ദുബായ് :ഷാർജയിലെ അൽനഹ്ദ പ്രദേശത്തെ അംബരചുംബിയായ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇന്നുണ്ടായ അഗ്നിബാധയിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.
അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടാൻ 44-ാം നിലയിൽ നിന്ന് ചാടിയ ഒരാളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റും കനത്ത പുക ശ്വസിച്ചും ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിബാധയെ കുറിച്ച് രാവിലെ 11.31 ന് ആണ് ഷാർജ സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചത്.
ടവറിന്റെ മുകളിലത്തെ നിലകളിലാണ് അഗ്നിബാധയുണ്ടായത്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിൽ നിന്ന് താമസക്കാരെ വേഗത്തിൽ ഒഴിപ്പിക്കാനും തീ നിയന്ത്രണവിധേയമാക്കാനും കൂടുതൽ നാശനഷ്‌ടങ്ങൾ തടയാനും ഒരേസമയം പ്രവർത്തിച്ചു.