Friday, November 22, 2024
Homeഅമേരിക്കകവിയും പ്രശസ്ത സംസ്കാര വിമർശകനും കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിലെ മലയാളം പ്രൊഫസറുമായ ഡോ. കെ.കെ....

കവിയും പ്രശസ്ത സംസ്കാര വിമർശകനും കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിലെ മലയാളം പ്രൊഫസറുമായ ഡോ. കെ.കെ. ശിവദാസുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര – 4)

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖ പരമ്പര (ഭാഗം – 4)

ചോദ്യം:
1. കവിതയാലിരുന്നല്ലോ താങ്കളുടെ തുടക്കം. 2005 ൽ പ്രസിദ്ധീകരിച്ച സസ്യജന്മം എന്ന പുസ്തകത്തിനു ശേഷം കവിതയിൽ നീണ്ട നിശബ്ദതയായിരുന്നല്ലോ. 18 വർഷമെടുത്തു രണ്ടാമത്തെ പുസ്തകമിറങ്ങാൻ – എന്താണ് ഇതിനിടയിൽ സംഭവിച്ചത് ?

ശരിയാണ്. സസ്യജന്മത്തിനു ശേഷം 4 കവിതകളാണ് എഴുതിയത്. 2002 മുതൽ ഔദ്യോഗികജീവിതത്തിന്റെ രംഗത്തേക്ക് കടന്നു. 2006 ൽ സർവ്വകലാശാലയിൽ അധ്യാപകനായി. അതോടെ കവിതയെഴുത്ത് പൂർണ്ണമായി നിലച്ചു. ഭ്രാന്തുപിടിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു അധ്യാപന കേന്ദ്രത്തിൽ. കാലിക്കറ്റ് സർവ്വകലാശാല പോലൊരിടത്ത് പഠിക്കുകയും ഇടപെടുകയും ചെയ്ത ഒരാൾ എന്ന നിലയ്ക്ക് പുതിയ തൊഴിലന്തരീക്ഷം മടുപ്പിക്കുന്നതായിരുന്നു. തന്റെ ഇംഗീതത്തിനനുസരിച്ച് അധ്യാപകരെയും വിദ്യാർത്ഥികളെയും പാവകളാക്കുന്ന ഒരാൾക്കു കീഴിലെ തൊഴിലെടുപ്പ് ഭയാനകമായിരുന്നു. ഞാൻ ജോലി ചെയ്ത ഇടത്തെ സ്റ്റാഫ് കൗൺസിൽ മീറ്റിംഗുകൾ ആകാശവാണി പ്രക്ഷേപണം പോലെയായിരുന്നു. ഒരാൾ സംസാരിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ആകെ മൂന്ന് സ്ഥിരാദ്ധ്യാപകർ ഉണ്ടായിരുന്നയിടത്ത് രണ്ടു പേർ മാടുകളെക്കാൾ ദയനീയരായി പണിയെടുത്തു. മറ്റേയാൾ കുറേ ചപ്പടാച്ചിലേഖനങ്ങളെഴുതി പുസ്തകങ്ങളിറക്കി പുരസ്കാരങ്ങൾ സംഘടിപ്പിച്ചു സാംസ്കാരിക പ്രമുഖനായി. മുമ്പ് കോളേജിൽ ജോലി ചെയ്തിരുന്നപ്പോൾ പണം പലിശയ്ക്ക് കൊടുക്കുക, മദ്യപിച്ച് റോട്ടിൽ കിടക്കുക, ഗർഭസത്യഗ്രഹത്തിനിരുന്ന പെൺകുട്ടിയെ തന്റെ തോഴനു വേണ്ടി മയപ്പെടുത്തുക തുടങ്ങിയ സാംസ്കാരികപ്രവർത്തനങ്ങളായിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്. സർവ്വകലാശാലയിലെത്തിയതോടെ തന്ത്രം മാറ്റി. എല്ലാ രാഷ്ട്രീയക്കാരെയും വശത്താക്കി. ക്യാമ്പസ് മുതലാളി എന്നാണ് കോൺഗ്രസ്സുകാരനായ ഒരു പി.വി.സി. ഇയാളെ വിശേഷിപ്പിച്ചി രുന്നത് വിദ്യാർത്ഥികളെക്കൊണ്ട് അപമാനിക്കുക, മറ്റ് സർവ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെയടുത്ത് മടിയൻ ഒന്നിനും കൊള്ളാത്തവൻ എന്നിങ്ങനെ പറഞ്ഞു പരത്തുക തുടങ്ങി ഒരാളെ എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെ ഉപദ്രവിച്ചു. 2017 ൽ പി.ഡി.എഫ്. ചെയ്യുമ്പോൾ മലയാളം സർവ്വകലാശാലയിൽ സെമിനാറിനു പോയത് അറിയിച്ചില്ലെന്ന് പറഞ്ഞ് എന്റെ ശമ്പളം തടഞ്ഞുവെക്കാൻ ഇടയാക്കി. ഇദ്ദേഹത്തിനെതിരെ സർവ്വകലാശാലയിൽ എനിക്കു മുമ്പേ ഒരധ്യാപിക പരാതി നൽകിയിരുന്നു. എന്റെ പരാതി സിണ്ടിക്കേറ്റ് അന്വേഷിച്ചു. അന്വേഷിക്കാൻ വന്ന മെമ്പർ മാർക്ക് കുശാലായ സദ്യ നൽകി പുള്ളി കാര്യമൊതുക്കി. ഈ അംഗങ്ങളിലൊരാൾ മുൻ മന്ത്രിയുടെ പി.എ.യായിരുന്നു. അധികാരം എവിടെയോ അവിടെ ആളുകൾ തൂങ്ങും എന്ന് മനസ്സിലാക്കുവാൻ ഇടയാക്കിയതും ദലിത് സ്വത്വവാദത്തോട് വിടപറയാൻ ഇടയാക്കിയതും ഈ സംഭവമാണ്. അന്ന് അവിടെയുണ്ടായിരുന്ന ഒരു റിട്ടയേഡ് ദലിത് അദ്ധ്യാപകനും ദലിത് പ്യൂണുമാണ് ഇദ്ദേഹത്തെ രക്ഷിക്കാൻ കൂട്ടുനിന്നത്.

