Thursday, April 18, 2024
Homeഅമേരിക്ക"ശീർഷകം" ('കൃഷ്ണഗീതങ്ങൾ' എന്ന കവിതാ സമാഹാരം). രചന: പ്രൊഫ. ഗീതാ ദേവി. ...

“ശീർഷകം” (‘കൃഷ്ണഗീതങ്ങൾ’ എന്ന കവിതാ സമാഹാരം). രചന: പ്രൊഫ. ഗീതാ ദേവി. ആസ്വാദനം: ശ്യാമള ഹരിദാസ്.

ശ്രീകൃഷ്ണ ഭഗവാന്റെ ബാല ലീലകളും സ്തുതികളും കൊണ്ട് കോർ ത്തെടുത്ത ഒരു ഭക്തിരസനിർമ്മിതമായ ഒരു കവിതാസമാഹാരമാണ് 28 കൃഷ്ണ ബാലലീലകളും 23 ശ്രീകൃഷ്ണ സ്തുതികളും കൂടി കോർത്തിണക്കി 51 കവിതാസമാഹാരങ്ങൾ അടങ്ങിയ ഈ “കൃഷ്ണഗീതങ്ങൾ “.

ആസ്വാദകഹൃദയങ്ങളെ മനം കുളിർപ്പിക്കുന്ന തരത്തിലുള്ള ശ്രീ കൃഷ്ണ ഭഗവാന്റെ കുട്ടിക്കാലത്തെ ബാലലീലകളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇതിന്റെ ശീർഷകം ഈ ഭക്തികാവ്യത്തിന്റെ ആശയവുമായി ചേർന്നു നിൽക്കുന്നു. ഭക്തിയേയും, അറിവിനേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയങ്ങളിലേക്ക് “ശ്രീകൃഷ്ണഗീതങ്ങൾ ” ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കയാണ്.

ഒരു കവിയുടെ ഏറ്റവും വലിയഗുണവും ലക്ഷ്യവും കണ്ണുകളിലൂടേയും, ആ ചെവികളിലൂടേയും, ചെയ്യുന്ന കർമ്മങ്ങളിലൂടേയും ഈശ്വര ദർശ്ശനം കാണാൻ കഴിയുക എന്നതാണ്. ഒരു രചനയിലൂടെ രചയിതാവിനും, വായനക്കാർക്കും ആത്മ സന്തോഷം ഉണ്ടാകുമ്പോൾ ആ അന്തരീക്ഷത്തിൽ കൂടി ഈശ്വര ചൈതന്യം പൊഴിയും. അത്തരത്തിലുള്ള ഒരു പ്രതിഭാസമാണ് ” കൃഷ്ണഗീതങ്ങൾ ” എന്ന കവിതയിലൂടെ നമ്മൾ അനുഭവിച്ചറിയുന്നതും.

“കൃഷ്ണ ഗീതങ്ങൾ ” എന്ന കവിതസമാഹാരത്തെ കേട്ടറിഞ്ഞ നിമിഷം മുതൽ എന്റെ മനസ്സ് അതൊന്ന് വായിക്കാനായി തുടിച്ചുകൊണ്ടിരിക്കയായിരുന്നു. കഴിഞ്ഞ ദിവസം ഗീതടീച്ചറുടെ ആ സ്നേഹോപഹാരം കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ നിവൃതി പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

അങ്ങിനെ മനസ്സിൽ കൃഷ്ണരൂപം തിങ്ങി വിളങ്ങി നിൽക്കുമ്പോൾ ആ വേശത്തോടെ ബുക്ക്‌ തുറന്നതും കണ്ടത് പ്രൊഫ. ശ്രീലകം വേണുഗോപാൽ സാറിന്റെ ആശംസകൾ ആയിരുന്നു. അദ്ദേഹം എത്ര മനോഹരമായ വാക്കുകളിൽ ഭക്തിരസ മലർമാലകൾ കോർത്തിണക്കിയാണ് ആശംസ സമർപ്പിച്ചിരിക്കുന്നത്. ആസ്വാദകഹൃദയങ്ങളെ ഭഗവത് ഭക്തിയിലേക്ക് നയിക്കാൻ സാറിന്റെ ഈ രചനയോടൊപ്പം തന്നെ ഗീതദേവി ടീച്ചറുടെ ഈ കവിതാസമാഹാരത്തിനും കഴിയുമെന്ന് നിസ്സംശയം പറയാം.

