Sunday, November 24, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 15). പൊരുത്തപ്പെടൽ. ✍സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ: (ഭാഗം – 15). പൊരുത്തപ്പെടൽ. ✍സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

ദൂരെ നീലഗിരി മലനിരകളിൽ തട്ടി സൂര്യപ്രകാശം ചിന്നിച്ചിതറി. മഞ്ഞയും ചുവപ്പും കലർന്ന മേഘങ്ങൾ അന്തരീക്ഷത്തിലൂടെ മെല്ലെ നീങ്ങി….

‘മാഷേ, രാത്രി നന്നായി ഉറങ്ങിയോ? ‘

സോമൻ മാഷ് ചായക്കപ്പുമായി മുന്നിൽ…
‘ഉം…….’

‘രാത്രിയിൽ എന്തോ ദു:സ്വപ്നം കണ്ട് പേടിച്ചെന്ന് തോന്നുന്നല്ലോ..?

ഉവ്വ്..
രാത്രിയിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു. കിടന്നിട്ട് ഉറക്കം വന്നില്ല. കുറെ നേരം കഴിഞ്ഞാണ് ഉറങ്ങിയത്. എന്തൊക്കെയോ ദു:സ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരുകയും ചെയ്തു.

‘ആദ്യമായിട്ടാണോ വീടു മാറി കിടക്കുന്നത്?

‘അല്ല …’

‘പിന്നെ…..?’

‘എന്തോ.,അറിയില്ല…
അതൊക്കെ പോട്ടെ…
ഇവിടെ ഹോട്ടൽ ഒന്നും ഇല്ലേ? ഭക്ഷണം നമ്മൾ തന്നെ ഉണ്ടാക്കണമോ?
ചായ കുടിച്ചുകൊണ്ട് സദാനന്ദൻ മാഷ് അടുക്കളയിലേക്ക് ചെന്നു.

അവിടെ ഒരാൾക്ക് നിന്ന് തിരിയാൻ ഇടമില്ല . വിറകടുപ്പിൽ അരി തിളക്കുന്നുണ്ട് .
ജോസ് മാഷ് തക്കാളി അരിയുന്നു. ഒരു മൂലയിൽ കുറെ ഉരുളക്കിഴങ്ങും, തക്കാളിയും , പച്ചമുളകും കിടപ്പുണ്ട്. മറ്റൊരു മൂലയിൽ നിലക്കടല കൂട്ടിയിട്ടിട്ടുണ്ട്.. അടുക്കളയിലെ സിമന്റ് റാക്കിൽ ഒരു ട്രേയിൽ പകുതിയോളം മുട്ട ഉണ്ട്.

‘ഇന്ന് തക്കാളി ആണോ മാഷേ കറി?’
സദാനന്ദൻ മാഷ് ചോദിച്ചു.

‘ഇന്നല്ല , എന്നും ഇതൊക്കെ തന്നെ, ഒന്നുകിൽ തക്കാളിക്കറി ..
അല്ലെങ്കിൽ തക്കാളിയും കിഴങ്ങും ഇട്ടുള്ള കറി .
അതിൽ പുഴുങ്ങിയ മുട്ട പൊളിച്ചിട്ടാൽ മുട്ടക്കറി….
ചിലപ്പോൾ ചെറുപയർ പുഴുങ്ങിയത്…..
ഇതൊക്കെയാണ് നമ്മുടെ മെനു.’

‘അപ്പോൾ ഇവിടെ വേറെ പച്ചക്കറി ഒന്നും കിട്ടില്ലേ…?’

‘ വേറൊന്നും ഇവിടെ കിട്ടില്ല മാഷേ..
പച്ചക്കറി വാങ്ങണമെങ്കിൽ ഇരുപത് കിലോമീറ്റർ അകലെയുള്ള കോട്ടത്തറ ചന്തയിൽ പോകണം. വ്യാഴാഴ്ചയാണ് ചന്ത. നമുക്ക് ഒരു ദിവസം പോകാം…’

‘മാഷേ , എവിടെയാ ബാത്റൂം..?’

