Saturday, November 23, 2024
Homeയാത്രആശ ജയേഷ് തയ്യാറാക്കുന്ന.. 'സൗദി യാത്രാ വിശേഷങ്ങൾ' (2)

ആശ ജയേഷ് തയ്യാറാക്കുന്ന.. ‘സൗദി യാത്രാ വിശേഷങ്ങൾ’ (2)

ആശ ജയേഷ്

രണ്ടാം ദിവസത്തിന്റെ ആരംഭം

സൗദി അറേബ്യയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസമായ ഇന്ന് ദീർഘയാത്ര ചെയ്യാനുള്ളതാണ്. നീണ്ട ഏഴു മണിക്കൂറുകൾ ഒരേയിരിപ്പിൽ വാഹനമോടിച്ചു എത്തിച്ചേരാനാകുന്ന വാദി അൽ ദവാസിർ എന്ന പട്ടണമാണ് ഇന്നത്തെ യാത്രയുടെ ലക്ഷ്യസ്ഥാനം. രാത്രി അവിടെ തങ്ങാനാണ് ഉദ്ദേശിക്കുന്നത്. കാലത്തേ തന്നെ യാത്ര പുറപ്പെട്ടാൽ ഇരുട്ടുന്നതിനു മുൻപ് അവിടെയെത്താം എന്ന കണക്കുകൂട്ടലിൽ പ്രഭാതഭക്ഷണവും കഴിച്ചു എട്ടു മണിയായപ്പോൾ തന്നെ താമസിക്കുന്ന ഹോട്ടലിൽ നിന്നു ഞങ്ങളിറങ്ങി. റിയാദ് വിടുന്നതിനു മുമ്പ് വണ്ടിയിൽ പെട്രോൾ നിറച്ചിട്ടു പോകാം എന്നു കരുതിയാണ് ഗൂഗിൾ മാപ്പ് തുറന്നത്. അതിൽ പറഞ്ഞതു പ്രകാരം കുറെ നേരം കറങ്ങി ചുറ്റിയാണ് ഒരു പെട്രോൾ സ്റ്റേഷൻ കണ്ടെത്താനായത്. കൂടാതെ വണ്ടിയിൽ എൻജിൻ ഓയിൽ കുറവാണെന്ന സൂചന ഇന്നലെ തന്നെ കാണിച്ചിരുന്നു. പെട്രോൾ സ്റ്റേഷനിൽ വണ്ടി നിര്‍ത്തിയപ്പോൾ ഈ രണ്ടു പ്രശ്നങ്ങളും പരിഹരിച്ചു ഞങ്ങൾ യാത്ര തുടങ്ങി. സഞ്ചരിക്കുന്ന വഴികളിലൊക്കെ റോഡ് നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അതുകാരണം റോഡുകളൊക്കെ പലയിടത്തും കൂടിക്കുഴഞ്ഞാണിരിക്കുന്നത്. ചിലയിടങ്ങളിൽ ഗൂഗിൾ മാപ്പ് റോഡിൽ നിന്ന് മാറി മറ്റെങ്ങോ കൊണ്ടുപോകുന്നതായി തോന്നും. പലപ്പോഴും റോഡ് പോലുമില്ലാതെ ഓഫ്‌റോഡിങ് ചെയ്തു പോകേണ്ട വഴികൾ. വഴിയിലുള്ള ട്രാഫിക് ഒഴിവാക്കി ഗൂഗിൾ ഞങ്ങളെ രക്ഷപ്പെടുത്തുന്നതാണെന്ന് പിന്നീടാണ് മനസിലാക്കാനായത്. ഗൂഗിളിന്റെ ഓരോ ബുദ്ധിയേ. ജയ് ഗൂഗിൾ!! സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടില്ലാത്ത പഴയ കാലഘട്ടങ്ങളിൽ ഇത്തരം യാത്രകളൊക്കെ എത്ര ദുഷ്കരമായിരിക്കുമെന്ന് അറിയാതെ പറഞ്ഞു പോയി.

