ പറഞ്ഞയക്കാൻപോലും കഴിയാത്ത രക്ഷിതാക്കൾ. വാതിലുകളടച്ച് വീടിനുള്ളിൽ കഴിയേണ്ടി വരുന്ന കർഷകർ. വളർത്തുമൃഗങ്ങളെ കടുവൾ കടിച്ചുകീറി ക്കൊന്നു തിന്നുന്നത് നോക്കിനിൽക്കേണ്ടി വരുന്ന വീട്ടുകാർ, ഇതാണ് നമ്മുടെ നാട്. ആനയും കടുവയും മാത്രമല്ല അക്രമകാരികൾ. കാട്ടുപോത്തും, കരടിയും ഒക്കെ നാടിനും ജനങ്ങൾക്കും ഭീഷണിയായികൊണ്ടിരിക്കുകയാണ്. മൃഗസംരക്ഷണ നിയമത്തിൻ്റെ മറവിൽ കാട്ടിൽ പെറ്റുപെരുകുന്ന ചെറുതും വലുതുമായ മൃഗങ്ങൾ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ കാടുവിട്ട് നാടിറങ്ങുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
എന്തിനാണ് നമ്മുടെ നാട്ടിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ്?
എന്തിനാണ് ഫോറസ്റ്റ്കാർക്ക് തോക്കുകൾ ? ഒരു കാട്ടാനയോ പുലിയോ ഇറങ്ങിയാൽ മയക്കുവെടി വെയ്ക്കാൻ പോലും പുറത്തു നിന്ന് ആളിനെ കൊണ്ടുവരേണ്ട ഗതികേടിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്ൻ്റ് . പിന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെന്തിനാ ശമ്പളം മാത്രം വാങ്ങാനോ ?
എന്തിനാണ് വനം വകുപ്പ്, അങ്ങിനെ ഒരു വകുപ്പും ഉണ്ടാക്കി, ഒരു മന്ത്രിയേയും നിയമിച്ച് വനങ്ങളേയും, മൃഗങ്ങളേയും നിയന്ത്രിച്ച്, മൃഗങ്ങളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റം നിർത്തലാക്കാതെ, ഗസ്റ്റ് ഹൗസുകളിൽ താമസിച്ച് കാടിനും നാടിനും ഗുണം ചെയ്യാത്ത പ്രസ്ഥാവനകൾ ഇറക്കി നാട്ടിൽ ഉദ്ഘാടനങ്ങൾ ചെയ്യാനോ ?
എന്തിനാണ് നമ്മുടെ ഗവൺമെൻ്റുകൾ. എവിടെത്തിരിഞ്ഞാലും അഴിമതിയുടെ ഭാണ്ഡക്കെട്ടുകളും പേറി മക്കൾ രാഷ്ട്രീയം കളിച്ച് നാട് ഭരിച്ചു മുടിക്കാനോ ?
എന്തിനാണ് നിയമങ്ങൾ ? കുത്തക മുതലാളിത്തങ്ങളുടെ ചുക്കാൻ പിടിച്ച് ഭരണം കയ്യാളുന്ന ഭരണകർത്താക്കൾക്ക് മനുഷ്യ സ്നേഹം മാറി മൃഗസ്നേഹം പാടിപ്പുകഴ്ത്തുമ്പോൾ അതിന് അനുകൂല വിധിന്യായങ്ങൾ വായിക്കാനോ ? അതിൻ്റെ തെളിവുകളല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലകൾ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയ്ക്ക് അനുയോജ്യമായ കാലാവസ്ഥയും സ്ഥലങ്ങളും ഉണ്ടായിട്ടും കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നാട്ടിൽ. കാരണം വന്യമൃഗങ്ങളുടെ ശല്യങ്ങളിൽ കർഷകർക്ക് കൃഷിയിറക്കാൻ കഴിയുന്നില്ല. പല കർഷകരും പലതരം ലോണുകൾ എടുത്താണ് കൃഷിയിറക്കുന്നത്. വിളവുകൾക്ക് ഉദ്ദേശിച്ച വിലകൾ കിട്ടിയില്ലങ്കിൽ, കാലാവസ്ഥ അനുകൂലമായ സാഹചര്യം ഒരുക്കിയില്ലങ്കിൽ, ഇത്തരം സന്ദർഭങ്ങളിൽ എല്ലാം തന്നെ കർഷകരെ ആത്മഹത്യകൾക്ക് വരെ പ്രേരിപ്പിക്കപ്പെടുന്ന സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്, ആ സമയത്ത് വന്യമൃഗ ശല്യങ്ങളും കൂടെ ആകുമ്പോൾ കൃഷിയിറക്കാതിരിക്കുക എന്ന ചിന്തയിലേക്ക് കർഷരെ കൊണ്ടച്ചെന്നെത്തിക്കുന്നു. അതാണ് നമ്മുടെ ആഗോള മുതലാളിമാരും, നമ്മുടെ ഗവൺമെൻ്റും ഉദ്ദേശിക്കുന്നത്. നാട്ടിൽ കൃഷിയിറക്കരുത്. കാർഷിക വിഭവങ്ങൾ പുറമേ നിന്ന് ഇറക്കുമതി ചെയ്യണം. എങ്കിലേ കമ്മീഷൻ കിട്ടു. എങ്കിലേ മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയൂ. എങ്കിലേ വിഷം നിറച്ച പച്ചക്കറികൾ നമ്മളെ തീറ്റിച്ച് ആശുപത്രി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയു.ആഗോള കുത്തക മുതലാളിത്തത്തിൻ്റെ പുത്തൻ അജണ്ടയുടെ ഭാഗമാണിതെല്ലാം.

കീരിയും, ഉടുംബും , മുള്ളൻ പന്നിയും, ആനയും പുലിയും, കരടിയും കാട്ടുപന്നിയും, കാട്ടുപോത്തും എല്ലാം നാട്ടിൽ സുലഭം. ഒരു മൃഗശാല കാഴ്ചകൾക്ക് നാട് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം കഴിഞ്ഞ കുറേ വർഷങ്ങളായി രാഷ്ട്രീയ കൊലപാതങ്ങൾ കണ്ട് വിറങ്ങലിച്ചവരായിരുന്നെങ്കിൽ, ഇന്ന് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യജീവനുകളുടെ ചിത്രങ്ങളും, കണക്കുകളും കേട്ട് നടുങ്ങുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. കാടിനും നാടിനും സംരക്ഷണം കൊടുക്കേണ്ടവർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്നും, മനുഷ്യജീവനുകൾക്ക് ഭീഷണിയാകുന്ന മൃഗങ്ങളെ മയക്കുവെടി വയ്ക്കാനും, ആവശ്യമെങ്കിൽ കൊല്ലാനും നിയമ വ്യസ്ഥയിലെ വകുപ്പുകൾ അനുവദിക്കുന്നുണ്ട് എന്നും, അത് സംസ്ഥാന ഗവൺമെൻ്റുകൾ നടപ്പിലിക്കുന്നില്ല എന്നും പറയുന്ന കേന്ദ്രഭരണം, കൃഷികൾക്കും, മനുഷ്യ ജീവനും ഭീഷണിയാകുന്ന മൃഗങ്ങളെ നേരിടുന്ന കർഷകരെ അക്രമികളായി ചിത്രീകരിച്ച് നിയമനടപടികൾ കൈക്കൊള്ളുന്ന സംസ്ഥാനങ്ങൾ. ഏതാണ് ശരി. ഏതാണ് തെറ്റ് ? പൊതുജനം കഴുതകളോ ? ഭരണം ആർക്കവേണ്ടി. പാർട്ടികൾ ഇലക്ഷൻ മുന്നിൽ കണ്ട് മേളങ്ങൾ കൊഴുപ്പിക്കുന്ന ഈ സമയത്തെങ്കിലും ഉണരുവിൻ ജനങ്ങളേ.. ഒരു പൗരനെന്ന നിലയിൽ ആരുടേയും പ്രേരണയ്ക്ക് വഴങ്ങാതെ നിങ്ങൾ നിങ്ങളുടെ സ്വതന്ത്രമായ തീരമാനത്തിൽ നിങ്ങളുടെ അവകാശം വോട്ടിലൂടെ വിനയോഗിക്കു. നാടിനെ രക്ഷിക്കു. വഞ്ചിതരാകാതിരിക്കു.

സ്വന്തം ലേഖകൻ,
രവി കൊമ്മേരി, ദുബായ്

RELATED ARTICLES

Most Popular

Recent Comments