പൂന്താനത്തിന്റേയും, കുറൂരമ്മയുടേയും, വില്വംമംഗലം സ്വാമിയാരുടേയും, ഭട്ടതിരിപ്പാടിന്റെയും കൂടെ നടന്നു സഹായിച്ച ആ ഉണ്ണിക്കണ്ണൻ തന്നെയാണ്
വ്യത്യസ്ത തരം വൃത്തങ്ങളാൽ അലങ്കാരം സൃഷ്ടിച്ച് തന്റെതായ ശൈലിയിൽ തൂലിക തുമ്പിലൂടെ ഒഴുക്കി ഏകാന്തതകളിൽ തളിരിടുന്ന കൊച്ചു കൊച്ചു സ്വ
പനങ്ങളുടേയും, ഭക്തിയുടേയും സമ്മിശ്ര ഭാവമാക്കി ഈ കവിതയെ അതിമനോഹരമാക്കാൻ സഹായിച്ചതും.

ശ്രീകൃഷ്ണാവതാരം മുതൽ കംസവധം വരെയുള്ള ഭാഗങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പ്രതിപാദിച്ചിരിക്കുന്ന ഈ കവിതാ സമാഹാരം മലയാള സാഹിത്യത്തിനു തന്നെ ഒരു മുതൽക്കൂട്ടാണ്.

വാതരോഗത്താൽ കഷ്ടപ്പെട്ട ഭട്ടതിരിപ്പാട് ഒരുദിവസം തത്വചിന്തകനും
ഭക്തനുമായ തുഞ്ചത്ത് കാണുകയും, അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശം അഭ്യർത്ഥിക്കുകയും ചെയ്തു. മൽസ്യം തൊട്ടു തുടങ്ങുക എന്ന് എഴുത്തച്ഛൻ ഭട്ടതിരിയോട് നിർദ്ദേശിച്ചു. മത്സ്യാവതാരം തുടങ്ങി ശ്രീകൃഷ്ണന്റെ പത്ത് അവതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള ശ്ലോകങ്ങൾ രചിച്ചാൽ താൻ രോഗമുക്തനാകുമെന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ പൊരുൾ എന്ന്മനസ്സിലാക്കിയ ഭട്ടതിരി ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സ്വയം സമർപ്പിച്ചുകൊണ്ട് നാരായണീയം രചിക്കാൻ തുടങ്ങി. ഒരു ദിവസം പത്തു ശ്ലോകം വീതം രചിച്ചു. നൂറുദിവസം കൊണ്ട് രചന പൂർത്തിയാകുകയും അദ്ദേഹത്തിനു
മുമ്പിൽ ഭഗവാൻ തന്റെ ദിവ്യദർശ്ശനം കാണിച്ചു കൊടുക്കുകയും ചെയ്തു.അതു
പലെ എപ്രകാരമാണോ ഭഗവാൻ വിശ്വരൂപ ദർശ്ശനം ഭട്ടതിരിപ്പാടിന് കാട്ടികൊടു കൊടുത്തത് അപ്രകാരം ശ്രീകൃഷ്ണ ഭഗവാൻ തന്റെ അമ്മ യശോദക്ക് തന്റെ വിശ്വരൂപം കാട്ടി കൊടുത്തു എന്നതാണ് വിശ്വരൂപം എന്ന കവിതയിലൂടെ നമ്മുടെ
ഗീത ദേവി ടീച്ചർ നമുക്ക്‌ ചൂണ്ടിക്കാണിച്ചിരിക്കയാണ്. ഒരു ദിവസം ബാലരമനും,
കൃഷ്ണനും, ഗോപകുമാരന്മാരും കൂടി കളിച്ചുകൊണ്ടിരിക്കുമ്പോൾ കൃഷ്ണൻ
മണ്ണു തിന്നുവെന്ന് അവർ യാശോദാമ്മയോടു പറയുകയും, യാശോദാമ്മ കൃഷ്ണനെ ശകാരിക്കുകയും, സത്യാ വസ്ഥ മനസ്സിലാക്കാൻ വായ് തുറന്നു കാണിക്കാനും ആവശ്യപ്പെട്ടു. അതനുസരിച്ച് വായ് തുറന്ന കൃഷ്ണന്റെ വായിൽ ആ അമ്മ കണ്ടത് വെറും മണ്ണായിരുന്നില്ല. പുത്രന്റെ വായിൽ സ്ഥാവരജംഗമങ്ങളായ സകലതും കണ്ടു. ആകാശം, ദിക്കുകൾ, പർവ്വതങ്ങൾ, സമുദ്രങ്ങൾ, ദ്വീപുകൾ, എന്നിവയോടു കൂടിയ ഭൂഗോളം, അഗ്നിമണ്ഡലം, നക്ഷത്രമണ്ഡലം, സൂര്യചന്ദ്രന്മാർ എന്നിവയെല്ലാം കണ്ടു. ആ അത്ഭുതപ്രപഞ്ചത്തിന്റെ ഒരു ഭാഗത്തായി യാശോദ തന്നേയും, ഗോകുലവും, വായ് തുറന്നുപിടിച്ച പുത്രനേയും കണ്ടു. സർവേശ്വരനായ ഭഗവാന്റെ ഈ മായാവിലാസത്തെ ഗീത ടീച്ചർ വിശ്വരൂപദർശ്ശനം എന്ന കവിതയിൽ തൂണകം എന്ന വൃത്തത്തിലൂടെ അതിവിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു.

