ജീവിതത്തിൽ അനിവാര്യമായ
ഒന്നാണ് യാത്രകൾ!
യാത്രകളിലൂടെയായാണ് നാം
ജീവിക്കാൻ പഠിക്കുന്നത്.
ഓരോ യാത്രയും പ്രദാനം
ചെയ്യുക പുതിയ പുതിയ
അനുഭവങ്ങൾ ആണല്ലോ?
നിത്യവും പലപല ആവശ്യങ്ങൾക്കായി
യാത്ര ചെയ്യേണ്ടി വരുന്നു,
ഒരു ദിവസത്തിന്റെ പകുതിയിലധികം
ബസ്സിലും, തീവണ്ടിയിലുമായി
യാത്ര ചെയ്യുന്നവരുണ്ട്.
വികസനം കൊണ്ടുദ്ദേശിക്കുന്നത്
യാത്രകൾ സുഖപ്രദമാക്കുവാനാണ്.
വളരെ വേഗത്തിൽ ലക്ഷ്യ-
സ്ഥാനത്ത് എത്തുവാൻ വേണ്ടിയാണ്
പാതകളുടെ
വീതി കൂട്ടുന്നതും,
അതിവേഗവും സുഖപ്രദവുമായ
തീവണ്ടികൾ ഓടിക്കുന്നതും!
ദേശീയപാത വികസനത്തിനായി
കാത്തുനിൽപ്പ് കേന്ദ്രങ്ങൾ നീക്കം
ചെയ്തു.
തണൽ മരങ്ങൾ വെട്ടി നിരത്തി,
മഴയത്തും വെയിലത്തും നിന്നാൽ
ചിലർക്കൊക്കെ പ്രതിരോധശക്തി
കൈവരും.
അസുഖങ്ങൾ പിടിപെടുന്നവർക്ക്
ക്രമേണ അത് ശീലമാകും
പ്രവർത്തനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ്.
എല്ലാം ശീലമാകാനുള്ള
സാവകാശമുണ്ട്.
ദീർഘദൂര തീവണ്ടികളും
ഹൃസ്വദൂര തീവണ്ടികളും
അതിവേഗ തീവണ്ടിക്കായി
പലപ്പോഴായി അവിടവിടെ
നിർത്തിയിടും
തുടക്കത്തിൽ വൈകാരികമായി-
ചിന്തിക്കുമെങ്കിലും, പതിയെ
യാത്രക്കാരിൽ ക്ഷമാശീലം
വർദ്ധിക്കും
പ്രതികരണശേഷി നഷ്ടപ്പെടും!
പണ്ട്, വഴിവെട്ടാൻ സഹായിച്ച
കാട്ടുമൂപ്പന്റെ തല
വഴികണ്ടെത്തിയ ഉടനെ
അരിഞ്ഞെടുത്തിട്ടുണ്ടത്രെ.
ആത്മാവിനെ ആൽമരത്തിൽ
ബന്ധിച്ചിട്ടുണ്ടത്രെ.
യാത്രക്കാർ ഇന്നവിടെ കാണിക്ക
ഇടുന്നു.
ഇന്നലത്തെ അബദ്ധം ഇന്നത്തെ
ആചാരമാണല്ലോ?
വികസനത്തിനായി പലതും ബലി
കൊടുക്കണമെന്നാണ് ,സമ്മതി-
ദായാകരാണ്
ബലിയർപ്പിക്കേണ്ടതും!
എന്തെന്നാൽ, ദുരിതാനുഭവങ്ങളിൽ
നിന്നാണല്ലോ കൂടുതൽ കരുത്ത്
നേടുക,ജീവിക്കാൻ പഠിക്കുക!
ജീവിതം ഒരു
സമരംപോലെ-
യെന്നാരോ
പണ്ടേ പറഞ്ഞിട്ടുണ്ട്,
വർത്തമാന കാലത്ത്,
യാത്രകളുടെ ബലത്തിൽ,
ദുരിതാനുഭവങ്ങളുടെ കരുത്തിൽ
ജീവിതം
സഹനസമരമായി മാറുകയാണ്.
True
യാത്രകൾ മനോഹരമാവട്ടെ , അഭിനന്ദനങ്ങൾ
കാലികപ്രസക്തമായ കവിത
നല്ലെഴുത്ത്