മരുഭൂമിയിലെ കാഴ്ചകള്‍

റിയാദിന്റെ പ്രാന്ത പ്രദേശങ്ങൾ കടന്ന ഉടനെ തന്നെ മരുഭൂപ്രദേശങ്ങൾ ആരംഭിച്ചു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയുടെ മദ്ധ്യത്തിൽ പണിത വിസ്മയ നഗരമാണല്ലോ റിയാദ്. ഏകദേശം ഒരു മണിക്കൂർ ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ അതാ ഒരു കൂട്ടം കറുത്ത ഒട്ടകങ്ങൾ!! തവിട്ടു നിറത്തിലും ബ്രൗൺ നിറത്തിലുമാണ് ഒട്ടകങ്ങളെ ഈ വര്ഷങ്ങളിലത്രയും ഞാൻ കണ്ടിട്ടുള്ളത്. ഇതിപ്പോൾ നല്ല ശുദ്ധമായ കറുപ്പു നിറം. വളരെയധികം കൗതുകം തോന്നിയ കാഴ്ച. പക്ഷെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലായതു കാരണം ചിത്രങ്ങൾ പകർത്താൻ സാധിച്ചില്ല. ചുറ്റിലും കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന മരുഭൂമിയല്ലാതെ മറ്റൊന്നും കാണാനില്ല.

അവിടെ നിന്നും ഏകദേശം രണ്ടു മണിക്കൂറിലേറെ സഞ്ചരിച്ചു മറ്റൊരു ഭാഗത്തെത്തിയപ്പോൾ മണൽക്കുന്നുകൾക്കു വീണ്ടും തവിട്ടു നിറമാണ്. ഒരേ കാഴ്ചകൾ. യാത്രയിലെ വിരസമായ നിമിഷങ്ങളെ ഞങ്ങൾ വർത്തമാനം പറഞ്ഞും അന്താക്ഷരി കളിച്ചും പാട്ടുകൾ കേട്ടും സമ്പന്നമാക്കി. മുന്നോട്ടു പോകുന്തോറും ഭൂപ്രകൃതിയിൽ മാറ്റങ്ങൾ കാണാനായി. പണ്ട് ജോർദാനിലെ മരുഭൂമിയിൽ കണ്ടതു പോലെയുള്ള വലിയ സാൻഡ് സ്റ്റോൺ മലകളാണ് ഇവിടെയുള്ളത്. പല ആകൃതിയിലും വലുപ്പത്തിലുമുള്ള ഇത്തരം പാറക്കല്ലുകൾ നിറഞ്ഞ ഈ പ്രദേശം അന്യഗ്രഹ പര്യവേഷണം പ്രമേയമായ ചില ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്നുണ്ട്.

ഹക്കത് ബാനിം എന്ന ഒരു ചെറിയ ടൗൺഷിപ്പിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ഒരു കൊച്ചു സൗദി അറേബ്യൻ പട്ടണമാണിത്. വീണ്ടും മുന്നോട്ട്. ഇടക്കൊരു പെട്രോൾ സ്റ്റേഷനിൽ നിർത്തിയിരുന്നു. അവിടെ നിന്നും മകന് ആവശ്യമുള്ള കുറച്ചു കളിപ്പാട്ടങ്ങളും ബിസ്‌ക്കറ്റുകളും മറ്റും വാങ്ങി. ഇടയ്ക്കു ലഭിക്കുന്ന ഇങ്ങനെയുള്ള ഇടവേളകൾ അവനു വളരെ സന്തോഷമാണ്. അവിടെത്തന്നെയുള്ള ഒരു ചെറിയ റെസ്റ്ററന്റിൽ നിന്നു ഉച്ചഭക്ഷണം വാങ്ങാമെന്നു കരുതി അകത്തേക്കു കയറി. ഇത് അവരുടെ ഭക്ഷണ സമയമാണ് എന്ന് അപ്പോഴാണു ഞങ്ങള്‍ക്ക് മനസ്സിലായത്. നിലത്തു ചമ്രംപടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുകയാണവർ. പക്ഷെ അതിനിടയിലും ഒരു പരാതിയുമില്ലാതെ ഞങ്ങൾക്കുള്ള ഭക്ഷണം അവർ തയ്യാറാക്കിത്തന്നു. ബംഗ്ലാദേശികളാണ്. ഞങ്ങൾ ഇന്ത്യക്കാരാണെന്നറിഞ്ഞപ്പോൾ വലിയ സ്നേഹമായിരുന്നു. ചെറിയ ഡിസ്‌കൗണ്ടും തന്നു.

