Monday, September 16, 2024
Homeഅമേരിക്കഒരു മൗനജാഥ യുടെ ഓർമ്മകൾ (ഓർമ്മക്കുറിപ്പ്) ✍ അനുലക്ഷ്‌മി വി ആർ, ആലപ്പുഴ

ഒരു മൗനജാഥ യുടെ ഓർമ്മകൾ (ഓർമ്മക്കുറിപ്പ്) ✍ അനുലക്ഷ്‌മി വി ആർ, ആലപ്പുഴ

1984 ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.. ആ വർഷമാണ് നമ്മുടെ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് വധിക്കപ്പെട്ടത്. നാടെങ്ങും ദുഃഖം… കുട്ടികളായ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിന്റെ ഗൗരവം ഒന്നും വ്യക്തമായില്ലെങ്കിലും സംഭവം വലുതാണെന്ന് തോന്നി.. ആ ദുഃഖത്തിൽ പങ്കുചേരാനായി ഞങ്ങളുടെ സ്‌കൂളും തയ്യാറായി. ആലപ്പുഴ സെന്റ് മൈക്കിൾസ് ഹൈസ്കൂൾ തത്തംപള്ളി സ്കൂളിൽ ആണ് ഞാൻ പഠിച്ചത്..

ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ ഔദ്യോഗിക അവധിയെല്ലാം കഴിഞ്ഞ്, സ്കൂളിൽ എത്തിയ കുട്ടികളെയെല്ലാം അണിനിരത്തി പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ ഒരു അസംബ്ലി നടത്തി… ഇന്ദിരാഗാന്ധിയ്ക്ക് അനുശോചനം അർപ്പിച്ചശേഷം പറഞ്ഞു…അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി നാളെ നമ്മുടെ സ്കൂളിൽ നിന്ന് ഒരു മൗനജാഥ സംഘടിപ്പിക്കുന്നുണ്ട്…..എല്ലാവരും വീട്ടിൽ ചോദിച്ചിട്ട് സമ്മതം ഉള്ളവർ പങ്കെടുക്കുക എന്ന്..

പിറ്റേദിവസം രാവിലെ സ്കൂളിൽ എത്തിയ ശേഷം അധ്യാപരെല്ലാം മൗനജാഥയ്ക്കുള്ള തയാറെടുപ്പിൽ ആയിരുന്നു.. അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. വീട്ടിൽ പറയാൻ മറന്നു.. ഇന്നത്തെ പോലെ ഫോൺ സൗകര്യം ഒന്നും ഇല്ലല്ലോ വിളിച്ചു പറയാൻ.. എന്റെ പ്രിയകൂട്ടുകാരി അന്നമ്മയ്ക്ക് ഒരേ നിർബന്ധം നമ്മുക്ക് ജാഥയ്ക്ക് പോകണന്ന്…ഞങ്ങളുടെ രക്തത്തിൽ രാജ്യസ്നേഹം തിളച്ചു… പലവട്ടം തിരിച്ചും മറിച്ചും ചിന്തിച്ചു.. അവസാനം ഞങ്ങൾ ആ ശക്തമായ തീരുമാനം എടുത്തു… മൗനജാഥയ്ക്ക് പങ്കെടുക്കുക തന്നെ എന്ന്…
ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ തേർസ്യാമ്മ ടീച്ചർ വന്നു ജാഥയ്ക്കു പങ്കെടുക്കുന്നവരുടെ ലിസ്റ്റ് എടുത്തു.. ഞങ്ങൾ അഭിമാനപുർവ്വം പേര് കൊടുത്തു ….
പങ്കെടുക്കാത്തകുട്ടികൾക്ക് വീട്ടിൽ പോകാൻ അനുവാദം കൊടുത്തു. അതിനാൽ അവരൊക്കെ പോയി..

കൃത്യം മൂന്നു മണിയ്ക്ക്,, ജാഥ ആരംഭിച്ചു.. മിണ്ടാൻ പാടില്ല,പരിചയമുള്ളആളുകളെ കണ്ടാൽ ചിരിക്കാൻ പോലും പാടില്ല… തികച്ചും വളരെ ഗൗരവം നിറഞ്ഞ ഒരു ജാഥ….
ഏതാണ്ട് പകുതി ദൂരം പിന്നിട്ടപ്പോഴേയ്ക്കും എന്റെ കാലുകൾ കഴയ്ക്കാൻ തുടങ്ങി… വേദനയും… ശരീരം മുഴുവൻ ക്ഷീണം കൊണ്ട് തകരുന്ന പോലെ… കൈയിൽ കരുതിയിരുന്ന വെള്ളവും തീർന്നു… ആരെങ്കിലും അല്പം വെള്ളം തന്നിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു.. മിണ്ടെരുതെന്ന് താക്കീത് ഉള്ളതുകൊണ്ട് ചോദിക്കാനും പേടി… അതിനിടയിൽ ആരൊക്കെയൊ കുട്ടികൾ തളർന്നു വീണു..അവരെ എടുത്തു വണ്ടിയിൽ കയറ്റി ഇരുത്തി വെള്ളം കൊടുക്കുന്നുണ്ട്… ഞാൻ മനസ്സിൽ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി ഒന്നു തളർന്നു വേണെങ്കിൽ എന്ന്.. പക്ഷെ അതുണ്ടായില്ല എന്നുമാത്രമല്ല…. ഞാൻ ഇതേവരെ കണ്ടിട്ടില്ലാത്ത ഏതൊക്കെയൊ വഴികളിൽ കൂടെയൊക്കെ , കാലുകളുടെ വേദനയും സഹിച്ചു നടക്കേണ്ടി വന്നു… മൂന്നു മണിക്കൂർ നീണ്ടയാത്രയ്ക്ക് ഒടുവിൽ ക്ലാസ്സ്‌ ടീച്ചർ അടുത്ത് വന്നു പറഞ്ഞു… പോകുന്ന വഴിക്ക് വീട് ഉള്ളവർ അവിടെ വച്ചു പൊയ്ക്കൊള്ളാൻ.. അങ്ങനെ 6 മണി കഴിഞ്ഞപ്പോൾ എന്റെ വീടിന്റെ ഏതാണ്ട് അടുത്ത് എത്തിയപ്പോൾ ഞാൻ അനുവാദം വാങ്ങി വീട്ടിലെയ്ക്ക് ഓടി.. വിശപ്പും ദാഹവും ക്ഷീണവും കൊണ്ട് കണ്ണുകണാൻ വയ്യാത്ത പോലെ… എന്നാലും ഞാൻ ദൂരെ നിന്നേ കണ്ടു.. എന്റെ വീടിന്റെ വാതുക്കൽ വലിയ വടിയുമായി അമ്മാവൻ…
ഇത്രയും നേരമായിട്ടും എന്നെ കാണാഞ്ഞിട്ട് അരിശം മൂത്തുള്ള നിൽപ്പാണതെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല… പരുങ്ങി പതുങ്ങി ഞാൻ മുറ്റത്തു കയറിയതും…. ഇവിടെയായിരുന്നെടീ ഇത്ര നേരം.. ഇവിടെ അടുത്തുള്ള കുട്ടികളെല്ലാം ഉച്ചക്ക് വീട്ടിൽ എത്തിയല്ലോ… എന്ന് പറഞ്ഞ് വടി ഓങ്ങി…. അടികൊള്ളാത്തിരിക്കാൻ ഞാൻ എന്റെ അവസാനത്തെ അടവ് പുറത്തെടുത്തു… ഉച്ചത്തിൽ ഒരു കരച്ചിൽ അങ്ങ് കരഞ്ഞു… അതുകേട്ടു അമ്മയും അമ്മുമ്മയും ഒക്കെ ഓടി വന്നു…. അവരോട് ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു…. ഇന്ദിരാ ഗാന്ധിയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ പോയത് എന്നും പറഞ്ഞൊപ്പിച്ചു…10 വയസുള്ള കുട്ടിയുടെ ആ നല്ല മനസിനെ എല്ലാവരും അംഗീകരിക്കാൻ തയ്യാറായി..വീട്ടുകാരുടെയും അയൽപ്പക്കകാരുടെയും വാത്സല്യവും സ്നേഹവും പിടിച്ചു പറ്റാനുള്ള എന്റെ ശ്രമം ഏതാണ്ട് വിജയിച്ചു…… അപ്പോൾ അമ്മാവൻ പറഞ്ഞു… നിന്റെ സ്കൂളിൽ പഠിക്കുന്ന മറ്റുകുട്ടികൾ ഒക്കെ വീട്ടിൽ വന്നിട്ടും നിന്നേ കാണാതെ ഞങ്ങൾ എത്ര പേടിച്ചന്ന് അറിയാമോ നിനക്ക്…. അവരോട് ചോദിച്ചപ്പോഴാ അറിഞ്ഞത്സ്കൂളീന്ന് മൗനജാഥ പോയകാര്യം… പക്ഷെ നീ അതിൽ പോയോ എന്ന് അവർക്ക് അറിയില്ലെന്ന്.. അപ്പോൾ നിന്റെ അമ്മയും ബാക്കിയുള്ളവരും ഒക്കെ വെപ്രാളം ആയി… ഇനി മോൾ ഇങ്ങനെ പറയാതെ എങ്ങും പോയേക്കരുത് കേട്ടോ എന്ന് ഒരു താക്കത് തന്നു സമാധാനിപ്പിച്ചു… പിന്നെ പോയി കുളിച്ചു ആഹരം ഒക്കെ കഴിച്ചു…. നേരത്തെ കിടന്നു… നടപ്പിന്റെ വല്ലത്ത ക്ഷീണം എന്റെ കാലുകളെ അപ്പോഴും വേദനിപ്പിക്കുന്നുണ്ടായി രുന്നു.. അല്പം വിക്സ് പുരട്ടി അമ്മ തടവി തന്നു….പിന്നെ എപ്പോഴോ ഞാൻ മയക്കത്തിലേയ്ക്ക് വഴുതി വീണു…എന്റെ കൂട്ടുകാരി അന്നമ്മയ്ക്കും കിട്ടി അവളുടെ അച്ഛന്റെ നല്ല വഴക്ക് എന്ന് പിന്നെ സ്കൂളിൽ ചെന്നപ്പോൾ അവളും പറഞ്ഞു….
എന്നും ആ ഓർമ്മകൾ എന്നെ ചിന്തിപ്പിക്കുകയും ഒപ്പം ചുണ്ടിൽ ഒരു ചിരി വിരിയിക്കുകയും ചെയ്യുമ്പോൾ എനിക്ക് ആ ഓർമ്മകൾ പ്രിയപ്പെട്ടതായി മാറുന്നു….

അനുലക്ഷ്‌മി വി ആർ, ആലപ്പുഴ✍

RELATED ARTICLES

Most Popular

Recent Comments