Saturday, September 28, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 16) 'ലതയുടെ ചിരി..' ✍സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ: (ഭാഗം – 16) ‘ലതയുടെ ചിരി..’ ✍സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

കോർട്ടേഴ്സിന്റെ വാതിൽ ചാരി മൂന്ന് പേരും മുറ്റത്തേക്ക് ഇറങ്ങി.

‘സാർ.., ടൈം എന്നാച്ച്..?’
ഒരു കുട്ടി ഓടിവന്നു ചോദിച്ചു..

‘ബെൽ അടിക്കാറായില്ലെടാ..’

ജോസ് മാഷിന്റെ ഉത്തരം പാതി കേട്ടതും അവൻ ഗ്രൗണ്ടിലേക്ക് ഓടി.

‘ഇത് എന്ത് ചെടിയാണ്..?’ ഗ്രൗണ്ടിന്റെ ഓരത്ത് നിന്ന സസ്യത്തെ ചൂണ്ടി സദാനന്ദൻ മാഷ് ചോദിച്ചു.

‘ഇതോ..? ഇതാണ് എരുക്ക് .. ഈ ചെടി കണ്ടിട്ടില്ലേ?

‘ഇല്ല ..’

‘ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ദാ ആ നിൽക്കുന്ന ആളോട് ചോദിച്ചാൽ മതി….’

സ്കൂൾ വരാന്തയിൽ നിൽക്കുന്ന ഒരു സ്ത്രീയെ അപ്പോഴാണ് സദാനന്ദൻ മാഷ് കണ്ടത്.
ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നും. വെളുത്ത നിറം. മെലിഞ്ഞിട്ട് ആണെങ്കിലും സുന്ദരി. കറുപ്പിൽ വെള്ള പുള്ളികളുള്ള സാരി അവൾക്ക് നന്നായി ചേരുന്നുണ്ട്.
ഇങ്ങനെ ഒരാളിനെ പറ്റി എന്നോട് ആരും പറഞ്ഞില്ലല്ലോ…! ആരായിരിക്കും?
പുതിയ ടീച്ചർ ആണോ?
ഏയ്…എങ്കിൽ ഇത്ര രാവിലെ ഇവിടെ എങ്ങനെ എത്തി?

‘ഗുഡ് മോർണിംഗ് സാർ …..’
അവർ മുറ്റത്തേക്ക് ഇറങ്ങിവന്നു.

‘ഗുഡ് മോർണിംഗ്…’

‘ സാർ ,ഇതാണോ പുതിയ സർ ?

അവർ ജോസ് മാഷിനോട് ചോദിച്ചു.

‘അതെ..….. ‘

‘ഊരിലെ കുട്ടികൾ പറയുന്നത് കേട്ടു, പുതിയ സാർ വന്നിട്ടുണ്ട് എന്ന്..’

‘ സാർ , എവിടെയാണ് വീട്?

ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു. സദാനന്ദൻ മാഷ് സ്ഥലം പറഞ്ഞുകൊടുത്തു.

‘ഇവിടുത്തെ പി.ടി.സി. എം ആണ്, പേര് ലത. സോമൻ മാഷ് പറഞ്ഞു.

സദാനന്ദൻ മാഷ്
ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു പോയി..!
പി.ടി.സി. എം എത്ര സുന്ദരി!

‘ലതേ…, ഈ സാർ എരുക്ക് ആദ്യമായിട്ട് കാണുകയാണത്രേ..! ഇതിനെക്കുറിച്ച് ഒന്ന് പറഞ്ഞു കൊടുക്കൂ…’

‘ജോസ് മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘സാർ , ഇതാണ് എരുക്ക് . തിരുവോണം നാളിൽ ജനിച്ചവരുടെ നക്ഷത്ര ചെടിയാണ് എരുക്ക്.
ശിവ ക്ഷേത്രങ്ങളിൽ വിഗ്രഹത്തിൽ ചാർത്താനായി എരുക്കു മാല ഉപയോഗിക്കാറുണ്ട്…’..