ഭക്തകവി പൂന്താനം ആറ്റുനോറ്റുണ്ടായ ഓമന പുത്രന്റെ ദാരുണാന്ത്യം ആ ഭക്തകവിയിൽ ഉണ്ടാക്കിയ ആത്മദുഃഖത്തിൽ പിറവിയെടുത്തതാണ് ജ്ഞാനപ്പാന എങ്കിൽ ഗീത ദേവി ടീച്ചർ പൂതനാമോക്ഷം എന്ന കവിതയിലൂടെ ചൂണ്ടികാണിക്കുന്നത് പൂതനയുടെ മോ ക്ഷപ്രാപ്തിയാണ്. പൂർവ്വജന്മത്തിൽ മ
ഹാബലിയുടെ പുത്രിയായ രത്നമാല ബലിയുടെ യജ്ഞശാലയിൽ എത്തിയ വാമനനെ കണ്ടിട്ട് മോഹിച്ച് അവൾ ഭഗവാനോട് അതിനായി പ്രാർത്ഥിക്കുന്നു. അതറിഞ്ഞ ഭഗവാൻ മനസ്സുകൊണ്ട് അവൾക്ക് വരം നൽകി. താൻ കൃഷ്ണനായി ജനിക്കുമ്പോൾ രത്നമാല പൂതനയായി ജനിക്കുമെന്നും ഭഗവാന്റെ സ്തന്യപാനത്താൽ അവളുടെ പുത്രസ്ഥാനം സ്വീകരിച്ച് അവൾക്ക് മോക്ഷപ്രാപ്തി സാദ്ധ്യമാകുമെന്നുമായിരുന്നു ഭഗവാന്റെ മൗനമായ അനുഗ്രഹം. ഈ പൂതനാമോക്ഷം എന്ന കാവ്യത്തെ കവയിത്രി എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

ശ്രീകൃഷ്ണ കഥകൾ പൂർണ്ണമായും വർണ്ണിക്കപ്പെടുന്ന ഒരു പദ്യകാവ്യമാണ് ചെറുശ്ശേരിയുടെ എങ്കിൽ കവയിത്രിയുടെ മനസ്സിൽനിന്നും പൊട്ടിവിടർന്ന
വൈഷ്ണവകാവ്യമാണ് “കൃഷ്ണഗീതങ്ങൾ “. ആത്മീയാവിഷ്ക്കാരത്തിന്റെയും, ഭക്തിയുടേയും ഉപാധി മാത്രമല്ല സൗന്ദര്യപരമായും, ഭക്തിപരവുമായ മൂല്യം പുലർത്തുന്നു എന്നുള്ളതു മാത്രമല്ല ഭക്തഹൃദയങ്ങളിൽ മനോവികാരങ്ങളെ
പ്രചോദിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്നു എന്നുള്ളതാണ് “കൃഷ്ണഗീതങ്ങൾ” എന്ന കവിതാ സമാഹാരത്തിന്റെ പ്രത്യേകത.

