മൊബൈൽ ഫോൺ ആസക്തി
മൊബൈൽ ഫോൺ ഇന്ന് ഒരു ലഹരിയായി മാറിക്കൊണ്ടിരിക്കുകയാണ് .ഈ കൊച്ചു സാമഗ്രി കൈയിലുണ്ടെങ്കിൽ എന്തും ചെയ്യുവാനും ധൈര്യമാണ്. അതുപയോഗിച്ച് എല്ലാം നേടിയെടുക്കാമെന്ന തോന്നലാണ്. ലോകത്തു നടക്കുന്ന മിക്കവാറും എല്ലാ കാര്യത്തെക്കുറിച്ചും വിരൽത്തുമ്പിൽ വിവരം ലഭിക്കുന്നു എന്നത് സത്യമാണ്. എന്നാൽ ഭ്രാന്തമായി ഉപയോഗിക്കുന്നതുമൂലം ഉണ്ടാവുന്ന വിപത്തുകൾ നാം തിരിച്ചറിയണം. പലരും യന്ത്രമനുഷ്യരെപ്പോലെയായി മാറുകയാണ്. കയ്യിൽ മൊബൈൽ ഫോണും അതിനൊപ്പം കുറേ വയറുകളും ചേർത്തു നിർമ്മിച്ച ജീവിയാണ് മനുഷ്യൻ എന്ന് തോന്നിപ്പോകും.
ഹെഡ്ഫോൺ ചെവിയിൽ തിരുകി കയറ്റിയാൽ പിന്നെ മനുഷ്യൻ വേറെ ഒരു ലോകത്തിലാണ്. അതോടെ ചുറ്റിലും സംഭവിക്കുന്നത് കാണുവാനോ കേൾക്കുവാനോ കഴിയുന്നില്ല. പുതിയ പുതിയ സാ ങ്കേതികത രാജ്യത്തെ വൻ പുരോഗതിയിലേക്കു നയിക്കുന്നുണ്ടെന്ന് നാം അവകാശപ്പെടുന്നുണ്ടെങ്കിലും മൊബൈയിലിനോടുള്ള അ
മിതമായ ആസക്തി പലപ്പോഴും അപകടങ്ങൾ വരുത്തിവെയ്ക്കുന്നുണ്ട്. അടുത്ത കാലത്ത് ചെന്നൈയിൽ ഒരു വിദ്യാർത്ഥിനി ചെവിയിൽ ഇയർഫോൺ വെച്ച് മൊബൈയിൽ സംസാരിച്ചുകൊണ്ട് റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് മരിച്ച സംഭവമുണ്ടായി. ഇത് പോലെ എത്രയോ സംഭവങ്ങൾ ദിവസവും നമ്മൾ പത്രത്തിൽക്കൂടി അറിയുന്നു! റോഡിലൂടെ നടക്കുമ്പോഴും മൊ
ബൈലിൽ സംസാരിക്കുന്നത് പതിവു കാഴ്ചകളാണ്. ചുരുക്കം പറയുകയാണെങ്കിൽ മൊബൈയിൽ സംസാരിച്ചു നടക്കുന്നവരെ വാഹനം ഓടിക്കുന്ന ഡ്രൈവർ ഭയക്കേണ്ട അവസ്ഥ!
നടക്കുമ്പോൾ മൊബൈയിലിൽ സംസാരിക്കരുത് എന്ന് ആരെങ്കിലും ഉപദേശിക്കാൻ പോയാൽ അവരെ പുച്ഛമാണ് ഇന്നത്തെ യുവതലമുറയ്ക്ക്. അതുപോലെത്തന്നെ മൊബൈൽ ഉപയോഗം കുറക്കണമെന്ന് മാതാപിതാക്കൾ ഉപദേശിച്ചാൽ ഇന്നത്തെ കുട്ടികൾക്ക് അത് തീരെ ഇഷ്ടപ്പെടുകയുമില്ല. മാത്രവുമല്ല പല കുട്ടികളും അതിൻ്റെ പേരിൽ അക്രമാസക്തരാകുന്നതും കണ്ടിട്ടുണ്ട്.
ശാസ്ത്രസാങ്കേതികതകൾ ഒരിക്കലും മോശമാണെന്ന് പറയുന്നില്ല. പക്ഷെ അത് മിതമായി ഉപയോഗിക്കാൻ ശീലിക്കുകയാണ് വേണ്ടത്. മൊബൈയിലിനോടുള്ള ആസക്തി വർദ്ധിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഈ തലമുറയിലെ കുട്ടികൾ ഇങ്ങനെയായാൽ ഭാവിയിൽ ഇതിൻ്റെ ഭവിഷ്യത്ത് പതിൻമടങ്ങായിരിക്കും.
അതു കൊണ്ട് ചെറുപ്പം മുതൽ കുട്ടികൾ മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പഠനത്തിൻ്റെ ഭാഗമായി മൊബൈൽ മാറിയിരിക്കുന്നുവെന്നത് സത്യമാണ്. എന്നാൽ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിച്ചുകൂടാ. ഗെയിമുകൾ, ഓൺലൈൻ ചൂതാട്ടം, അശ്ശീല വെബ്സൈറ്റുകൾ തുടങ്ങി പലതും ആസക്തിയിലേക്ക് നയിക്കുന്നവയാണ്. ഒടുവിൽ ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥ വരെ വന്നു ചേരുന്നു. മൊബൈൽ മാനിയ എന്നത് ഒരു മഹാരോഗമാണെന്ന് മാനസിക വിദഗ്ധന്മാർ പറയുന്നുണ്ട്. മൊബൈൽ ഇല്ലാതെ വരുമ്പോൾ അസ്വസ്ഥത കാട്ടു
ന്ന പലരേയും കണ്ടിട്ടുണ്ട്. മൊബൈൽ ഉപയോഗിക്കില്ലാ എന്ന് തീർച്ചപ്പെടുത്തിയവർപ്പോലും അവരറിയാതെത്തന്നെ അവരുടെ കൈകൾ മൊബൈയിലിൽ എത്തുന്നത് കണ്ടിട്ടുണ്ട്. ഉറക്കത്തിൽ പെട്ടന്നുണർന്ന് മൊബൈൽ പരതി നോക്കുന്നവരും, വൈഫൈയോ ഡാറ്റയോ തീർന്നാൽ വെപ്രാളപ്പെടുന്നവരും ഫോൺ കേടായാൽ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നവരും ധാരാളമായി കാണാൻ കഴിയും.
അതു കൊണ്ട് അത്തരം ആസക്തികളെ നിയന്ത്രിക്കാൻ നമ്മുടെ മനസ്സിന് സാധിക്കണം. അതിന് ശ്രമിക്കേണ്ടത് നാം തന്നെയാണ്.