തൃശൂർ: എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ തൃശൂരിലെ ബിജെപി നേതാവ് വിജീഷിന് സസ്പെൻഷൻ. പ്രാഥമിക അംഗത്വത്തിൽനിന്ന് തൃശൂർ ജില്ല നേതൃത്വമാണ് സസ്പെൻഡ് ചെയ്തത്.സിനിമയിൽ മതവിദ്വേഷ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. സ്വന്തം ഇഷ്ടപ്രകാരമാണ് ഹരജി നൽകിയതെന്ന് വിജീഷ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ചിത്രത്തിലെ പ്രധാന രംഗങ്ങൾ മുറിച്ചുമാറ്റിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീനും വെട്ടി.
പ്രധാന വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബൽദേവ് എന്നാക്കി.
താങ്ക്സ് കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും ഒഴിവാക്കിയിട്ടുണ്ട്. വിവാദങ്ങൾ തുടരുമ്പോഴും ചിത്രം ആഗോളതലത്തിൽ ഇരുന്നൂറ് കോടിയിലേറെ ഇതിനോടകം നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന ചിത്രവും എമ്പുരാനാണ്.