‘ലത വലിയ ഭക്ത ആണെന്ന് തോന്നുന്നല്ലോ..?’

ചിരിച്ചുകൊണ്ട് സദാനന്ദൻ മാഷ് ചോദിച്ചു.

‘ഏയ് , അങ്ങനെയൊന്നുമില്ല സർ..
ധാരാളം ഔഷധഗുണമുള്ള ചെടി കൂടിയാണ് എരുക്ക്… ‘
ലത തുടർന്നു.

‘ആണോ?..എന്തൊക്കെയാണ് ഔഷധഗുണങ്ങൾ.… ?
കേൾക്കട്ടെ……’

‘സാർ, എരുക്കിന്റെ എല്ലാ ഭാഗങ്ങളും ഔഷധമാണ്,
വേര് , തൊലി , ഇല, പൂവ് , കറ എല്ലാം… ‘
ത്വക്ക് രോഗം, ഛർദി, മൂലക്കുരു എന്നീ അസുഖങ്ങൾക്ക് എരുക്ക് ഉപയോഗിക്കാറുണ്ട്.
കാലിലെ ആണിയും, ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറ മാറ്റാനും എരുക്കിന്റെ പാൽ തുടർച്ചയായി പുരട്ടിയാൽ മതി.
പഴുതാര , ചിലന്തി എന്നിവ കടിച്ചാൽ എരുക്കിൻ പാലിൽ കുരുമുളക് പൊടിയിട്ട് അരച്ചിട്ടാൽ മതി..
പല്ലുവേദന ഉണ്ടായാൽ എരുക്കും കറ ഒരു പഞ്ഞിയിൽ മുക്കി കടിച്ചു പിടിച്ചാൽ മതി,.. പല്ലുവേദന പമ്പ കടക്കും…..’

ഒരു ആയുർവേദ ഡോക്ടറെപ്പോലെ എരുക്കിന്റെ ഔഷധ ഗുണങ്ങൾ ലത പറഞ്ഞുകൊണ്ടേയിരുന്നു. ഓരോന്നും വിശദമാക്കുമ്പോഴും ചിരിച്ചുകൊണ്ട് അവൾ ഒരു പ്രത്യേക രീതിയിൽ തലയാട്ടിയിരുന്നു.
അവളുടെ മുഖഭാവം കൊണ്ടും സ്വരം കൊണ്ടും വെളിവാക്കിയ ലാളിത്യം സദാനന്ദൻ മാഷിന് ഒത്തിരി ഇഷ്ടമായി.
നീണ്ട ഐശ്വര്യമുള്ള മുഖം.. നീളമുള്ള എന്നാൽ ചെറുതായി ചുരുണ്ട തലമുടി. അവളുടെ കണ്ണുകൾക്ക് ആഴക്കടലിന്റെ നീലമ . റോസ് നിറമുള്ള കവിളുകൾ …
നീണ്ടു വളഞ്ഞ കട്ടിയുള്ള പുരികത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്.
അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല..

‘ശരി, സർ…വരാം..’

ലത അവിടെനിന്ന് അടുക്കളയിലേക്ക് പോയി .
മറ്റുള്ളവർ ക്ലാസിലേക്കും…

ഇന്റർവെല്ലിന് എല്ലാവരും ചായ കുടിക്കാനായി അടുക്കളയിൽ എത്തി.

‘ലത എവിടെയാണ് താമസിക്കുന്നത്…? ‘

അടുക്കളയിൽ
ഭക്ഷണം പാകം ചെയ്യുന്ന ശീങ്കനെ സഹായിച്ചു കൊണ്ടിരുന്ന ലതയോട് സദാനന്ദൻ മാഷ് ചോദിച്ചു.

‘ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഊരിലാണ് സാർ എന്റെ താമസം…’

‘ഊരിലോ…?’
ആദിവാസികളുടെ ഒപ്പമോ..?

‘അതെ…….’

ആദിവാസികളുടെ ഊരിൽ ഒരു മുറിയുള്ള കൊച്ചു വീട്…

‘അപ്പോൾ അവരുടെ വീടിന് നമ്മുടേതുപോലെ വൃത്തി ഒക്കെ ഉണ്ടോ…?’

