ശങ്കരനറിയാതെ അല്ലെങ്കിൽ ശങ്കരനെയറിയിക്കാതെ ഞവരക്കാട്ട് കാര്യങ്ങളില്ല. കാര്യബോധവും, കാര്യപ്രാപ്തിയും വേണ്ടതിലധികമുള്ള നാട്ടുകാര്യങ്ങളിൽ കൂടി വാക്കിനു വലിയ വിലയുള്ള പത്മനാഭ പണിക്കരുടെ ചെറിയ മകൻ്റെ പ്രായം പോലുമില്ല ശങ്കരന്. എന്നാലും ആ വീട്ടിൽ ഒരു കാര്യം തീരുമാനിക്കുന്നതിനു മുമ്പ് ശങ്കരനോട് ഒന്ന് പറയും. ചോദിക്കും എന്നല്ലട്ടൊ പറയും.
“ശങ്കരാ ഇങ്ങനെ ചെയ്യാനാ കരുതണത് എന്താ നിനക്ക് തോന്നണ്. ”
പിഞ്ചുണ്ണിയെഴുത്തച്ഛനോടുള്ള പോലെയോ അതിലും കൂടുതലോ ആയ ഒരു ബഹുമാനമാണ് ശങ്കരന് പണിക്കരോട് തിരിച്ചുള്ളത്. വല്യച്ഛാ എന്നാണ് ശങ്കരൻ പണിക്കരെ വിളിക്കാറുള്ളത്. ലക്ഷ്മിക്കുട്ടി ടീച്ചറെ അമ്മേയെന്നും.
അഞ്ചേക്കറോളം കൃഷിഭൂമിയുണ്ട് ഞവരക്കാട്ടുകാർക്ക് അത് മുഴുവൻ നോക്കി നടത്തൽ അതിൽ എവിടെയൊക്കെ നെല്ല്, മരച്ചീനി, വാഴ ഏതാണ് വേണ്ടത് എന്ന് സമയവും സന്ദർഭവുമനുസരിച്ച് നിശ്ചയിക്കൽ. എല്ലാം ശങ്കരനാണ്.വലിയ എസ്റ്റേറ്റൊന്നുമല്ലെങ്കിലും മലഞ്ചെരിവിലുള്ള റബ്ബർത്തോട്ടത്തിലും ശങ്കരന്റെ കണ്ണെത്തണം.
പണിക്കർ കൃഷിയും കാര്യങ്ങളുമെല്ലാം നോക്കി നടത്താൻ മിടുമിടുക്കനായിരുന്നെങ്കിലും മൂന്ന്കൊല്ലം മുമ്പ് വന്ന ഹൃദയാഘാതത്തെ തുടർന്ന് വലിയ സജീവത നിർത്തി. രാമാനന്ദൻ മാഷ്ക്കാണെങ്കിൽ കഥ, കവിത, വായനശാല,സാംസ്കാരിക രംഗം , സ്കൂൾ ഇതൊക്കെ തന്നെ പ്രധാനം. ഒന്നര കിലോമീറ്റർ ദൂരെയുള്ള ഹൈസ്ക്കൂളിൾ മലയാളം മാഷാണ് രാമാനന്ദൻ . കോട്ടൂപ്പുറത്ത് ഹൈസ്ക്കൂൾ എന്നാണ് ആ സ്കൂളിനെ പറയാറ്. ഒരു പാട് ബിസിനസ്സുകൾ ഉള്ളവരാണെങ്കിലും കോട്ടൂപ്പുറത്തുകാർക്ക് സ്കൂൾ വലിയ തോതിലുള്ള ഒരു കച്ചവടമല്ല. ഒരു കാലത്തും ആയിരുന്നതുമില്ല. ഇപ്പഴത്തെ മാനേജർ സൈതാലി ഹാജിയുടെ ബാപ്പ മുഹമ്മദാലി ഹാജിക്ക് പത്മനാഭ പണിക്കരെ വലിയ കാര്യമായിരുന്നു. അധികാരി പണിക്കരു കുട്ടി എന്നാണ് വിളിക്കുക അങ്ങനെയാണ് എല്ലാവരോടും പറയുക. കോട്ടൂപ്പുറത്ത് തറവാട്ടിൽ നല്ല സ്ഥാനവുമുണ്ടായിരുന്നു പണിക്കർക്ക്. രാമാനന്ദൻ ജോലിക്ക് ചേരുന്ന സമയം സൈതാലി ഹാജി ആ സ്നേഹം നന്നായി പ്രകടിപ്പിക്കുകയും ചെയ്തത്രേ.