എന്റെ ഡ്രൈവിങ്

ഇവിടെ നിന്ന് പുനരാരംഭിച്ച യാത്രക്ക് മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇനി അങ്ങോട്ടുള്ള ഏതാനും മണിക്കൂറുകൾ ഞാനായിരിക്കും വണ്ടിയുടെ സാരഥി.


ഈ അടുത്ത കാലം വരെ വളരെ പ്രാകൃതവും അപരിഷ്കൃതവുമായ രീതിയിൽ തങ്ങളുടെ സ്ത്രീകളെ കണക്കാക്കിയിരുന്ന, ശരിയാ നിയമങ്ങളനുസരിച്ചു തീവ്ര മതപൊലീസായ മുത്തവ്വമാരാൽ സദാ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്ന സ്ത്രീജനങ്ങളുള്ള അതേ സൗദി അറേബ്യ!! നൂറ്റാണ്ടുകളായി പരിഷ്കൃത സമൂഹത്തിന് സങ്കൽപ്പിക്കാൻ പോലുമാകാത്ത തരത്തിലുള്ള വിലക്കുകളും ശിക്ഷാനടപടികളുമായി സ്ത്രീകളെ തളച്ചിട്ടിരുന്ന അതേ സൗദി അറേബ്യ!! ജീൻ സാസോൺ എന്ന ബ്രിട്ടീഷ് നോവലിസ്റ്റിന്റെ കഥകളിൽ വായിച്ചറിഞ്ഞ സൗദിയിലെ പെണ്‍ ജീവിതങ്ങൾ ഭയാനകമായിരുന്നു. ഈ രാജ്യവും ഇന്നു കാലാനുസൃതമായ മാറ്റങ്ങളുടെ പാതയിലാണ്. ഇന്നിപ്പോൾ മതപൊലീസില്ലാതെ, ശരിയാ നിയമങ്ങളില്ലാതെ തുറന്ന സ്വാതന്ത്ര്യത്തിൽ യാത്ര ചെയ്യുന്ന ഞാനെന്ന പ്രവാസിയുൾപ്പെടെയുള്ള അനേകം സ്ത്രീരത്‌നങ്ങൾ!! സൗദി അറേബ്യ എന്ന വലിയ രാജ്യത്തു ജനിച്ചു ജീവിച്ചു മരിച്ച അനേകം വനിതകള്‍ക്കുള്ള ആദരവായി ഞാന്‍ കണക്കാക്കിയ, കാത്തിരുന്ന എന്റെ യാത്ര. അങ്ങനെയുള്ള സൗദിയിലൂടെയുള്ള ഡ്രൈവ് ആവേശജനകമായിരുന്നു. അഭിമാനകരമായിരുന്നു. അതുകൊണ്ടു ആരോഗ്യപ്രശ്നങ്ങളുള്ളത് ഗൗനിക്കാതെ ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്നു. വണ്ടി മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു. വർഷങ്ങൾക്കു മുമ്പ് രണ്ടു തവണ സൗദിയിലൂടെ ഞങ്ങൾ ദീർഘയാത്ര ചെയ്തിട്ടുണ്ട്. ഒരിക്കൽ ജോർദാനിലേക്കും മറ്റൊരിക്കൽ ദോഹയിലേക്കും. ഈ രണ്ടു യാത്രകളിലും സ്വപ്നം കണ്ടിരുന്ന, അന്നത്തെ സാഹചര്യങ്ങളിൽ തീര്‍ത്തും അസാധ്യമായ ഒരു കാര്യമായിരുന്നു ഇത്.

ഞങ്ങൾ കടന്നു പോകുന്ന പ്രധാന പാതയോരത്തു ഒരു വലിയ പച്ചപ്പിന്റെ പ്രദേശം കാണാനായി. ഈന്തപ്പനയുടെ തോട്ടങ്ങളാണ്.

