കിളികൊഞ്ചും വയലിന്റെ ചാരെ നിന്നാ –
കളമൊഴി കേൾക്കുമാറായിരുന്നു!
കൊലുസിന്റെ തേങ്ങലിന്നാഴങ്ങളിൽ
കനലുകൾ മൂടിടും ചിരിയലയും
ഇളവെയിൽ ചായുന്നോരിടവഴിയിൽ
മുകിൽമുല്ല പൂത്തപോലെന്നുമെന്നും
മൃദുമന്ദഹാസത്തിൻ കതിരുവീശും
കണിമലരോർമ്മത്തെല്ലായി കാലം!
ചെറുപുള്ളിച്ചാരുത ചേർന്നുമിന്നും
ഞൊറിവച്ച പാവാടച്ചോപ്പിനൊപ്പം
അരളിപ്പൂക്കുങ്കുമമേഴഴകിൽ
ചൊരിയും കവിൾത്തടകാന്തി
കാൺകേ
എരിയുന്നൊരുന്മാദചേഷ്ടകൾതൻ
ഞെരിപൊരിവിക്രമം കണ്ട രാവി-
ന്നിരുളിൻകയത്തിൽ വീണാണ്ടുമുങ്ങീ
മലരേ!നിൻ മാധവമെന്തു കഷ്ടം!!
തണലാകെ വറ്റിയ കാലവീഥി-
ക്കിരുളേകി സന്ധ്യകൾ
മാഞ്ഞിടുമ്പോൾ,
ഉയരുമാ ഗദ്ഗദമർമ്മരങ്ങൾ
പഥികന്റെയാത്മാവിൽ രോദനമായ്!
“ഇതു നിന്റെ നാടല്ലേ? ഓർമ്മയില്ലേ?
ഇവിടെക്കലികകൾ പൂത്തിടേണ്ടേ?
ഇലപൊട്ടും മുമ്പേ കൊഴിഞ്ഞുവീഴാ-
നിടവരാതിളയെ നീ കാത്തിടേണ്ടേ??
കതിരിടും പെൺപൂവിൻകാമനകൾ-
ക്കതിരില്ലാമാനങ്ങൾ നൽകിടേണ്ടോൻ
അധികാരക്കൊതിയോടരിഞ്ഞു
വീഴ്ത്തും
കഥയിതു, മാറ്റിയെഴുതിടേണ്ടേ?