Friday, November 22, 2024
Homeഅമേരിക്ക"ബാര ഇമാംബര" ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

“ബാര ഇമാംബര” ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

മുഹറം മാസം മുഴുവൻ മുസ്ലിം സഹോദരങ്ങൾ “വിലാപ ചടങ്ങ്” നടത്തുന്ന ഇന്ത്യയിലെ സംസ്ഥാനമായ ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഒരു ആരാധനാലയമാണ് ഇത്. അസഫ് ഉൽ ദൗലയുടെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്. അതിവിചിത്രമായ വാസ്തുശില്പകലയാണ് ഈ കെട്ടിടപണിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ആരാധനാലയത്തിന്റെ രൂപകൽപ്പന തെരെഞ്ഞെടുക്കുന്നതിനായി ഒരു മത്സരം സംഘടിപ്പിച്ചിരുന്നത്രെ. കിയാഫത്തുല്ല എന്ന ശില്പിയാണ് ഇതിൽ വിജയിച്ചത്. അങ്ങനെ ആ ശില്പിയുടെ അതിമഹത്തായ വൈദഗ്ത്യത്താൽ ഈ കെട്ടിടത്തിന്റെ പണി നടത്തപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ കമാനമുള്ള കെട്ടിടമാണിത്. ഒരു തൂണോ ബീമോ ഇല്ലാതെയാണ് കമാനം നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ കമാനം ഉയർന്നു നിൽക്കുന്നത് എന്ന് പറയപ്പെടുന്നു.

1784-ൽ ആണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. എന്നാൽ ചില രേഖകളിൽ 1791-ൽ ആണ് എന്നും പറയപ്പെടുന്നു. അസാഫ് ഉൽ ദൗള എന്ന ഭരണാധിപന്റെ ഭൗതീക ശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ആരാധനാലയത്തിന്റെ പ്രത്യേകം രൂപകൽപ്പന ചെയ്ത വലിയൊരു നിലവറയിലാണ്. അതിന്റെ നേരെ മുൻവശത്തുള്ള പ്രധാന ഹാളിൽ ഈ കെട്ടിടത്തിന്റെ പ്രധാന ശില്പിയായിരുന്ന കിയാഫത്തുല്ലയെയും അടക്കം ചെയ്തിരിക്കുന്നു. ദൗളയെ അടക്കം ചെയ്തിരിക്കുന്ന നിലവറ കൂടാതെ വേറെയും രഹസ്യ അറകൾ ഇവിടെ ഉള്ളതായി പറയുന്നു. എന്നിരുന്നാലും ഇതെന്തിനാകും എന്നത് അജ്ഞാതമാണ്. ഇതിനുള്ളിലേക്ക് പ്രവേശിച്ചാൽ ഒരു പ്രത്യേക വിഭ്രാന്തിയിലേക്ക് നമ്മൾ ആണ്ടുപ്പോകാറുണ്ടത്രെ.

ഇരുപതിനായിരം തൊഴിലാളികൾ, പതിനൊന്നു വർഷം കൊണ്ടാണ് ഇത് പണിഞ്ഞെടുത്തത്. അക്കാലത്ത് അവിടെയുണ്ടായ അതികഠിനമായ ക്ഷാമത്തിൽ അന്നാട്ടുകാരുടെ പട്ടിണി മാറ്റിയത് ഈ കെട്ടിടത്തിന്റെ പണി ആയിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു. നാട്ടുകാർ ഒന്നടങ്കം ഇതിന്റെ പണിയിൽ പങ്കാളികൾ ആയിരുന്നു. ഈ കെട്ടിടത്തിന്റെ മുകൾഭാഗത്ത് കയറാൻ വളഞ്ഞുപുളഞ്ഞ് പാമ്പുകളെപോലെയുള്ള ആയിരത്തി ഇരുപത്തിനാല് വഴികൾ ഉണ്ട് എന്നാലോ തിരിച്ചിറങ്ങാൻ രണ്ടേരണ്ടു വഴികൾ മാത്രം!!!!!അനേകം ഭൂഗർഭ തുരങ്കങ്ങൾ ഈ കെട്ടിടത്തിന്റെ അടിയിലായി പണികഴിപ്പിച്ചിരിക്കുന്നു. ഇത് ആഗ്ര, ഡൽഹി, അലഹബാദ്, ഫൈസാബാദ് എന്നീ ഇടങ്ങളിലേക്ക് പോകുന്ന രഹസ്യ തുരങ്കങ്ങളായിട്ടാണ് പണിതിരിക്കുന്നത്. ഇത് സഞ്ചാരികൾക്കായി തുറന്നിട്ടിരുന്നു. എന്നാൽ ഇതിൽ കയറിയ പലരും തിരിച്ചെത്തിയിട്ടില്ല എന്ന വാർത്ത പരന്നതോടെ അടച്ചിടുകയുണ്ടായി. ഇതും അനേകം വളവുകളും തിരിവുകളും ഉള്ള പാതയത്രെ. അതിനാൽ വഴിതെറ്റി അകന്ന് പോയിട്ടുണ്ടാകാം എന്ന് കരുതുന്നു. എന്നാൽ ഇവരെ പറ്റി അന്വേഷിച്ചവർക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. ഈ തുരങ്കങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഇന്നും അജ്ഞാതമാണ്. മനുഷ്യനിർമ്മിതിയായ ഈ കെട്ടിടത്തിന്റെ രഹസ്യങ്ങൾ മണ്മറഞ്ഞു പോയ ആരുടെയോ ഹൃദയത്തിൽ സുരക്ഷിതമായിരുന്നു. ഇന്നത്തെ തലമുറക്ക് അതൊരു പ്രപഞ്ചരഹസ്യവും!!!!

ലിജി സജിത്ത്✍

RELATED ARTICLES

Most Popular

Recent Comments