മരുഭൂമിയുടെ ഒത്ത നടുക്ക് അവയിങ്ങനെ ഏക്കറുകളോളം വിശാലമായി പരന്നു കിടക്കുകയാണ്. ചുറ്റും ചെറിയ കുറ്റിച്ചെടികൾ മാത്രം കാണപ്പെടുന്ന ഈ മണലാരണ്യത്തിൽ ജലത്തിന്റെ എന്തെങ്കിലും സ്രോതസ്സില്ലാതെ ഇത്രയ്ക്കു പച്ചപ്പ്‌ വരാൻ സാധ്യതയില്ലല്ലോ. ഏറെ വിസ്മയിപ്പിച്ച ഒരു കാഴ്ചയായിരുന്നു അത്. ചിലപ്പോള്‍ കഥകളിലും ദൃശ്യങ്ങളിലുമൊക്കെ വായിച്ചും കണ്ടും പരിചയിച്ച മരുപ്പച്ചകളുള്ള സ്ഥലമായിരിക്കും ഇവിടം എന്നു ഞാനോർത്തു. ഏകദേശം രണ്ടു മണിക്കൂറിനു മുകളിൽ അതായതു 150 കിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോഴേക്കും ഞാൻ ഏറെക്കുറെ ക്ഷീണിച്ചു തുടങ്ങിയിരുന്നു. വഴിയരികിലൊരിടത്തു വണ്ടി ഒതുക്കി ഞാൻ വണ്ടിയുടെ സാരഥ്യം ഏട്ടന് കൈമാറി.

വാദി അല്‍ ദവാസിർ

വാദി അൽ ദവാസിർ ഇനി നൂറു കിലോമീറ്ററുകൾ മാത്രം അകലെ എന്ന സൈൻ ബോർഡ് കണ്ടപ്പോൾ ആശ്വാസമാണ് തോന്നിയത്. ഒരേയിരിപ്പിൽ നടത്തിയ ദീർഘമായ യാത്ര കുറച്ചൊക്കെ മടുപ്പിച്ചിരുന്നു അപ്പോഴേക്കും. വൈകിട്ട് ഏകദേശം നാല് മണിയോടെ ഇന്നത്തെ യാത്രയുടെ ലക്ഷ്യസ്ഥാനമായ വാദി അൽ ദവാസിറിൽ ഞങ്ങൾ എത്തിച്ചേർന്നു. ആയിരക്കണക്കിനു വര്ഷങ്ങളുടെ ചരിത്രമുള്ള ഒരിടമാണ് വാദി അൽ ദവാസിർ. പടിഞ്ഞാറു നിന്ന് കിഴക്കു ഭാഗത്തേക്കൊഴുകുന്ന ചെറു നദികളും അരുവികളുമാൽ ധാധു സമ്പന്നമായ തത്ത്ലീത്, റാണിയ, ബിഷ എന്നീ താഴ്വരകളിൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന അൽ ദവാസിർ എന്ന ഗോത്രത്തിൻറെ ആസ്ഥാനമായതു കാരണമാണ് വാദി അൽ ദവാസിർ എന്ന് ഇവിടം വിളിക്കപ്പെടുന്നത്. പല സാമ്രാജ്യങ്ങളും മാറി മാറി ഭരിച്ചിരുന്ന ഇവിടം അക്കാലങ്ങളിൽ മികച്ച പോരാളികളാൽ പ്രശസ്തിയാർജ്ജിച്ചിരുന്നു. കിംഗ് അബ്ദുൽ അസീസ് പാലസ്, ബഹ്ജ പാലസ്, റബീ പാലസ്, അൽ ഖുവാരി ഫോർട്ട് തുടങ്ങി അന്നത്തെ ചരിത്രത്തിലേക്കു വിരൽ ചൂണ്ടുന്ന ഒട്ടനവധി നിർമിതികൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