“അതിപ്പൊ നിങ്ങടെ മകന് ഒരു പരിഗണനയൊക്കയില്ലാതിരിക്കില്ലല്ലോ പണിക്കരേ. അല്ലെങ്കിൽ പിന്നെ ഞാൻ കോട്ടൂപ്പുറത്ത് മുഹമ്മദാലിഹാജീടെ മകനാന്ന് പറഞ്ഞ് നടക്കേണല് എന്താ കാര്യം” എന്നാണത്രേ സൈതാലി ഹാജി ചോദിച്ചത്.
ഞവരക്കാട്ടെ കൃഷി എന്നല്ല എല്ലാ കാര്യങ്ങളിലും പ്രധാന സ്ഥാനമുണ്ട് ശങ്കരന്. പലചരക്ക് സാധനങ്ങൾ വാങ്ങൽ, എങ്ങോട്ടെങ്കി ലും യാത്രയുണ്ടെങ്കിൽ വാഹനം വിളിച്ചു കൊണ്ടുവരൽ.കൂടാതെ നാട്ടിൻ പ്രദേശത്തെ ഏക സിനിമാ ടാക്കീസ് ആയ ഞവരക്കാട്ടുകാരുടെ ഉടമസ്ഥതയിലുള്ള ആര്യാ ടാക്കീസിൻ്റെ മേൽനോട്ടം ,ആ ചെറിയ അങ്ങാടിയിലുള്ള നാല് കടമുറികളുടെ വാടക പിരിച്ചു കൊണ്ടു വരൽ. തുടങ്ങി എല്ലാ കാര്യങ്ങളിലും.
ശങ്കരൻ്റെ അമ്മ മാളു പട്ടത്ത്യാരും ഞവരക്കാട്ട് സഹായത്തിനെത്തിയിരുന്നു. ശ്വാസം മുട്ട് കലശലാവുന്നതുവരെ. ചെറുപ്പത്തിൽ നാടുവിട്ടു പോയ കൃഷ്ണൻ എന്ന് പേരായ ഏട്ടനും കുൽക്കല്ലൂരിലേക്ക് പതിനാറാം വയസ്സിൽ കല്യാണം കഴിച്ചയച്ച ദേവയാനി എന്ന മൂത്ത സഹോദരിയുമാണ് ശങ്കരന്റെ കുടപ്പിറപ്പുകൾ.
ദേവയാനിക്കൊക്കെ വലിയ മക്കളായി ജീവിതത്തിരക്കുകളായി. കുൽക്കല്ലൂരിൽ നിന്ന് വല്ലപ്പോഴുമേ പാടാക്കരയിൽ വരാറുള്ളൂ.കുട്ടിക്കാലം മുതലേ ശങ്കരൻ ഞവരക്കാട്ടെ സ്ഥിരസാന്നിദ്ധ്യമാണ്. പിഞ്ചുണ്ണിക്കും മാളുവിനുമൊപ്പം വന്നു തുടങ്ങിയതാണവിടെ. അവരുള്ളപ്പോൾ തന്നെ ശങ്കരൻ പ്രധാനിയും അവരുടെ മരണശേഷം ഞവരക്കാട്ടെ സ്വന്തവുമായി.
ശങ്കരന്റെ ഭാര്യ സുധയും അത്യാവശ്യകാര്യങ്ങൾ ഉണ്ടായാൽ ഞവരക്കാട്ടുണ്ടാവും. രണ്ട് പെൺകുട്ടികളാണ് ശങ്കരന് മൂത്തയാൾ അഞ്ച് വയസ്സുകാരി നിഷ, രണ്ടാമത്തവൾ ഒരു വയസ്സുകാരി ഉഷ .
ശ്രീക്കുട്ടനെന്നു വെച്ചാൽ ശങ്കരന് ജീവനാണ്.ഒരിക്കൽ രണ്ടര വയസ്സുള്ള സമയത്ത് ഞവരത്തോട്ടിൽ ഒലിച്ചു പോയതാണ്ശ്രീക്കുട്ടൻ . രക്ഷകനായി എത്തിയതും ശങ്കരനാണ്. ഞവരത്തോട് നിറഞ്ഞ് കുത്തിയൊലിച്ചൊഴുകിയ ഒരു മഴക്കാലം. മഴയല്പം തോർന്ന ഒരു ഉച്ചയ്ക്ക് ശ്രീക്കുട്ടനെ ഒക്കത്തിരുത്തി ചോറ് കൊടുക്കാനായി .
