1960-കളിൽ ആണ്. പള്ളിയുടെ കുടികിടപ്പ് ആയി കിട്ടിയ 3 സെൻറിൽ താമസിക്കുന്ന 50 വയസ്സോളം പ്രായമുള്ള ശലോമി; ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാട്ടിലെ സമ്പന്ന കുടുംബങ്ങളിൽ ഒക്കെ പുറം പണികൾ ചെയ്താണ് ഉപജീവനം നടത്തിപ്പോന്നിരുന്നത്.പൊക്കം കുറഞ്ഞ കരിവീട്ടി നിറത്തിലുള്ള ശലോമിയ്ക്ക് നല്ല മുഖലക്ഷണം ഒക്കെ ഉണ്ട്. എപ്പോഴും മുറുക്കാൻ വായിലിട്ടു മുറുക്കി നല്ല ചുമ ചുമാന്നിരിക്കും നാക്കും വായും ചുണ്ടും. കളവോ ചതിയോ സ്വഭാവദൂഷ്യമോ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ശലോമി എല്ലാ വീട്ടിലും സ്വീകാര്യയാണ്. മാത്രവുമല്ല അവർ നല്ല ഒരു അധ്വാനി ആണ്.മടി കൂടാതെ ഏൽപ്പിച്ച ജോലികൾ ആത്മാർത്ഥതയോടെ ചെയ്യും. മുറ്റം അടിക്കണോ, വെള്ളം കോരണോ, രണ്ടും മൂന്നും തേങ്ങ പൊതിച്ച്, ചിരകി, ഒറ്റയടിക്ക് അമ്മിക്കല്ലിൽ വെണ്ണ പോലെ അരച്ച് എടുക്കണോ, അരിയും ഉഴുന്നും കല്ലിൽ ആട്ടണോ, മുളകും മല്ലിയും ഉരലിൽ ഇട്ട് ഇടിക്കണോ…….എന്ന് വേണ്ട എന്ത് ജോലിയും ചെയ്യും. വിശപ്പിന് കുറച്ചു ഭക്ഷണവും ചെറിയ കൂലിയും കൊടുത്താൽ മതി. ശലോമിയ്ക്ക് കുടുംബം ഉണ്ടായിരുന്നോ മക്കളുണ്ടോ ഇതൊന്നും ആർക്കും അറിഞ്ഞുകൂടാ. പള്ളിപ്പറമ്പിൽ പള്ളിയുടെ കുടികിടപ്പവകാശം കിട്ടി എവിടെ നിന്നോ വന്നു താമസിക്കുന്ന ആൾ. അത് മാത്രമേ ശലോമിയെ കുറിച്ച് എല്ലാവർക്കും അറിയൂ.എല്ലാവരുടെയും ജനസമ്മതി നേടിയ ശലോമിക്ക് ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. വീടിനു പുറകിലുള്ള കുളത്തിൽനിന്ന് ചിലപ്പോൾ രാത്രിയിലും മൂവന്തി നേരത്തും പ്രേതങ്ങൾ ഇറങ്ങി നടക്കുന്നതായി കണ്ടിട്ടുണ്ടെന്ന് പറയും. അങ്ങനെ പ്രേതത്തിനെ കണ്ടെന്ന് സംശയം പറഞ്ഞാലുടനെ ശലോമിയെ നാട്ടുകാർ ചേർന്ന് പള്ളിയിൽ എത്തിക്കും. പള്ളിയിലച്ചൻ തലയ്ക്കുപിടിച്ച് ‘ഒഴിഞ്ഞു പോ സാത്താനെ ‘എന്നൊക്ക പറഞ്ഞ് ചെറിയൊരു പ്രാർത്ഥന നടത്തും. നേർച്ചയായി കുറച്ച് ജീരകവും കൊടുക്കും. ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ അതിൻറെ എഫക്ട് തീരും. വീണ്ടും ശലോമി പലതരത്തിലുള്ള പ്രേതങ്ങളെ കണ്ടതായി ജോലിക്ക് നിൽക്കുന്ന വീടുകളിൽ അറിയിക്കും. ശലോമി അതിന് കാരണമായി പറയുന്നത് പണ്ട് കാലത്ത് ആ തവളകുളത്തിൽ പല ആത്മാക്കളെയും ആവാഹിച്ച മൺകുടങ്ങളും തകിടും രക്ഷയും ഏലസ്സും ഒക്കെ ആൾക്കാർ വലിച്ചെറിഞ്ഞിട്ടുണ്ടത്രേ! അത് എഴുന്നേറ്റ് ശലോമിയുടെ വീടിനു ചുറ്റും നടക്കുന്നത് ആയിട്ടാണ് കാണുന്നത് എന്ന്. പതുക്കെപ്പതുക്കെ ഈ വിവരം കാതോട് കാതോരമായി നാട് മുഴുവൻ അറിഞ്ഞു. നേരത്തിനും കാലത്തിനും കല്യാണം കഴിച്ച് അയക്കാത്തതിന്‍റെ ‘സൂക്കേടാണ്’ ഇവൾക്ക് എന്നും കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയപ്പോൾ പ്രേതം ആണെന്ന് തോന്നിയതാവുംഎന്നും ചെറുപ്പക്കാർ പലരും അടക്കം പറഞ്ഞു ചിരിച്ചു.😂 ചില കുസൃതി പിള്ളേർ വീട്ടിൽ കോഴി കറി വെക്കുമ്പോൾ അതിൻറെ തല 🐔അറുത്തുമാറ്റി കോഴി മുട്ടത്തോടിൽ 🐣ആക്കി രണ്ട് ചെമ്പരത്തിപ്പൂവും 🌺🏵️ചെത്തി പൂവും കുറച്ചു കുങ്കുമവും വിതറി ഒരു വാഴയിലയിൽ പൊതിഞ്ഞ് വാഴനാരുകൊണ്ട് കെട്ടി ശലോമിയുടെ മുറ്റത്തേക്ക് എറിയും.രാവിലെ അത് കണ്ട് എഴുന്നേറ്റ് വരുന്ന ശലോമി ഒരാഴ്ച പനിച്ചു തുള്ളും.
ജോലി സ്ഥലത്തേക്കു പോകുമ്പോൾ പൂവാലന്മാർ ചൂളമടിച്ചു പുറകെ കൂടുകയും അടുത്തുവന്ന് ‘തവളക്കുളം’, ‘തവളക്കുളം’ എന്ന് വിളിക്കുകയും ചെയ്യും. വായിൽ മുറുക്കാൻ ഇല്ലാതെ ഫ്രീ ആണെങ്കിൽ ശലോമി നല്ല ഇടിവെട്ട് തെറി പറയും.അതു കേൾക്കാൻ ആണ് അവർ കാത്തിരിക്കുന്നത്. ചില ദിവസം കോറസ്സായി തവളക്കുളം ശലോമി എന്ന് പലതരം ശബ്ദത്തിൽ വിളിച്ചു സലോമിയുടെ പുറകെ കൂടും.
പാവം തവളക്കുളം ശലോമിയുടെ ഈ പ്രേതകഥയ്ക്ക് നാട്ടിൽ പ്രചുരപ്രചാരം കിട്ടി. പല ദിവസവും ജോലിക്ക് ആളില്ലെന്ന ഭാര്യയുടെ പരാതി കൂടിക്കൂടി വന്നപ്പോൾ സമ്പന്നനായ ഔസേപ്പ് മത്തായി അതിന് ഒരു ഉപായം കണ്ടുപിടിച്ചു.തൻറെ അകന്ന വകയിൽപെട്ട ഒരു ബന്ധുവിനെ അടുത്ത ജില്ലയിൽനിന്ന് വരുത്തി കുറച്ച് കാഷായ വസ്ത്രത്തിൻറെ വേഷം ഒക്കെ എടുത്ത് ധരിപ്പിച്ച് ഒരു മേക്കപ്പ് മാനേ കൊണ്ട് മേക്കപ്പ് ചെയ്യിച്ച് അസ്സൽ ഒരു നമ്പൂതിരി ആക്കി ശലോമിയുടെ വീട്ടിൽ എത്തിച്ചു. അതിനു മുമ്പേ ഹോമത്തിനു വേണ്ട സാധനങ്ങൾ ഒക്കെ ശലോമിയുടെ വീട്ടിൽ എത്തിച്ചു കൊടുത്തിരുന്നു. പുറമേ രണ്ടാളെ നിർത്തി ആ കുളത്തിലെ സകല തകിടുകളും വാ മൂടിക്കെട്ടിയ കുടങ്ങളും ഏലസ്സുകളും വാരിയെടുത്ത് തയ്യാറാക്കിയ ഹോമകുണ്ഡത്തിന് അടുത്ത് വച്ചു.