ഉലൂഖ ബന്ധനം എന്ന രസകര മായ കവിതയിലൂടെ തന്റെ എല്ലാമെല്ലാമായ ശ്രീകൃഷ്ണ ഭഗവാന്റെ ബാലലീല തന്റെ ഉള്ളിലുള്ള ആശയങ്ങളുമായി കൂട്ടി ചേർത്ത് അതിവിദഗ്ദമായി അവതരിപ്പിച്ചിരിക്കയാണ് കവയിത്രി . അറിവിന്റെ ഒരു മധുചഷകം തന്നെയാണ് ആ തൂലി ക തുമ്പിലൂടെ പിറവിയെടുത്തിരിക്കുന്നത്.

ഒരിയ്ക്കൽ യാശോദ തൈര് കടഞ്ഞു കൊണ്ടിരുന്ന സമയത്ത് കടയുന്ന സമയത്ത് കൃഷ്ണൻ ഓടിവന്ന് മടിയിൽ കയറിയിരുന്ന് സ്തന്യപാനം ചെയ്യാൻ തുടങ്ങി. യാശോദ
അടുപ്പത്ത് പാൽ വെച്ചിരുന്നു. അത് തിളച്ചു പൊന്താൻ തുടങ്ങുന്നതു കണ്ടപ്പോൾ യാശോദ പുത്രനെ മടിയിൽ നിന്നും ഇറക്കി വെച്ച് അടുക്കളയിലേക്കോടി.ഈ പ്രവൃത്തി കൃഷ്ണന് ഒട്ടും ഇഷ്ടപ്പെട്ടില്ല. കോപം വന്ന ആ ബാലൻ അമ്മി ക്കുഴവ കൊണ്ടുവന്ന് തൈരുകുടം ഉടച്ച് അവിടെ നിന്നും പൊയ്ക്കളഞ്ഞു. യശോദ തിരിച്ചു വന്നു നോക്കുമ്പോൾ തൈര്കലം ഉടഞ്ഞു തൈരു മുഴുവൻ നിലത്ത് ഒഴുകിയിരിക്കുന്നു. പുത്രനെ അവിടെയെങ്ങും കാണുന്നില്ല. എല്ലായിടത്തും തിരഞ്ഞപ്പോൾ അവർ കണ്ടത് ഉറിയിലെ കലത്തിൽ നിന്നും വെണ്ണയെടുത്ത് അത് തിന്നുകൊണ്ട് ഒരു മൂലയിൽ യിലിരിക്കുന്ന കുസൃതിയായ മകനെയാണ്. കോപം കൊണ്ടവർ അവനെ കെട്ടിയിടാൻ തീരുമാനിച്ചു. അങ്ങിനെ കയർ ടുത്ത കുറച്ചുനേരം ഉരലിൽ കെട്ടിയിടാം എന്ന് വെച്ചു കെട്ടിയിടാൻ തുടങ്ങി.അപ്പോൾ കയറിനു നീളമില്ല. അങ്ങിനെ എത്ര കയർ കൂട്ടികെട്ടിയിട്ടും നീളം കിട്ടുന്നില്ല. യശോദക്ക് ദേഷ്യവും, അക്ഷമയും വർദ്ധിച്ചു. അമ്മയുടെ നിസ്സംഗാവസ്ഥയും, ക്ഷീണവും കൊണ്ട് അവരോടുള്ള അനുകമ്പമൂലം ഭഗവാൻ സ്വയം ബന്ധനത്തിനു വശംവദനായി. യാശോദ പുത്രനെ ഉരലിൽ കെട്ടിയിട്ട് കുറച്ചുനേരം ഇരിക്ക് എന്നു പറഞ്ഞ് ഗൃഹകാര്യങ്ങളിൽ ഏർപ്പെട്ടു. ഉദരത്തിൽ ദാമത്താൽ കെട്ടപ്പെട്ടതു കൊണ്ട്ദാ മോദരൻ എന്ന പേരും ലഭിച്ചു.വില്വംമംഗലം സ്വാമിയാർ ഇപ്രകാരമാണോ ശ്രീകൃഷ്ണകർണ്ണാമൃതം കൊണ്ട് ഭക്തരെ പുളകമണിയിച്ചു എങ്കിൽ ഗീതാദേവി ടീച്ചർ ഉലൂഖബന്ധനം എന്ന കവിതയിലൂടെ ഭക്തഹൃദയങ്ങളെ പുളകിതയാക്കി.

