പത്തനംതിട്ട —മൂലൂർ സ്മരണ നൽകുന്ന സന്ദേശം സാമൂഹിക മാറ്റത്തിന് പ്രേരണയാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സരസകവി മൂലൂർ എസ് പദ്‌മനാഭപണിക്കരുടെ 155 – മത് ജയന്തിയും സ്മാരകത്തിൻ്റെ 35-ാം വാർഷിക ആഘോഷത്തിന്റെയും ഉദ്‌ഘാടനം മൂലൂർ സ്‌മാരകത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മാനുഷിക വിഭജനം ഏറെ നടക്കുന്ന കാലഘട്ടത്തിൽ നഷ്ടപെട്ട് പോകുന്ന മാനുഷിക മൂല്യത്തെ ചേർത്ത് പിടിച്ചുകൊണ്ടാണ് മൂലൂർ സ്മാരകം പ്രവർത്തിക്കുന്നത്. മൂലൂർ സ്മരണകൾ വിവേകപൂർവ്വം ചിന്തിക്കുന്നതിനു സഹായിക്കുന്നുവെന്നും സാമൂഹിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം എഴുത്തുകളിലൂടെ വരും തലമുറകളിലേക്കുള്ള വെളിച്ചം അദേഹം പകർന്നു നൽകിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുന്‍എംഎല്‍എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എസ് അനീഷ്‌മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിതാ കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാന്‍, സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗം മനോജ് ദാമോദർ, കെ.എന്‍. രാധാചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.