‘ഉണ്ടോന്ന് ….!
വീട് ചെറുതാണെങ്കിലും നമ്മുടെ വീടിനേക്കാൾ വൃത്തിയാണ് അവരുടെ വീടുകൾക്ക്.

‘ഓഹോ….’
അങ്ങനെയാണോ ..?’

‘സാർ ആദിവാസി ഊര് കണ്ടിട്ടില്ലല്ലോ?

‘ ഇല്ല ….

‘ഒരിക്കൽ വരു..’

‘തീർച്ചയായും… സ്കൂൾ ഇല്ലാത്ത ഒരു ദിവസം വരാം.

‘ആദിവാസികളുടെ വീടും പരിസരവും കാണേണ്ടത് തന്നെ. സാറിന് ഒരു പുതിയ അനുഭവമാകും ഓരോ കാഴ്ചയും…!
.
‘ലതയുടെ ശരിക്കുള്ള വീട് എവിടെയാണ്…..?’

‘ആനക്കട്ടി എന്ന് കേട്ടിട്ടുണ്ടോ..?’

‘ഉണ്ട്.. മണ്ണാർക്കാട് നിന്നും ആനക്കട്ടി പോകുന്ന മയിൽവഹനം ബസ്സിൽ ആണല്ലോ ഞാൻ വന്നത്..’

തമിഴ്നാടിനോട് ചേർന്നുള്ള ഒരു അതിർത്തി ഗ്രാമമാണ് ആനക്കട്ടി. അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരെയാണ് എന്റെ വീട്….

‘വീട്ടിൽ ആരൊക്കെ ഉണ്ട്..?

ആ ചോദ്യം കേട്ടപ്പോൾ ലത മാഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളുടെ നീലക്കണ്ണുകൾ വികസിച്ച് തിളങ്ങി….

‘അച്ഛൻ, അമ്മ പിന്നെ ഒരു ചേച്ചി.

‘അച്ഛൻ എന്ത് ചെയ്യുന്നു..?’

‘അച്ഛൻ പോസ്റ്റ് മാഷാണ്…
അമ്മയ്ക്ക് ജോലിയൊന്നുമില്ല .

‘ചേച്ചി യുടെ കല്യാണം കഴിഞ്ഞു വോ?’

ഇത് കേട്ടപ്പോൾ ലത വീണ്ടും ചിരിച്ചു. ‘
‘ഇല്ല സർ…’

‘ഇല്ലേ ..?
അതെന്താ…?

കല്യാണം ഒന്നും വന്നില്ല…

‘ചേച്ചി എന്ത് ചെയ്യുന്നു…?’

‘അടുത്തുള്ള ഒരു അംഗനവാടിയിൽ ഹെൽപ്പർ ആയി പോകുന്നുണ്ട്.
ശരി, സാർ പിന്നെ കാണാം…..’

സദാനന്ദൻ മാഷ് വരാന്തയിലൂടെ നടന്നു .സ്കൂളിന് സമീപത്തുള്ള ചെമ്മൺ പാതയിലൂടെ കുറെ ആടുകളെ മേയ്ച്ചുകൊണ്ട് ഒരു സ്ത്രീ പോകുന്നത് കൗതുകത്തോടെയാണ് മാഷ് നോക്കി നിന്നത് . സാരിയാണ് വേഷം.. പക്ഷേ ഒരു പ്രത്യേക രീതിയിൽ നെഞ്ചിനു മുകളിൽ കൂടി വരിഞ്ഞു കെട്ടി കഴുത്തിന്റെ മുകൾഭാഗം കാണുന്നതുപോലെയാണ് സാരി ഉടുത്തിരിക്കുന്നത്.

ഉച്ചഭക്ഷണത്തിന് ബെൽ മുഴങ്ങിയതും കുട്ടികൾ കൂട്ടത്തോടെ ക്ലാസിനു വെളിയിലേക്ക് ഓടി.

(തുടരും…..)

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments