ഇസ്ലാമാബാദ്: സൈനിക ഭരണകൂടം 1979-ൽ തൂക്കിലേറ്റിയ മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയ്ക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന് പാകിസ്ഥാൻ സുപ്രീംകോടതി. സുൾഫിക്കർ അലി ഭൂട്ടോയുടെ വധശിക്ഷ അന്വേഷിക്കണമെന്ന് 2011ൽ പ്രസിഡന്റായിരിക്കെ ആസിഫ് അലി സർദാരി നൽകിയ പ്രത്യേക കേസിലാണ് നിരീക്ഷണം. ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോയുടെ ഭര്‍ത്താവാണ് ആസിഫ് അലി സർദാരി.
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടി സ്ഥാപകനേതാവായ ഭൂട്ടോയ്ക്ക് പാര്‍ടിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ അഹമദ് റസ കസൂരിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന പേരില്‍ലാണ് വധശിക്ഷ നടപ്പാക്കിയത്. കീഴ്‌കോടതിയിൽ വിചാരണ ചെയ്യാതെ കേസ് നേരെ ലാഹോർ ഹൈക്കോടതിയിലാണെത്തിയത്. ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഭൂട്ടോയെ 1977ൽ അട്ടിമറിച്ച പട്ടാള മേധാവി സിയ ഉൾ ഹഖിന്റെ നിര്‍ദേശപ്രകാരമാണ് ഏഴംഗ ജഡ്‌ജിമാർ വധശിക്ഷ ശരിവച്ചതെന്നാണ് റിപ്പോർട്ടുകൾ.