വളരെ ചെറിയ അടിസ്ഥാനസൗകര്യങ്ങൾ മാത്രം പ്രതീക്ഷിക്കാവുന്ന ഒരു കൊച്ചു പട്ടണമെന്നു ഞങ്ങൾ കരുതിയ വാദി അൽ ദവാസിർ അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു എന്ന് പറയുന്നതാവും ശരി. മരുഭൂമിയുടെ വിശാലതയിൽ ഒട്ടും പിശുക്കില്ലാതെ പണിത ഒരു കൊച്ചു നഗരം തന്നെയാണിത്. ഇവിടെ എല്ലാമുണ്ട്. വിസ്താരമേറിയ തെരുവുകളും കച്ചവട കേന്ദ്രങ്ങളും ഭക്ഷണശാലകളും അങ്ങനെ സുഖജീവിതത്തിനുതകുന്ന എല്ലാം. ഒരു നേർരേഖ വരച്ചിട്ടത് പോലെയാണ് ടൌൺ പ്ലാനിംഗ് നടത്തിയിരിക്കുന്നത്. റോഡിൽ ഒട്ടും തിരക്കനുഭവപ്പെട്ടില്ല. എങ്ങും വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ. ചുരുക്കി പറഞ്ഞാൽ ഞങ്ങൾക്ക് ഈ സ്ഥലം ” അങ്ങട് ക്ഷ ബോധിച്ചു “.

പെട്ടെന്ന് തന്നെ ഞങ്ങൾക്കു താമസിക്കാനുള്ള ഹോട്ടൽ കണ്ടുപിടിച്ചു. നല്ല സൗകര്യങ്ങളുള്ള ഒരു 2 ബെഡ്‌റൂം ഹോട്ടൽ അപ്പാർട്മെന്റാണിത്. സാധനങ്ങളൊക്കെ മുറിയിൽ വച്ച് ഒന്ന് ഫ്രഷായ ശേഷം അത്താഴത്തിനായി ഞങ്ങൾ പുറത്തേക്കിറങ്ങി. എത്രയും പെട്ടെന്ന് അത്താഴം കഴിച്ചു വിശ്രമിക്കണമെന്ന ഉദ്ദേശത്തിൽ ഞങ്ങൾ മക് ഡൊണാൾഡ്സിൽ നിന്ന് ലഭിക്കുന്ന ബർഗറിൽ അത്താഴമൊതുക്കാമെന്ന തീരുമാനത്തിലെത്തി. അതാകുമ്പോൾ വേഗത്തില്‍ കാര്യം കഴിയുകയും ചെയ്യും. കാര്യമായ ഉച്ചഭക്ഷണം ഒന്നും കഴിക്കാതിരുന്നതിനാൽ നല്ല വിശപ്പ് ഉണ്ട് താനും. അങ്ങനെ ഞങ്ങൾ മക് ഡൊണാൾഡ്സിലെത്തി. അവിടെയെത്തിയപ്പോഴല്ലേ അക്കിടി മനസിലായത്. വൈകുന്നേരത്തെ പ്രാർത്ഥനാസമയമായതിനാൽ അര മുക്കാൽ മണിക്കൂർ കഴിഞ്ഞാലേ അവർ സർവീസ് ആരംഭിക്കുകയുള്ളൂ എന്ന്. സന്തോഷമായി. വയറു നിറഞ്ഞു. ഇനി എന്ത് ചെയ്യാൻ? കാത്തിരുന്നല്ലേ പറ്റൂ. ഭക്ഷണമൊക്കെ കഴിച്ചു ഹോട്ടൽ മുറിയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഞങ്ങൾ നന്നേ ക്ഷീണിച്ചിരുന്നു. മകനെ ഉറക്കിയ ശേഷം ഞങ്ങൾ മൂന്നു പേരും ഇന്നത്തെ ദിവസം പകർത്തിയ ചിത്രങ്ങളൊക്കെ ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴേ എനിക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു. പുറകെ വന്ന എന്റെ കൂർക്കം വലിയുടെ ശബ്ദം കേട്ടു ഏട്ടനും മോളും ചിരി തുടങ്ങി. ഉറങ്ങാനായി ഞാൻ ബെഡ്‌റൂമിലേക്കു നടന്നു.

✍ആശ ജയേഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments