മോസ്‌കോ: ജോലിതേടി റഷ്യയിലെത്തി കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരൻ ഉക്രയ്‌ന്‍ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ മൊഹമ്മദ് അഫ്‌സാൻ (30) ആണ് കൊല്ലപ്പെട്ടത്. ഐടി കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് അഫ്സാനെ റഷ്യയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തി സ്വദേശിയായ ഹാമില്‍ മംഗുകിയ (23) റഷ്യന്‍ സൈനികര്‍ക്കൊപ്പം കൊല്ലപ്പെട്ടതായി ആഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാവിഭാഗത്തില്‍ സഹായി എന്ന ജോലിക്കാണ് ഹാമില്‍ റഷ്യയിലേക്ക് പോയത്.
റഷ്യന്‍ സൈന്യത്തിനുവേണ്ടി ജോലിചെയ്യുന്ന 20 ഇന്ത്യക്കാര്‍ തിരിച്ചെത്താന്‍ സഹായം അഭ്യര്‍ഥിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം റഷ്യയിൽനിന്ന് രക്ഷപ്പെടാൻ സഹായം അഭ്യർഥിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ വീഡിയോ പുറത്തുവന്നു. അഞ്ച് പഞ്ചാബ് സ്വദേശികളും രണ്ട് ഹരിയാന സ്വദേശികളുമാണ് ഇതിലുള്ളത്. ടൂറിസ്റ്റ് വിസയിൽ റഷ്യയിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി സൈന്യത്തില്‍ ചേര്‍ത്തെന്നാണ് ഇവര്‍ പറയുന്നത്.