തവളക്കുളം ശലോമിയുടെ വീട്ടിലെ പ്രേത ബാധ ഒഴിപ്പിക്കാൻ അയൽ ജില്ലയിലെ ഒരു നമ്പൂതിരി എത്തുന്നുവെന്ന് പരസ്യ പ്രചാരണം നടത്തിയിരുന്നു.മൂന്ന് സെന്റ് മാത്രം വിസ്തീർണമുള്ള ശലോമിയുടെ വീടിനകത്തും മുറ്റത്തും വേലിയറുമ്പിലും ആൾക്കാർ തടിച്ചുകൂടി.ചുട്ട കോഴിയെ പറപ്പിക്കുന്ന നമ്പൂതിരിയെ കാണാനും നമ്പൂതിരി നടത്തുന്ന ഹോമം കാണാനും ആ നാട്ടിലെ പള്ളിയിൽ അച്ചൻ ഒഴിച്ച് എല്ലാവരും എത്തി. കൃത്യസമയത്ത് രണ്ടുദിവസമായി കഷ്ടപ്പെട്ട് മന:പ്പാഠമാക്കിയ മന്ത്രങ്ങൾ ഒക്കെ ചൊല്ലിയും ഇടയ്ക്ക് ഭസ്‌മം എറിഞ്ഞും കർപ്പൂരം കത്തിച്ചും നമ്പൂതിരി സംഭവം ആകെ കളർ ആക്കി. ഹോമം കഴിഞ്ഞു മുഴുവൻ തകിടുകളും കുടങ്ങളും ഏലസ്സുകളും ചരടുകളും നമ്പൂതിരി കൊണ്ടുപോവുകയും ചെയ്തു. പ്രസാദമായി അപ്പോൾ തന്നെ ചെത്തിയിറക്കിയ കള്ളും കൊടുത്തു. കള്ളും കുടിച്ച് മയങ്ങി വീണ ശലോമി പിറ്റേദിവസം ഉണർന്നത് പുതിയൊരാൾ ആയിട്ടായിരുന്നു.പിന്നെ ഇന്ന് വരെ ഒരു പ്രേതത്തിനും ശലോമിയെ തൊടാൻ ധൈര്യം വന്നിട്ടില്ല. ഇത്രയും വലിയൊരു കാര്യം തനിക്ക് വേണ്ടി ചെയ്ത ഔസേപ്പ് മത്തായിയുടെ വീട്ടിലേക്ക് മാത്രമായി ശലോമി തന്റെ സേവനം ഒതുക്കി. വേറെ ഒരു വീട്ടിലും സലോമി പിന്നെ ജോലിക്ക് പോയിട്ടില്ല. തനിക്ക് ഒരു ആപത്ത് വന്നപ്പോൾ ഈ വീട്ടുകാരല്ലേ തന്നെ സഹായിച്ചത്, അതുകൊണ്ട് ഇനി തന്റെ ശിഷ്ട കാലം ഇവർക്ക് വേണ്ടി മാത്രമേ താൻ പണിയൂ എന്ന ഒരു ദൃഢപ്രതിജ്ഞ എടുത്തു. ഔസേപ്പ് മത്തായിയുടെ ഭാര്യയ്ക്ക് ഇതിൽ പരം ഒരു സന്തോഷം വേറെ ഉണ്ടായിരുന്നില്ല. 🥰
🌹🌹🌹🌹🌹
മൂന്നാലു വർഷം കടന്നു പോയി……അതു കഴിഞ്ഞപ്പോൾ നാട്ടുകാരിൽ ചിലർ ഒരു കണ്ടു പിടുത്തം നടത്തി. ശലോമിയുടെ വീട്ടിൽ അസമയത്ത് ചില പ്രേതങ്ങൾ നടക്കുന്നതായി അവർ കണ്ടുപിടിച്ചു.
ഇതെന്ത് അക്രമം? ഇതെക്കുറിച്ച് ശലോമിയോട് ചോദിക്കുമ്പോൾ അവൾ അതൊക്കെ നിഷേധിച്ചു.ഇപ്പോൾ നാട്ടുകാർക്ക് ആയോ നൊസ്സ്?അസമയത്ത് നാട്ടുകാർക്കൊക്കെ സലോമിയുടെ വീടിനു മുമ്പിൽ കൂടി നടക്കാൻ പേടിയായി തുടങ്ങി. സംശയം പരസ്പരം പങ്കുവച്ച ചെറുപ്പക്കാർ രാത്രിയോ പകലെന്നോ ഇല്ലാതെ ഈ വീടിനെ അവരുടെ നിരീക്ഷണവലയത്തിലാക്കി.
ഒരു ദിവസം അവർ എല്ലാവരും രാത്രി ഉറക്കമിളച്ചിരുന്നു ആ പ്രേതത്തിനെ പാതിരായ്ക്ക് പിടികൂടി. അത് മറ്റാരുമായിരുന്നില്ല.നമ്മുടെ പഴയ നമ്പൂതിരിയായിരുന്നു ആ പ്രേതം. 😜
പ്രേതം ശരിക്കും പോയോ അതോ അത് അവിടെ കറങ്ങി നടക്കുന്നുണ്ടോ എന്നറിയാൻ നമ്പൂതിരി ഇടയ്ക്കിടെ തലയിൽ മുണ്ടിട്ട് ശലോമിയുടെ വീട് സന്ദർശിക്കുന്ന പതിവ് തുടങ്ങിയിരുന്നു. ഒരു കൂട്ടിന്, പ്രേതങ്ങൾ പോയിട്ട് 50 വയസ്സായിട്ടും, ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥാലയത്തിൽ വളർന്ന പത്രോസിന് മറ്റാരുമുണ്ടായിരുന്നില്ല.അവർ പരസ്പരം അവരുടെ ദുഃഖങ്ങൾ പങ്കു വെച്ചു. ഉരൽ ചെന്ന് മദ്ദളത്തോട് പരാതി പറയുന്നത് പോലെയായിരുന്നു രണ്ടുപേരുടെയും അവസ്ഥ. ജീവിതത്തിൽ അവർ തുല്യ ദുഃഖിതർ.ഇരുവർക്കും ഉറ്റവരും ഉടയവരും ആരുമില്ല. മരിച്ചു കിടന്നാൽ പോലും,ഒന്ന് അന്വേഷിച്ചു വരാൻ പോലും ആരുമില്ലാത്തവർ. അവർ പരസ്പരം ഹൃദയം കൈമാറി. സഹതാപം സ്നേഹത്തിനും പ്രണയത്തിനും വഴിമാറി.♥️
അയാൾ നമ്പൂതിരി ഒന്നും അല്ല.സഭാവിശ്വാസി തന്നെയായിരുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.രണ്ടിനെയും കയ്യോടെ പള്ളിയിൽ അച്ചന്റെ മുമ്പിൽ കൊണ്ടുപോയി കല്യാണം നടത്തി വച്ചുകൊടുത്തു. അങ്ങനെ കരിവീട്ടിനിറമുള്ള ശലോമിയും ചന്ദനനിറമുള്ള പത്രോസും ഭാര്യാഭർത്താക്കന്മാരായി.💏
💏
♥️ ആദിയിലഖിലേശൻ നരനെ സൃഷ്ടിച്ചു….
അവനൊരു സഖിയുണ്ടായി….
അവനൊരു തുണയുണ്ടായി…… മാനവ സാക്ഷികളായി…. ♥️
💏
പിന്നെ ഒരു പ്രേതങ്ങൾക്കും പൂവാലൻമാർക്കും അവിടെ ഒന്ന് എത്തി നോക്കാനുള്ള ധൈര്യം പോലും ഉണ്ടായിട്ടില്ല സഹൃദയരേ……
പഴയ പൂവാലന്മാർക്ക് ശലോമിയെ കാണുമ്പോൾ
‘കറുത്ത പെണ്ണേ കരിങ്കുഴലീ, നിനക്കൊരുത്തൻ കിഴക്കുദിച്ചൂ’….. എന്നൊരു നാടൻ പാട്ട് പാടണമെന്ന് മോഹം ഉണ്ടെങ്കിലും അത് തൊണ്ടയിൽ നിന്ന് പുറത്തേക്ക് വരാറില്ല. 😜 പഴയ പോലെ ശലോമി ഒറ്റയ്ക്കല്ലല്ലോ?🥰
മേരി ജോസി മലയിൽ, തിരുവനന്തപുരം.
[@2024 This story is copyrighted]