അതി രസകരവും ഉദ്വേഗം ജനിപ്പിക്കുന്നതുമായ കഥയാണ് കാളിയമർദ്ദനം എന്ന കവിത ചൂണ്ടികാണിക്കുന്നത്. സുഗതകുമാരി കൃഷ്ണാ നീയെന്നെ അറിയുമോ എന്ന കവിതയിലൂടെ കണ്ണാനിലേക്ക് ഇറങ്ങി ചെന്നപ്പോൾ ഇവിടെ കവയിത്രി കാളിയമർദ്ദനം എന്ന സംഭവംബഹുലമായ രചനയിലൂടെയാണ് കൃഷ്ണ നിലേക്ക് ഇറങ്ങി ചെല്ലുന്നത്. അത് എന്താണെന്ന് നമുക്കൊന്ന് നോക്കണ്ടേ?.

കേട്ടാലും കേട്ടാലും മതിവരാത്ത ഒന്നാണ് കണ്ണന്റെ ബാലലീലകളിൽ ഒന്നായ കാളിയമർദ്ദനം. ഒരു ദിവസം കണ്ണൻ ഗോപന്മാരോടൊത്തു കാട്ടിലേക്ക് പോയി. അങ്ങിനെ കാലികളെ മേച്ചും, കളിച്ചും, കൊണ്ടിരിക്കുമ്പോൾ നേരം നട്ടുച്ചയായി. അവർക്ക് വല്ലാതെ ദാഹം അനുഭവപ്പെട്ടു. അവർ ദാഹശമനത്തിന്നായി കാളിന്ദിയിൽ ഇറങ്ങി വെള്ളം കുടിച്ചു. വെള്ളം കുടിച്ച ബാലന്മാരും, പശുക്കളും ചത്തുവീണു. അതുകണ്ട് സർവ്വയോഗാധീശനായ ഭഗവാൻ അവരെയെല്ലാം തൃക്കൺ പാർത്തു ജീവിപ്പിച്ചു. ബാലന്മാർ ഉറങ്ങി ഉണർന്നപോലെയായി. അങ്ങിനെ ഭഗവാൻ കാളിയന്റെ ഉഗ്രവിഷമാണ് കാളിന്ദിയെ ദൂഷിതമാക്കിയതെന്നറിഞ്ഞ ഭഗവാൻ അവനെ അവിടെനിന്ന് ഓടിക്കാൻ തീരുമാനിച്ചു. ഭഗവാൻ ഒട്ടും താമസിക്കാതെ കാളിന്ദി തീരത്തുള്ള കടമ്പുവൃക്ഷത്തിന്റെ മുകളിൽ കയറി കാളിന്ദിയിലേക്ക് ഊക്കൂടെ ചാടി. കാളിന്ദിയിലെ ജലം ക്ഷോഭിച്ചു ഇളകിമറഞ്ഞു കരയിലേക്ക് വ്യാപിച്ചു. കാളിന്ദിയുടെ അന്തർഭാഗത്തു താമസിച്ചിരുന്ന ജലത്തിന്റെ ക്ഷോഭം കണ്ട് വേഗത്തിൽ പൊന്തിവന്ന് അതിന്റെ കാരണക്കാരനായ കൃഷ്ണന്റെ സമീപത്തേക്ക് കോപത്തോടെ ചെന്ന് കൃഷ്ണന്റെ മർമ്മസ്ഥാനങ്ങളിൽ ദംശിച്ചു. ജ്വലിക്കുന്ന കണ്ണുകളോടും വിഷം വമിക്കുന്ന വായകളോടും കൂടിയുള്ള ആ സർപ്പത്തിന്റെ ദംശനമേറ്റ് ഭഗവാൻ തെല്ലും കുലുങ്ങിയില്ല. അതുകണ്ട ആ സർപ്പം കൃഷ്ണന്റെ ദേഹമാസകലം കെട്ടിവരിഞ്ഞുകൊണ്ട് അവനെ നിശ്ചേഷ്ടനാക്കി. ഇതുകണ്ട ഗോപബാലന്മാർ നിശ്ചലാവസ്ഥയിൽ കാളിന്ദിതീരത്ത് നില്പായി. ഈ സമയത്ത് ഗോകുലത്തിൽ പല ദുർനിമിത്തങ്ങളും കാണുകയുണ്ടായി. നന്ദഗോപരും, യശോദയും