ബാത്റൂമോ..? ഇവിടെയോ..?

ജോസ് മാഷ് ചിരിച്ചു കൊണ്ട് ചോദിച്ചു. ദാ …അതിലെ പോയാൽ ചോളം കൃഷി ചെയ്തിട്ടുണ്ട് …
അതിനപ്പുറം വിശാലമായ പൊന്തക്കാടാണ്.
അതി വിശാലമായ ബാത്റൂം..
തോട്ടിൽ വെള്ളവും കാണും….’

‘അയ്യേ..!. ബാത്ത്റൂം ഇല്ലേ ?

ഇനി എന്തു ചെയ്യും ..!
മനസ്സില്ലാമനസ്സോടെ തോർത്തും സോപ്പുപെട്ടിയുമായി സദാനന്ദൻ മാഷ് നടന്നു.

‘ഇതെന്തിനാ തോർത്തും സോപ്പ് പെട്ടിയും?

‘കുളിക്കാൻ…’

‘കുളിക്കാനോ…….?
ഇവിടുത്തെ തോട്ടിലെ വെള്ളത്തിലോ..?

ശരി ശരി…മാഷ് പോയിട്ട് വരൂ …
ചിരിച്ചുകൊണ്ട് ജോസ് മാഷ് പറഞ്ഞു.

റോഡിൽ നിന്ന് ഇറങ്ങിയതും ഇടത് വശത്ത് നിലക്കടല കൃഷിയാണ്.
കൃഷി സ്ഥലത്തിന്റെ അരികിലുള്ള വരമ്പിലൂടെ സദാനന്ദൻ മാഷ് അരുവി ലക്ഷ്യമാക്കി നടന്നു..

നിലക്കടല കൃഷിസ്ഥലം കഴിഞ്ഞതും ചോളം നിരനിരയായി നിൽക്കുന്നത് കണ്ടു തുടങ്ങി. പൂത്ത് കുലച്ചു നിൽക്കുന്ന മണിച്ചോളം കാണാൻ തന്നെ നല്ല ഭംഗിയുണ്ട്..

ദൂരെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാം. കുറച്ചു ദൂരം പോയതും ചെറിയ കുറ്റിക്കാടുകൾ കണ്ടു തുടങ്ങി. പലതരത്തിലുള്ള സസ്യങ്ങൾ നിറഞ്ഞ പൊന്തക്കാട് .. മലഞ്ചെരുവിനോട് അടുക്കുംതോറും ഇടതൂർന്ന കുറ്റിക്കാടുകൾ കണ്ടു തുടങ്ങി.
ദൂരെ മലഞ്ചെരുവിലൂടെ..
വെള്ളം കുത്തി ഒഴുകുന്നു ..
നല്ല ഓറഞ്ച് നിറത്തിൽ വെള്ളം കലങ്ങി മറിഞ്ഞ് ഒഴുകുന്നു.
മലഞ്ചെരുവിലൂടെ വെള്ളം പാറക്കെട്ടുകളിൽ തട്ടി ഒഴുകുന്ന കാഴ്ച കാണാൻ ഭംഗിയുണ്ട്.
അരുവി എത്തുന്നതിനു മുൻപ് ഒരു വലിയ ഇലവുമരം..
ഇത്രയും വലിയ ഇലവുമരം ആദ്യമായി കാണുകയാണ് ..
മരത്തിന്റെ വശത്തുള്ള പാറക്കൂട്ടങ്ങളിൽക്കൂടി നടന്നു.

