Monday, December 23, 2024
Homeഅമേരിക്കഅനീറ്റ ഇന്നലെ മരിച്ചു (കവിത) ✍ജസിയഷാജഹാൻ

അനീറ്റ ഇന്നലെ മരിച്ചു (കവിത) ✍ജസിയഷാജഹാൻ

ചലനമറ്റു കിടക്കുമ്പോഴും
അവളുടെ വസ്ത്രങ്ങളിൽ
അവളേറെ ഇഷ്ടപ്പെട്ടിരുന്ന
ചുവപ്പുപൊട്ടുകളുള്ള ലേഡിബഗുകൾ
ഇഴയുന്നുണ്ടായിരുന്നു.
അവളുടെ ക്രിസ്റ്റൽ കണ്ണുകളിൽ നിന്നും
ലാർവകൾ പുറത്തേക്ക് ചാടി..
നിംഫ്,റിഗ്ളേഴ്സ്,മാഗട്ട്സ്
ഒക്കെ അപ്പോഴും അവളുടെ
നിരീക്ഷണത്തിൽ വളർന്നു
കൊണ്ടിരുന്നു…

പൂമൊട്ടുകൾ പോലെ കൂമ്പി
നിൽക്കുന്ന
മാറിടങ്ങളുടെ ഇടക്കുഴിയിൽ
അവളൊരു കുഴിയാനയേയും വലത്തേ
മാറിനുമീതെയായി
സർപ്പാകൃതിയിലുള്ള ഒരു പ്യൂപ്പയേയും
ഒളിപ്പിച്ചിരുന്നു..
പാമ്പ് പൊഴിച്ചൊരു പടം അവളുടെ
അരയിൽ
നിന്നൂർന്ന് അലസമായി
കിടന്നിരുന്നതാരിലും അറപ്പുളവാക്കി.

അവളുടെ പ്രകൃതി നിരീക്ഷണത്തിൽ
നിശാ ശലഭങ്ങൾ പറന്നു..
ഇടക്ക് നാഗശലഭങ്ങളോടവൾ
കൂട്ടുകൂടി..
രാവേറുവോളമവൾ അലഞ്ഞു നടന്നു…
ഒടുവിൽ അവളുടെ
രാജകുമാരൻ വച്ചുനീട്ടിയ
പ്രണയത്തിന്റെ ലൈലാക്ക്
പുഷ്പങ്ങളുടെ മാസ്മര ഗന്ധം
നുകരുന്നതിനിടെയാണ്
മണ്ണിൽ നിന്നും അവളുടെ
കാലുകൾ ഇളകി തുടങ്ങിയത്!
പ്രകൃതിയിലെ പലകാണാകാഴ്ചകളും
അവൾക്ക് ചുറ്റും നൃത്തം
ചവിട്ടി..
റാണിതേനീച്ചയുടെ മധുവിധുവിൽ,
പ്രജനനശേഷിയിൽ അവൾ ഒരു
പുതിയ ഏട്
കണ്ടെത്തി.
തേനീച്ചകളുടെ ഉദരാഗ്രഭാഗത്തെ
വിഷസൂചിയിൽ അവൾ
മരിക്കുന്നത് തിരിച്ചറിഞ്ഞു.
പ്രണയ ഗന്ധം നിറഞ്ഞ ലൈലാക്ക്
പുഷ്പങ്ങൾ
അവൾക്ക് ചുറ്റും ചിതറി വീണു.

ജസിയഷാജഹാൻ✍

RELATED ARTICLES

Most Popular

Recent Comments