2. സംസ്കാരവിമർശനത്തിൽ ഒരു വ്യത്യസ്ത സമീപനമാണ് താങ്കൾ സ്വീകരിക്കുന്നത്. മലയാളത്തിലെ സംസ്കാരവിമർശനത്തെ ഒന്നു വിലയിരുത്താമോ?

മലയാളത്തിൽ സംസ്കാരവിമർശം തുടങ്ങി വെച്ചത് ടി.പി സുകുമാരനാണ് എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹമാണ് സാഹിത്യകേന്ദ്രിതമായ ആഖ്യാനങ്ങളിൽ നിന്ന് ഭിന്നമായി സംഗീതം, കൈത്തറിയുടെ താളം തുടങ്ങി വ്യത്യസ്തമായവിഷയങ്ങളെ കുറിച്ച് എഴുതുന്നത്. ഈ തുടക്ക സ്ഥാനം കേസരി ക്കു ചാർത്തിക്കൊടുക്കുന്ന പണ്ഡിതന്മാരും പ്രഭാഷകരും നമുക്കിടയിലുണ്ട്. സംസ്കാരം എന്ന നിലയിലുള്ള പഠനമാണ് സംസ്കാരപഠനം. സംസ്കാരത്തെക്കുറിച്ചുള്ള പഠനമല്ല. അങ്ങനെ മനസ്സിലാക്കിയവരാണ് ചരിത്രം. കല്പ ഗണിതം, ചിത്രകല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെഴുതിയ കേസരിയെ സംസ്കാരപഠനത്തിന്റെ പിതൃത്യ മേൽപ്പിക്കുന്നത്. കേസരി മലയാളത്തിൽ അവതരിപ്പിച്ച സാങ്കേതികസംജ്ഞകളോ, നിരൂപണ മാർഗമോ പിൽക്കാലത്ത് കേരളത്തിൽ സ്വീകരിക്കപ്പെട്ടില്ല എന്നതാണ് സത്യം. കേസരി മഹാനാണെന്ന് പറഞ്ഞ പ്രഭാഷകരായ എം.എൻ. വിജയന്റെയും സുനിൽ പി. ഇളയിടത്തിന്റെയും സ്ഥിതി കേസരിയെക്കാൾ കഷ്ടമാണ്. സംസ്കാരപഠനത്തിന്റെ മറ്റൊരാചാര്യനായി അറിയപ്പെടുന്ന ഡോ. സ്കറിയ സക്കറിയ യഥാർത്ഥത്തിൽ എന്തെങ്കിലും സംഭാവന ഈ മേഖലയിൽ ചെയ്തിട്ടുണ്ടോ ? കുറെ സ്തുതിപാഠകരെയുണ്ടാക്കി എന്നതിൽ ക്കവിഞ്ഞ് എന്താണ് അദ്ദേഹത്തിന്റെ സംഭാവന – കേരളത്തിൽ ടി.പി.സുകുമാരൻ, എ.സോമൻ , തുടങ്ങിയവരിലൂടെ തുടക്കമിട്ട സംസ്കാരപഠനത്തെ കൊളോണിയലിസത്തിലേക്ക് ജ്ഞാന സ്നാനം ചെയ്യുകയാണ് സ്കറിയ സക്കറിയ ചെയ്തത്. അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശികളായ ആസ്ഥാന പണ്ഡിതന്മാർ അവസരം പോലെ മാർക്സിസ്റ്റും കോൺഗ്രസ്സും കളിച്ചു. കേരളത്തിൽ മാർക്സിസത്തിനപ്പുറത്ത് ഒന്നുമില്ല എന്ന ധാരണ സൃഷ്ടിക്കാനും ബഹുലതയുടെ പേരിൽ എന്തു ചവറിനെയും (സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുണ്ടായിരുന്നു ഇതിൽ ,ന്യായീകരിക്കുകയുമാണ് സ്കറിയ സക്കറിയ ചെയ്തത്. സംസ്കാരപഠനത്തിന്റെ വിഷയമേഖല വികസിപ്പിക്കാനോ , യൂറോപ്യൻ മാർക്സിസ്റ്റുകളിൽ ഭരണകൂട വിധേയത്തo പ്രകടിപ്പിക്കാത്ത ധിഷണാശാലികളെക്കുറിച്ച് എഴുതാനോ ഇക്കൂട്ടർ തയ്യാറായില്ല. ഇപ്പോഴും ഗ്രാംഷിയാണ് കേരളത്തിലെ സംസ്കാര പഠിതാക്കളിൽ പലരുടെ ചിന്താധാരയെ ചലിപ്പിക്കുന്നത് എന്നത് തന്നെ അതിന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്നു ജനപ്രിയ സംസ്കാരത്തോട് ഈ പണ്ഡിതന്മാർ പുലർത്തിയ നിലപാട് സങ്കുചിതമായിരുന്നു. ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവയോട് മുഖം തിരിച്ച രാഷ്ട്രീയക്കാരെപ്പോലെയായിരുന്നു സംസ്കാര പഠനത്തിന്റെ വക്താക്കളും. ദലിത്‌പഠനത്തിനും ഫോക് ലോറിനും സംഭവിച്ച ദയനീയത ന്നെയാണ് കേരളത്തിൽ സംസ്കാരപഠന രംഗവും നേരിടുന്നത്. സാംസ്കാരികവായന, ഒരു സംസ്കാരപഠനം എന്നൊക്കെ പ്രബന്ധ ശീർഷീകങ്ങളിൽ കാണുമെങ്കിലും രീതിശാസ്ത്രം പഴയതുതന്നെയായിരിക്കും. അടിത്തട്ടിൽ നിന്നുള്ള ചരിത്രമെന്ന ഇ.പി. തോംപ്സന്റെ കാഴ്ചപ്പാടിനെക്കുറിച്ച് നാഴികക്ക് നാല്പതു വട്ടം പറയുന്ന മാർക്സിസ്റ്റ്‌ ബുദ്ധിജീവികൾ കർഷകത്തൊഴിലാളികൾ തുന്നൽക്കാർ, ബീഡി തെറുപ്പുകാർ , മുടി വെട്ടുകാർ, ആശാരിമാർ, കല്പണിക്കാർ തുടങ്ങിയവരുടെ ചരിത്രം എത്രയെഴുതി? ആധുനികതയെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും പറയുന്നവർ ഫോട്ടോഗ്രഫി മലയാളികളിൽ സൃഷ്ടിച്ച പരിവർത്തനം, ഗാർഡനിങ്ങ്, ക്ലബ്ബുകൾ, സിനിമാ തിയേറ്ററുകൾ, മാലുകൾ, സഞ്ചാരങ്ങൾ തുടങ്ങിയവയെക്കുറിച്ചൊന്നും പരിചയപ്പെടുത്തിയില്ല. അൽത്തൂസർ ഗ്രാംഷി ബ്രെഹ്ത്, ഫ്രഡറിക് ജയിംസൺ എന്നിവർക്കുപുറമെയുള്ള മാർക്സിസ്റ്റുകളെ ഇവർ പരിചയപ്പെടുത്തിയില്ല. ജ്ഞാനത്തിന്റെ സാമൂഹ്യ ശാസ്ത്രം എന്ന ചിന്താപദ്ധതി വികസിപ്പിച്ചയാളും റഷ്യൻ വിപ്ളവത്തിന്റെയും ലെനിന്റെയും ഏകാധിപത്യ ശൈലി ആദ്യം തിരിച്ചറിഞ്ഞ ജോർജ് ഗുർവിച്ച് മുതൽ എടുപ്പുകളിലെ ( architechture, ]ലെ ജനവിരുദ്ധതയാണ് കമ്യൂണിസത്തിന്റെ തകർച്ചക്ക് ഹേതുവെന്ന് കണ്ടെത്തിയ ഹെൻറി ലെഫെബർ തുടങ്ങിയവരൊന്നും എന്തിന് ആധുനികതക്ക് മാർക്സിസ്റ്റ് വ്യാഖ്യാനം നൽകിയ വാൽത്തർ ബെന്യാമിൻ പോലും ഇവിടെ കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല.അക്കാദമിക ജീവിതത്തിന്റെ ഭാഗമായാണ് ഞാൻ സംസ്കാര പഠന രംഗത്തേക്ക് വന്നത്. ഫോക് ലോർ പഠന രംഗത്ത് അനുഭവപ്പെട്ട പഴമയുടെ ദ്രവിച്ച ഗന്ധവും അതിനിടയാക്കി. സംസ്കാരവും സാഹിത്യവും എന്ന പുസ്തകത്തിനു മുമ്പ് ഡോക്ടറൽ പ്രബന്ധം തൃശൂർ പൂരം പകിട്ടും പെരുമയും എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ അന്തർ വൈജ്ഞാനിക പഠനങ്ങളിലൊന്നായിരുന്നു അത്. വികേന്ദ്രീകരണം ആൾക്കൂട്ടമന ശാസ്ത്രം. കാർണിവൽ തിയറി സമ്പദ് ശാസ്ത്രം തുടങ്ങിയവ ഉപയോഗിച്ച് കേരളത്തിലെ ഒരു പ്രധാന ഉത്സവത്തിന്റെ പഠനമായിരുന്നു. അതിനെക്കുറിച്ച് ആരും ചർച്ച ചെയ്തു പോലുമില്ല. ഫാൻസും തള്ളുകാരുമില്ലാത്തതു കൊണ്ട് സംസ്കാരവും സാഹിത്യവും, നിരാകരണത്തിന്റെ നാനാർത്ഥം, പ്രവാസം പ്രതിനിധാനവും സർഗാത്മകതയും പരിത്യക്തരുടെ ലോകങ്ങൾ എന്നീ പുസ്തകങ്ങൾക്കൊന്നും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. സംസ്കാരവും സാഹിത്യവും കേരള ഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ വിമർശനത്തിനുള്ള പുരസ്കാരം നേടി. പ്രവാസമാകട്ടെ തിക്കുറിശ്ശി ഫൗണ്ടേഷന്റെ മികച്ച സാംസ്കാരിക ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് നേടിയത്. ഇക്കാലയളവിൽ കേരള സാഹിത്യ അക്കാദമി നിരൂപണം/ പഠനം വിഭാഗത്തിൽ പുരസ്കാരം നേടി. യ പുസ്തകങ്ങളെക്കാൾ ഈ പുസ്തകങ്ങൾക്ക് ഒരു കുറവുമില്ല.സംസ്കാരപഠന രംഗം വികസിക്കാൻ അതിന്റെ രീതിശാസ്ത്രം ഉപയോഗിച്ചുള്ള പഠന രീതികൾ അവലംബിക്കണം. ഫീൽഡ് വർക്ക്, ഇന്റർവ്യൂ , വിഷയത്തിനു യോജിച്ച സിദ്ധാന്തങ്ങൾ എന്നിവ പ്രയോഗിക്കണം. കവിതാപഠനത്തിൽ സംസ്കാരപഠനത്തിന്റെ മാതൃക അവലംബിച്ച് ചില പഠനങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. റേഡിയോ പഠനങ്ങൾക്കും നാടോടി സാങ്കേതിക വിദ്യാ പഠനങ്ങൾക്കും മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ കോളേജുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികളും അധ്യാപകരും പ്രവാസ പഠനം, ജനപ്രിയ സംസ്കാര പഠനം എന്നിവ സംബന്ധിച്ച ആശയ വിനിമയത്തിന് വിളിക്കാറുണ്ട്. നേരിൽ ചർച്ച ചെയ്യാറുമുണ്ട്.മുതലാളിത്ത വികാസത്തോടെ കഴിഞ്ഞ മൂന്ന് ദരാബ്ദത്തോളമായി കേരളത്തിലുണ്ടായ മാറ്റങ്ങളെ അഭിമുഖീകരിക്കാനോ അവയെക്കുറിച്ച് പഠിക്കാനോ സംസ്കാരപഠന രംഗത്തെ ആസ്ഥാനപണ്ഡിതന്മാർ തയ്യാറായില്ല.ജീവചരിത്രം, ആത്മകഥ, പ്രവാസം എന്നിവ മുൻനിറുത്തിയുള്ള ജേർണൽ പതിപ്പുകൾ എഡിറ്റു ചെയ്തു. രണ്ടായിരത്തിനു ശേഷമുള്ള മലയാള നോവലിനെക്കുറിച്ച് പുസ്തകം എഡിറ്റ് ചെയ്തു. എസ്.കെ. വസന്തന് എഴുത്തച്ഛൻ പുരസ്കാരം കൊടുക്കാമെങ്കിൽ സ്വന്തമായി ഒന്നിലധികം വിഷയമേഖല വികസിപ്പിച്ച എനിക്കതു തരാൻ വൈകി എന്നു നിങ്ങൾ മനസ്സിലാക്കണം.

3. പുതിയ കവിത പുതിയ ഭാവുകത്വത്തെ പിന്തുണക്കുന്നുണ്ടോ?

പുതിയ കവിത പല തരത്തിലാണ് പുതുഭാവുകത്വത്തെ പിന്തുണക്കുന്നത്. പലമ എന്ന ഒറ്റപ്പദം കൊണ്ട് അത് തീരുന്നില്ല. ഏതാനും പേരുകളിൽ ഒതുങ്ങുന്നുമില്ല. കവിതയും ജനതയും തമ്മിലെ ബന്ധത്തെക്കുറിച്ച് സച്ചിദാനന്ദനോ ബി.രാജീവനോ കണ്ട കാഴ്ചകളല്ല പുതിയ കവിതയിലുള്ളത്. നഗരച്ചേരികൾ, തുറകൾ , കടലോരങ്ങൾ, സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ എന്നിങ്ങനെ കവിത അതിന്റെ ഉദാത്തതയുടെ പേരിൽ പുറത്താക്കിയ വിഷയികളുടെ റിപ്പബ്ലിക്കെന്ന നിലയിലാണ് പുതു കവിത നവഭാവുകത്വത്തെ പിന്തുണക്കുന്നത്. യൂണിവേഴ്സിറ്റി ഒരു പാഠം എന്ന എന്റെ കവിത അതേ പേരിലുള്ള എം.ബി.മനോജിന്റെ കവിതയുടെ അനുകരണമോ തുടർച്ചയോ ആകാതെ പുറന്തള്ളപ്പെട്ട മനുഷ്യരെക്കുറിച്ചുള്ള ആധി മാത്രമാകാതെ സ്വന്തമിടത്ത് പിടിച്ചു നിൽക്കാനാവാത്ത ഒരുവന്റെ ആത്മകഥയായി മാറുകയാണ്.

4. മലയാളത്തിലെ സാഹിത്യവിമർശനം ഒട്ടും മൗലികമല്ല എന്നും സൈദ്ധാന്തികാതിപ്രസരം വിമർശനത്തെ സർഗ്ഗാത്മകമാക്കുന്നില്ല എന്നും ഉള്ള അഭിപ്രായത്തെ എങ്ങനെ വിലയിരുത്തുന്നു?