കാഴ്ചകൾ കാണിച്ച് പടിക്കലെത്തിയതായിരുന്നു ലക്ഷ്മിക്കുട്ടി ടീച്ചർ. എന്താണ് അന്ന് സംഭവിച്ചതെന്നറിയില്ല. സാധാരണ എല്ലാ കാര്യങ്ങളിലും വലിയ ശ്രദ്ധ പുലർത്തുന്ന ടീച്ചർ ” അച്ഛമ്മയുടെ കുട്ടി നോക്കെടാ ….. അച്ഛമ്മ കാണിച്ചു തരാം ട്ടൊ “എന്ന് പറഞ്ഞ്, വരമ്പത്തിരുന്നിരുന്ന കൊറ്റിയെ കാണിച്ചു കൊടുക്കാൻ പടിപ്പുരയും, പാലവും കടന്ന് തോട്ടുവരമ്പിലേക്കിറങ്ങി. വഴുക്കി കാലു തെറ്റി.രണ്ടാളും നേരെ തോട്ടിലേക്ക്. ഒരു നിലവിളിയാണ് ശങ്കരൻ കേട്ടത്. ദൈവം പറഞ്ഞയച്ചതു പോലെ ആ സമയം തോട്ടുവരമ്പിൽ ശങ്കരൻ ഉണ്ടായിരുന്നു. ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ ശങ്കരന് അവരെ കരയ്ക്കെത്തിക്കാൻ. ടീച്ചർ ശ്രീക്കുട്ടനെ കൈവിടാതെ മുറുക്കി പിടിച്ചതും രക്ഷയായി. നനഞ്ഞൊട്ടി കരയ്ക്ക് നിന്ന് കിടുകിടെ വിറച്ച ലക്ഷ്മിക്കുട്ടി ടീച്ചറുടെ കൈയിൽ നിന്ന് ശ്രീക്കുട്ടനെ പിടിച്ചു വാങ്ങി തുരുതുരെ ഉമ്മ വെച്ച് ശങ്കരൻ പറഞ്ഞു കൊണ്ടിരുന്നത്രേ.
” ഒന്നും പറ്റിയിട്ടില്ല അമ്മേ ഒന്നും പറ്റിയിട്ടില്ല സാരല്യ…. സാരല്യ.”
ആ ഒരു കരുതലും ശ്രദ്ധയും എന്നും ഏത് കാര്യത്തിലും ശങ്കരന് ആ വീട്ടുകാരോടുണ്ടായിരുന്നു.
ഒരിക്കൽ ആര്യ ചെറിയമ്മ അമ്മയോട് ശബ്ദം താഴ്ത്തി പറഞ്ഞത് ശ്രീക്കുട്ടൻ കേട്ടു.
” ഏടത്തിയമ്മേ തോട്ടറയ്ക്കലെ ദാസന്റെ ശല്യം നല്ലോണം കൂട്ണ് ണ്ട് . രണ്ട് മൂന്ന് പ്രാവശ്യായി ഓരോന്ന് പറയുണു ഞാൻ കേൾക്കാത്ത മട്ടില് ഓടിപ്പോന്നു. പുതൃക്കോവിലിന്റെ ഇടവഴിയിൽ വെച്ച് ഇന്നലെ പിന്നാലെ കൂടി. അവിടെയെത്തുമ്പോൾ അല്ലെങ്കിലും എനിക്ക് പേട്യാ. വഴീല് ആരൂല്ലെങ്കില് ഞാൻ ഓടും.” ഇതു പറഞ്ഞു തീർന്നപ്പോൾ ആര്യയ്ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.
തലയിൽ തലോടി മാലിനി ആര്യയെ സമാധാനിപ്പിച്ചു.
“സാരല്യട്ടൊ ….
ഏടത്തിയമ്മ വഴിണ്ടാക്കാം.ഇരു ചെവിയറിയാതെ.പ്പൊ ഇത് ൻ്റെ കുട്ടി ആരോടും പറയണ്ടട്ടൊ.”
ആ വഴിയായിരുന്നു ശങ്കരേട്ടൻ എന്ന് പിന്നെ മണ്ണിൽത്തൊടിയിലെ കല്യാണിയേടത്തീടെ സംസാരത്തിൽ നിന്നറിഞ്ഞു. ഒരാഴ്ച കഴിഞ്ഞ്. മാലിനി രമാനന്ദനോടും രാമാനന്ദൻ ശങ്കരനോടും വിവരം പറഞ്ഞതാകാനാണു സാദ്ധ്യത.
തറവാടിന്റെ പിന്നാമ്പുറത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ കല്യാണിയേടത്തി ശബ്ദം താഴ്ത്തി മാലിനിയോടു പറഞ്ഞതിങ്ങനെ.