എങ്ങനെ കാര്യം സാധിക്കും? ചുറ്റുപാടും നോക്കി ആരും കാണുന്നില്ല.
ഒരു കല്ലിൽ ഇരുന്നു..
പെട്ടെന്ന് ഇലവുമരത്തിൽ നിന്നും ഒരു വലിയ പരുന്ത് തിരിഞ്ഞു നോക്കിക്കൊണ്ട് പറന്നകന്നു … തന്നെയാണോ അതോ നോക്കിയത് ? ആ മുഖത്ത് ഒരു ക്രൗര്യഭാവം തെളിഞ്ഞു വോ? അതോ തനിക്ക് തോന്നിയതോ?
അഞ്ചു മിനിറ്റ് നേരം കല്ലിൽ ഇരുന്നിട്ടുണ്ടാവണം, പക്ഷേ , കാര്യം സാധിച്ചില്ല.

മെല്ലെ അരുവിയുടെ അടുത്തേക്ക് നടന്നു.
ഈ കലക്കവെള്ളത്തിൽ എങ്ങനെ കുളിക്കും ?
കണ്ടിട്ട് തന്നെ ഛർദ്ദിക്കാൻ വരുന്നു.
സദാനന്ദൻ മാഷ് മുന്നിൽക്കണ്ട ഒരു പാറയുടെ മുകളിൽ കയറി ഇരുന്നു. പാറക്കല്ലിൽ തട്ടിത്തെറിക്കുന്ന വെള്ളം…!
പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ഒഴുക്ക് മായാതെ മനസ്സിലും പതിഞ്ഞു.

വെള്ളത്തിലേക്ക് ഒരു കാൽ വെച്ചതും പെട്ടെന്ന് പിറകോട്ട് വലിച്ചു.. !
എന്തൊരു തണുപ്പ്!
ഒരു പാറയുടെ ഓരത്തിരുന്ന് കൈക്കുമ്പിളിൽ വെള്ളം എടുത്തു..
ഐസ് കട്ടയിൽ പിടിക്കുന്ന പോലുണ്ട്. മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങി. ശരീരത്തിലൂടെ തണുപ്പ് അരിച്ചു കയറി…
കലക്കവെള്ളത്തിൽ ഒരു വിധം കാൽ കഴുകി സദാനന്ദൻ മാഷ് തിരിച്ചു നടന്നു….

‘മാഷ് പോയിട്ട് കുറെ നേരമായല്ലോ എന്താ കുളിച്ചില്ലേ ..?
ജോസ് മാഷാണ്..

‘ ഇല്ല…. ഈ കട്ട കലക്ക വെള്ളത്തിൽ എങ്ങനെ കുളിക്കുവാനാണ്?’

‘ഞങ്ങൾ എന്നും കുളിക്കാറില്ല കേട്ടോ…
മഴപെയ്താൽ രക്ഷപ്പെട്ടു.
മഴവെള്ളം കിട്ടിയാൽ സമാധാനത്തോടെ കുളിക്കാം..

ജോസ് മാഷ് ദൂരെ കുറ്റിക്കാടിനെ ലക്ഷ്യമാക്കി നടന്നു പോയി.

‘സാറേ, ബെല്ലടി ക്കാറായോ?’

സ്കൂളിന്റെ മുന്നിൽ എത്തിയതും ഒരു കുട്ടി ഓടിവന്ന് ചോദിച്ചു..

‘കുറച്ചുകൂടി കഴിയട്ടെ…’

പറഞ്ഞത് അവന് മനസ്സിലായോ എന്നറിയില്ല , അവൻ ഓടിപ്പോയി.
കോർട്ടേഴ്സിൽ എത്തി ഡ്രസ്സ് മാറി.. ജീവിതത്തിൽ ആദ്യമായിട്ടാണ് കുളിക്കാതെ ഡ്രസ്സ് ധരിച്ച് എവിടെയെങ്കിലും പോകുന്നത്…. !എല്ലാമായി പൊരുത്തപ്പെടുക..!
അല്ലാതെ പറ്റില്ലല്ലോ…

(തുടരും…..)

✍സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments