ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും പുണ്യസ്ഥലമായാണ് ഷിർദി കണക്കാക്കപ്പെടുന്നത്. ഷിർദിയിലെ ശ്രീ.സായിബാബയെ ദൈവമായിട്ടാണ് എല്ലാവരും ആരാധിക്കുന്നത്. ഷിർദിയിലെ സായിബാബയുടെ ജീവിതത്തിലെ പ്രധാന വശങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പകർത്തിക്കൊണ്ട്, ഗുഡ് ഗാവിൽ സായിബാബക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നതാണ് സായ് കാ അംഗൻ ക്ഷേത്രം.
എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെ സ്വാഗതം ചെയ്യുന്ന ഒന്നാണ് ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ സായിബാബ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം.
ഗുഡ് ഗാവിലെ സുശാന്ത് ലോകിൽ സ്ഥിതി ചെയ്യുന്ന സായ് കാ അംഗനെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.
ഷിർദിയുടെ ദ്വാരകാമയി എന്നുമറിയപ്പെടുന്നു ഈ ക്ഷേത്രം. 2000 ഒക്ടോബർ ആറിന് ക്ഷേത്ര സ്ഥലത്ത് ഒരു വേപ്പ് മരം നട്ടാണ് ഈ ക്ഷേത്രം നിർമ്മിതമായത്.
ഭക്തർക്ക് സാന്ത്വനവും സമാധാനവും നൽകുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഈ ക്ഷേത്രം സായിബാബയുടെ ഭക്തർക്ക് വേണ്ടിയുള്ള അതുല്യമായ ഒരു ഹിന്ദു ക്ഷേത്രമാണ്. 4000 ചതുരശ്രയടി വിസ്തൃതിയിലാണ് സായ് കാ അംഗൻ ക്ഷേത്രം.
ഒരു ഗുഹയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ സമുച്ചയത്തിൽ ഒരു വേപ്പ് മരത്തിന്റെ ചുവട്ടിൽ സായിബാബയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. ക്ഷേത്രഭൂമി പൂജയോട് അനുബന്ധിച്ച്, ക്ഷേത്ര പരിസരത്ത് നട്ടുപിടിപ്പിച്ച ഈ വേപ്പ് വൃക്ഷത്തെ, ആ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തരും ആരാധിക്കുന്നു. ചുറ്റുമുള്ള സ്ഥലത്ത് എണ്ണവിളക്കുകൾ കത്തിക്കുക യും ആ ദിവ്യ പ്രകാശത്തിന്റെ പ്രകമ്പനത്തിൽ മുഴുകാനും ധ്യാനിക്കാനും കഴിയുമ്പോൾ ബാബക്ക് വേണ്ടി എഴുതിയ സ്തുതികൾ പലപ്പോഴും ആലപിക്കുന്നു.
പ്രകാശ് സ്പിരിച്വൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സമർപ്പണത്തിലൂടെയാണിപ്പോൾ ഈ ക്ഷേത്രം നടത്തപ്പെടുന്നത്.
ഭക്തിസാന്ദ്രമായ ഈ സങ്കേതത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ ആത്മീയതയുടെയും വിശുദ്ധിയുടെയും പ്രതീകമാണ് നട്ടുപിടിപ്പിച്ചിരിക്കുന്ന വേപ്പ് വൃക്ഷം. ഈ വേപ്പിൻ വൃക്ഷത്തിന് ചുറ്റുമുള്ള സ്ഥലത്തെ ഗുരുസ്ഥാൻ എന്ന് വിളിക്കുന്നു. ഇവിടെയാണ് ഭൂരിഭാഗം ഭക്തരും സമയം ചെലവഴിക്കുന്നത്.
സായ് കാ അംഗൻ ഷിർദി ദ്വാരകാമായിയുടെ ഒരു പകർപ്പാണ്.ധുനിക്ക് സമീപം സായിബാബയുടെ ഒരു വിഗ്രഹം ഇരിക്കുന്നു. ശാന്തമായ അന്തരീക്ഷത്തിൽ സായിബാബയുടെ രൂപത്തിന് മുന്നിൽ ഒരു ധുനി കത്തിക്കുന്നതും ഭക്തർ ആരതി നടത്തുന്നതും നമുക്ക് കാണാം..
തുടരും..