ഗാസ സിറ്റി: ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ റംസാൻ വ്രതാരംഭത്തിലും വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ. കെയ്‌റോയിൽ നടന്ന ചർച്ചയിൽ ധാരണയിലെത്താനായില്ല. ഇസ്രയേൽ ബഹിഷ്‌കരിച്ച ചർച്ചയിൽ ഹമാസിനെക്കൂടാതെ അമേരിക്ക, ഖത്തർ, ഈജിപ്‌ത് എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്. ആറാഴ്ചത്തെ വെടിനിർത്തലിന് പകരമായി 40 ബന്ദികളെ മോചിപ്പിക്കണമെന്നാണ് പാരീസിൽ നടന്ന ചർച്ചക്കുപിന്നാലെയുണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ കരടിലുണ്ടായിരുന്നത്. എന്നാൽ കെയ്‌റോയിൽ നടന്ന മൂന്നു ദിവസത്തെ ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായില്ല.
റംസാനുമുമ്പ് വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഗാസയിൽ കുട്ടികൾ മാർച്ച് നടത്തി. പ്രതീകാത്മക ശവമഞ്ചവും പേറിയായിരുന്നു മാർച്ച്. പ്രദേശത്ത് അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ വേണമെന്ന് ആസിയാൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും മെൽബണിൽ നടന്ന ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. അതേസമയം 86 പേർകൂടി ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പോഷകാഹാരകുറവും നിർജലീകരണവുംമൂലം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 18 ആയി. ഇതോടെ ഇസ്രയേൽ അതിക്രമത്തിൽ ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,717 ആയി.