കൃഷ്ണന് വല്ല ആപത്തും സംഭവിച്ചിരിക്കുമോ എന്ന ആശങ്കയിൽ പരിഭ്രാന്തരായി. അങ്ങിനെ അവരൊക്കെ കൃഷ്ണനെ അന്വേഷിച്ച് കാട്ടിലേക്കോടി. ഭഗവൽ പാദങ്ങളിലെ പ്രത്യേക ചിന്ഹങ്ങൾ പതിഞ്ഞ വഴി നോക്കി അവർ കാളിന്ദി തീരത്തെത്ത. അപ്പോൾ അവർ കണ്ടത് നദീജലമദ്ധ്യത്തിൽ പാമ്പ് വരിഞ്ഞ ചേതനയറ്റ കൃഷ്ണനേയും, കരയിൽ ബോധമറ്റു കിടക്കുന്ന ഗോപന്മാരെയും, അവരുടെ സമീപത്ത് മുറവിളികൂട്ടുന്ന പശുക്കളേയുമായിരുന്നു. കൃഷ്ണന്റെ അവസ്ഥകണ്ടു കയത്തിലേക്ക് എടുത്തു ചാടാൻ തുണിഞ്ഞ യശോദയെ ഗോപികമാർ ത ടഞ്ഞു. വസുദേവരെ ബലരാമനും തടഞ്ഞു. അല്പസമയത്തിനുശേഷം കൃഷ്ണൻ ആ സർപ്പബന്ധനത്തിൽ നിന്നും കുതിച്ചു ചാടി.കാളിയനാണെങ്കിലോ തീകൊള്ളിപോലെ ഉഗ്രമായ കണ്ണുകൊണ്ട് കൃഷ്ണനെ നോക്കി വിഷംചീറ്റികൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാളിയൻ ക്ഷീണിച്ചു. അവന്റെ ഉയർത്തിപ്പിടിച്ച ഫണങ്ങൾ എല്ലാം ഭഗവാൻ ചവുട്ടിതാഴ്ത്തി അവയിന്മേൽ നൃത്തമാടി തുടങ്ങിയപ്പോൾ ആകാശചാരികളായ സിദ്ധഗന്ധർവ്വന്മാർ വാദ്യാഘോഷങ്ങളോടെ ഉപചരിച്ചു. കാളിയൻ ക്ഷീണിതനായെങ്കിലും ഓരോ തലപൊക്കിക്കൊണ്ടിരുന്നു. എന്നാൽ കൃഷ്ണൻ പൊന്തുന്ന തലകളെല്ലാം ചവുട്ടി താഴ്ത്തി.ഒടുവിൽ അവന്റെ വായിൽ കൂടിയും മൂക്കിൽകൂടിയും രക്തം വമിച്ചു. അവൻ ക്ഷീണിതനായി. കാളിയ പത്നിമാർ വസ്ത്രാഭരണങ്ങളും കേശഭാരവും അണിഞ്ഞവരായി ഭർത്താവിനെ മോചിപ്പിച്ചു കിട്ടുവാനായി ഭഗവാനോട് പ്രാർത്ഥിച്ചു. അതിമഹത്തായ സ്തോത്രങ്ങളാൽ
തങ്ങളുടെ ഭർത്താവിനെ വധിക്കരുതെന്ന് ഭഗവാനോട് യാചിച്ചു. മദം നശിച്ച കാളിയനും ഭാഗവാനോട് ക്ഷമ യാചിച്ചു കൊണ്ട് തനിക്ക് അർഹമായ ശിക്ഷ നൽകാൻ ഭഗവാനോട് പ്രാർത്ഥിച്ചു. കൃഷ്ണൻ അവന്റെ ഫണങ്ങളിൽ നിന്നുംഇറങ്ങി. അവനോട് പത്നിമാരെയും കൂട്ടി രമണകദ്വീപിലേക്കു പൊയ്ക്കോള്ളുവാനും ആജ്ഞാപ്പിച്ചു. ഫണം ങ്ങളിൽ ഭഗവാന്റെ പാദചിഹ്നം പതിഞ്ഞതുകൊണ്ട് ഗരുഡനിൽ നിന്നും ഭയപ്പെടേണ്ടതില്ലെന്നും അരുളിച്ചെയ്തു.

സ്വായംഭൂമന്വന്തരത്തിൽ വേദശിരസ്സ് എന്ന മഹർഷിയെ അശ്വശിരസ്സ് എന്ന മഹർഷി ശപിച്ച് ഗരുഡഭയമുള്ള oഒരു സർപ്പമായി പോകട്ടെ എന്നു ശപിച്ച. അവനാണ്  കാളിയൻ. അപ്പോൾ അവിടെ വിഷ്ണുഭഗവാൻ പ്രത്യക്ഷപ്പെട്ട് തന്റെ പാദം ശിരസ്സിൽ പതിയുമ്പോൾ അപ്പോൾ മുതൽ ഗരുഡഭയം നീങ്ങുമെന്ന് അനുഗ്രഹവും കൊടുത്ത.
കാളിയമർദ്ദനം ഇത്രയും നന്നായി മികവാർന്ന രചനയിലൂടെ കൃഷ്ണന്റെ ബാലലീലകൾ അവതരിപ്പിക്കാൻ കഴിയുക എന്നത് കവയിത്രിയുടെ പ്രത്യേക കഴിവ് തന്നെയാണ്.

രാധാ ദുഃഖം എന്ന സ്തുതി കണ്ടപ്പോൾ രാധാകൃഷ്ണന്മാർ പ്രണയലോലുപരായി ആടിപ്പാടി നടന്ന വൃന്ദാവനവും ഗോപസ്ത്രീകളുമാണ് മനസ്സിലേക്ക് ഓടി വരുന്നത്. കൃഷ്ണനിൽ മാത്രം മനസ്സ് ലയിച്ച രാധ കൃഷ്ണനെ കാണാതെ തുലാവർഷത്തിൽ പെയ്തൊഴിയാത്ത മഴപോലെ വിരഹിണിയായ രാധയുടെ കണ്ണുനീർ തുടക്കാൻ കൃഷ്ണൻ എത്തുമോ? കൃഷ്ണനെ കാത്തിരിക്കുന്ന രാധയുടെ ദുഃഖം വായനക്കാരുടെ ഹൃദയങ്ങളെ സ്പർശ്ശിക്കുന്നില്ലേ?

കവയിത്രിയുടെ മനസ്സാകുന്ന പേടകത്തിൽ നിന്നും ഇനിയും ഒഴുകട്ടെ ഒരുപാട് ഒരുപാട് കാവ്യത്തിൻ ശീലുകൾ എന്ന് ആശംസിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ പാദങ്ങങ്ങളിൽ എന്റെ ഈ എളിയ ആസ്വാദനം സമർപ്പിക്കുന്നു. 🙏🙏

ശ്യാമള ഹരിദാസ്.✍

RELATED ARTICLES

Most Popular

Recent Comments