മലയാളത്തിലെ സാഹിത്യവിമർശനം മൗലികമല്ല അതൊക്കെ ആധുനികതയുടെ കാലത്തായിരുന്നു. അല്ലെങ്കിൽ മാരാരുടെ കാലത്തായിരുന്നു എന്നു പറയുന്നവർ ഒന്നുകിൽ പുതിയ പുസ്തകങ്ങൾ വായിക്കാത്തവരോ അജ്ഞത അലങ്കാരമായി കരുതുന്നവരോ ആണ് . ഈ പറയുന്നവർ കെ.പി. അപ്പന്റെയും നരേന്ദ്രപ്രസാദിന്റെയും എത്ര ലേഖനങ്ങൾക്ക് ഇന്ന് നിലനില്പുണ്ട് ആധുനികതയുടെ പേരിൽ ഒരുതരം വരേണ്യവാദമാണ് ഇവർ രണ്ടു പേരും സ്വീകരിച്ചത്. ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള നരേന്ദ്രപ്രസാദിന്റെ ലേഖനം ഒന്നാന്തരം കോമഡിയാണ്. നിൽക്ക് ഞാൻ പറയട്ടെ ! തുടങ്ങിയ അപ്പന്റെ ലേഖനശീർഷകങ്ങൾ മറ്റൊരു കോമഡിയാണ്. ആഷാ മേനോന്റെ ലേഖനങ്ങൾ ഋതo തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഒളിച്ചുകടത്തിയ പുനരുത്ഥാനവാദം എത്ര പേർ തിരിച്ചറിഞ്ഞു. ആ പശ്ചാത്തലത്തിലാണ് പുതിയ നിരൂപകർ പ്രസക്തരാകുന്നത്. അവർക്ക് ഫാൻസ് ക്ലബ്ബില്ലാത്തതു കൊണ്ടു മാത്രമാണ് നിങ്ങൾ തിരിച്ചറിയാത്തത്. അക്കാദമിക വിമർശനരംഗം ഇത്രയധികം സജീവമായതിന്റെ സൂചനയാണ് സൈദ്ധാന്തിക അടിത്തറയുള്ള വിമർശനങ്ങൾ . പഴയ പലരെയും പോലെ ഏതെങ്കിലും സൈദ്ധാന്തികന്റെ പേരോ പുസ്തകത്തിന്റെ പുറംചട്ടയോ കണ്ടെഴുതുന്നവർ ഇപ്പോഴുമുണ്ടാകാം. എന്നാൽ .പി.എസ് രാധാകൃഷ്ണൻ, പി.എം.ഗിരീഷ്, തോമസ് സ്കറിയ ജി.ഉഷാകുമാരി ഒ.കെ. സന്തോഷ്, തുടങ്ങിയ നിരൂപകരെ നോക്കുക അവരുടെ പുസ്തകങ്ങൾ കാണുക. എന്നിട്ടു പറയണം അഭിപ്രായം.

5. സാഹിത്യത്തിൽ സ്ത്രീവാദ സമീപനത്തെക്കുറിച്ചുള്ള നിരീക്ഷണം പങ്കുവയ്ക്കാമോ?

സ്ത്രീവാദ സമീപനം സാഹിത്യത്തിൽ പിന്തുടർന്ന പ്രധാന വിമർശക പി. ഗീതയാണ്. ജി.ഉഷാകുമാരിയുടെ എഴുത്തുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. ശാരദക്കുട്ടിയുടേത് ഫീച്ചറുകളാണ്. വാരികകളുടെ പത്രാധിപന്മാർ സൃഷ്ടിച്ച നിരൂപക എന്നതിൽ ക്കവിഞ്ഞ് അവർക്ക് പ്രാധാന്യമില്ല. കേരളത്തിലെ സ്ത്രീവാദത്തെക്കുറിച്ചോ അതിന് പാർശ്വവൽ കൃതരായ മനുഷ്യരോടുള്ള ആഭിമുഖ്യത്വത്തെക്കുറിച്ചോ എനിക്ക് യാതൊരു മതിപ്പുമില്ല. അലങ്കരണങ്ങളോടാണ് അവയിൽ ഭൂരിഭാഗവും ഉപമിക്കപ്പെടേണ്ടത്. സ്ത്രീ എന്ന സംവർഗത്തെ മതം, ജാതി, വർഗ്ഗം എന്നിവ നെടുകെ പിളർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ച് പോസ്റ്റ് ഫെമിനിസ്റ്റ് യുഗത്തെക്കുറിച്ച് ഒക്കെ അജ്ഞരാണവർ. അക്കാദമിക മധ്യവർഗത്തിന്റെ ജഡിലതയായി വി.സി.ശ്രീജ നെപ്പോലുള്ളവർ കണ്ടതിനേക്കാൾ പരിതാപകരമാണ് കേരളത്തിലെ പലസ്ത്രീവാദ വിചാരമാതൃകയും. ദലിത് ഫെമിനിസത്തെക്കുറിച്ച് സാമാന്യം നല്ല ലേഖനമെഴുതിയ ഒരാളാണിതു പറയുന്നത്. പഠിച്ചിട്ടു വിമർഷിക്കൂ എന്നാണല്ലോ ഫേസ് ബുക്ക് ന്യായം. അതെ പഠിച്ചിട്ടു തന്നെയാണിതു പറയുന്നത്.

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

Most Popular

Recent Comments