” അമ്പ്രാളെ ങ്ങക്ക് ഒരു കാര്യം കേക്കണോ.നാല് ദിവസം മുമ്പ് അതായത് കഴിഞ്ഞ ശനിയാഴ്ച്ച സന്ധ്യക്ക് ഒരു സംഭവണ്ടായി.ഒരു ആറര ആറേമുക്കാലായി കാണും. കഷ്ടി ഇരുട്ട് പരക്കാൻ തുടങ്ങീണു. ഞാൻ പുഴയിൽ നിന്ന് അലക്ക് കഴിഞ്ഞ് തുണി ക്കെട്ടുമായി കയറി വരികയാണ്. നമ്മുടെ കുട്ടിപ്പാറയുടെ ആ തിരിവില് വെച്ച് ഒരു ചെറിയ ബഹളം പോലെ. നോക്കുമ്പൊ എന്താ. നമ്മടെ ശങ്കരന്റെ ചവിട്ട് കൊണ്ട് തോട്ടറയ്ക്കലെ ദാസൻ മറിഞ്ഞു വീഴുണു. ഒറ്റ ചവിട്ടിനാ താഴെയിട്ടത്. അവിടെയിട്ട് വീണ്ടും ശങ്കരൻ ചവിട്ടി. അവന്റെ കാലിന്റെ ഒരു ശക്തി. പറയുമ്പൊ ദാസനും അത്ര ആരോഗ്യം കുറഞ്ഞ ആളൊന്നുല്ലല്ലോ. പക്ഷേ ശങ്കരനെ ഒന്നും തിരിച്ചു ചെയ്യാൻ പറ്റീല ഓന്.പിന്നെ ദാസനെ വലിച്ചു നീപ്പിച്ച് ഒരു പറച്ചിൽ.
എടാ ഞവരക്കാട്ടെ കുട്ടീടെ നേരെ നീയിനി നോക്കിയെന്നറിഞ്ഞാൽ ചവിട്ടിക്കൊന്നുകളയും കള്ളപന്നീന്ന്.”
അതിന് ഞാനൊന്നും ചെയ്തില്ല ശങ്കരാ എന്ന് ദാസൻ.ചെയ്താൽ പിന്നെ നീയില്ല എന്ന് ശങ്കരനും. തിരിഞ്ഞു നടക്കുമ്പോൾ ശങ്കരൻ ഇങ്ങനെ കൂടി പറഞ്ഞു.
ആരും അറിഞ്ഞിട്ടില്ല. ഇതിവിടെ തീരണം. ഇല്ലെങ്കിൽ അറിയാലോ ശങ്കരനെ .ഇനി വല്ലതും ഞാൻ കേട്ടാൽ തോട്ടറയ്ക്കലെ അപ്പുണ്യാരെ തെക്കോട്ടെടുക്കുമ്പോൾ തല പിടിക്കാൻ യ്യ് ണ്ടാവില്ല. അത്രന്നെ. വേറെ വർത്താനണ്ടാവില്ലിനി നല്ലോണം ഓർത്തോ . ഞവരക്കാട്ടെ ഉപ്പും ചോറുമാണ് ഞാൻ. മറക്കണ്ടയ്യ്.
” ഞാൻ ഇതൊക്കെക്കണ്ട് ആ കുട്ടിപ്പാറക്ക് മറഞ്ഞു നിന്നു. ന്നെ ദാസൻ കാണണ്ടാന്ന് കരുതീട്ട്.ശങ്കരനെ ഞാൻ ഇക്കോലത്തില് ഈ ഭാവത്തില് കാണണത് ഇതാദ്യാ .നാലുപുറവും നോക്കി ദാസൻ ചിറിയും തുടച്ച് പോയ ശേഷാ ഞാൻ പോന്നത്. ഓന്റ സ്വഭാവം വളരെ മോശാണ് എന്ന് എല്ലാവരും പറയണ് കേട്ടിട്ടുണ്ട്. ഇവിടത്തെ കുട്ടീനെ വല്ലതും പറഞ്ഞോ. ശല്യപ്പെടുത്തിയോ?”
മാലിനി ഒന്നു ചിരിച്ചു. പിന്നെ പറഞ്ഞു.
” ഏയ് ദാസൻ ആര്യയെ എന്തെങ്കിലും പറഞ്ഞെന്നോ ശല്യപ്പെടുത്തീന്നോ ഒന്നും അവളിവിടെ പറഞ്ഞില്ല. ശങ്കരനും ഇതൊന്നും സൂചിപ്പിച്ചില്ല. ഇനി ചിലപ്പൊ ദാസൻ ആര്യയെ വല്ലതും പറഞ്ഞോന്നോ അത് ശങ്കരൻ അറിഞ്ഞോന്നോ അറിയില്ല. ഏതായാലും അത് കഴിഞ്ഞില്ലേ? സാരല്യ. ഇതൊക്കെ നാട്ടില് പതിവല്ലേ.”