മുറിയുടെ അകത്തേക്ക് കയറിയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. ഒരു ചെറിയ മുറി, പക്ഷേ , എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു!
തറയും, ചുമരും വെട്ടിത്തിളങ്ങുന്നുണ്ട്. മുറിയിൽ വലത് ഭാഗത്തായി ഒരു മേശ. മേശപ്പുറത്ത് മൂന്നു നാല് പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട് . മേശയുടെ ഇടത് വശത്ത് ചുമരിനോട് ചേർന്ന് ഒരു റേഡിയോ ഉണ്ട്. ഏതോ ഒരു തമിഴ് പാട്ട് റേഡിയോയിൽ നിന്നും ഒഴുകി വരുന്നുണ്ടായിരുന്നു. ചുമരിലെ സ്റ്റാൻഡിൽ കണ്ണാടി, ഒരു ചീപ്പ്, കുട്ടിക്കൂറ പൗഡർ , തലയിൽ കുത്തുന്ന സ്ലൈഡുകൾ തുടങ്ങിയവ കാണാം. കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് മുളകൊണ്ട് ഉണ്ടാക്കിയ ഒരു കട്ടിൽ . അതിൽ പുല്ലു പായ് വിരിച്ചിട്ടുണ്ട് . ഒരു തലയണയും ഉണ്ട്.
ചുമരിനോട് ചേർന്ന് മൂലയിൽ ഒരു സ്റ്റൂളിൽ ഏതാണ്ട് മൂന്നടിയോളം വലിപ്പമുള്ള സാമാന്യം വലിയ കൃഷ്ണ വിഗ്രഹം. അതിന്റെ ചുവട്ടിലായി ഒരു ചെറിയ നിലവിളക്ക്.
‘ സാർ എൻ്റെ വീട് ഇഷ്ടമായോ?
‘ ഉവ്വ്, നല്ല വീട്. മുറി ചെറുതാണെങ്കിലും നല്ല വൃത്തി…!
എല്ലാം ഭംഗിയായി, ചിട്ടയായി അടുക്കി വെച്ചിട്ടുണ്ടല്ലോ..
സത്യം പറഞ്ഞാൽ ഇത്രയും നീറ്റായ വീട് അപൂർവം…’
സദാനന്ദൻ മാഷ് പറഞ്ഞു.
‘താമസിക്കുന്ന ഇടം നമ്മൾ വൃത്തിയായി സൂക്ഷിക്കണം.. വേണ്ടേ സാർ?
‘പിന്നേ… വേണം വേണം…’
സോമൻ മാഷ് പറഞ്ഞു.
‘സാർ , ചായ എടുക്കട്ടെ….’
‘സോറി, എനിക്ക് വേണ്ട …
ഞാൻ ചായ കുടിക്കാറില്ല.. ‘
സദാനന്ദൻ മാഷ് പറഞ്ഞു.
‘സാർ നാരങ്ങാ വെള്ളം കുടിക്കു മല്ലോ അല്ലേ..?
‘ഉവ്വ്….’
മുറിയുടെ മറ്റൊരു മൂലയിൽ ഒരു ചെറിയ മേശപ്പുറത്ത് ‘നൂതൻ’ കമ്പനിയുടെ മണ്ണെണ്ണ സ്റ്റൗ.
ലത കുടത്തിൽ നിന്നും അൽപം വെള്ളമെടുത്ത് ഒരു അലുമിനിയം ചരിവത്തിലാക്കി സ്റ്റൗവിൽ വെച്ചു. വെള്ളം തിളയ്ക്കുന്ന സമയം കൊണ്ട് നാരങ്ങാ വെള്ളം തയ്യാറാക്കി.
‘സാർ, നാരങ്ങാ വെള്ളത്തിന് മധുരം കുറവുണ്ടോ?
ഉണ്ടെങ്കിൽ പറയണേ..’
നാരങ്ങാ വെള്ളം സദാനന്ദൻ മാഷിന്റെ കയ്യിൽ കൊടുത്തുകൊണ്ട് ലത പറഞ്ഞു.
‘ഏയ്.. ഇല്ല മധുരം പാകം.’
‘എടോ, അധികം മധുരം വേണ്ട ട്ടോ..
ഈയിടെ മധുരം അൽപ്പം കൂടുന്നുണ്ട്..’
ചിരിച്ചു കൊണ്ട് ജോസ് മാഷ് പറഞ്ഞു.
‘മാഷേ…. വേണ്ടാ…..
തമാശ കുറച്ച് കൂടുന്നുണ്ട്..’
സദാനന്ദൻ മാഷും വിട്ടു കൊടുത്തില്ല.
‘അല്ലാ, ഇവിടെ ഒരു തമാശ പോലും പറയാൻ സ്വാതന്ത്ര്യം ഇല്ലേ?
‘ലതേ… ഞങ്ങളുടെ ചായ മറക്കണ്ട ട്ടോ..’
‘ഇല്ല സർ, ദാ ചായ എടുത്തു കഴിഞ്ഞു..’
‘അപ്പോൾ ഇതാണ് താൻ സങ്കടം പറയുന്ന തൻ്റെ കണ്ണൻ അല്ലേ..?
കൃഷ്ണ വിഗ്രഹത്തെ ചൂണ്ടി സദാനന്ദൻ മാഷ് ചോദിച്ചു.
‘അതേ സാർ, എനിക്ക് എല്ലാം എൻ്റെ കണ്ണനാണ്….’
‘സോമൻ മാഷേ, ലതയ്ക്ക് കൃഷ്ണനോട് ഭക്തി മാത്രമല്ല നല്ല പ്രണയവും ഉണ്ട്, രാധയെ പോലെ.
‘ങേ…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം?
ഇത്രയും നാളായിട്ട് ഞങ്ങളോട് പോലും ലത ഇത് പറഞ്ഞിട്ടില്ലല്ലോ. താൻ ആള് കൊള്ളാമെല്ലോ.,?
ജോസ് മാഷ് പറഞ്ഞു..
‘അങ്ങനെയൊന്നും ഇല്ല സർ..’
‘എങ്ങനെയൊന്നും?
‘അത് പിന്നെ ഒരിക്കൽ സാർ എന്നോട് ചോദിച്ചു,
എവിടെയാണ് താമസം?
എങ്ങനെ സമയം കളയുന്നു, എന്നൊക്കെ…
അപ്പോഴാണ് കണ്ണന്റെ കാര്യമൊക്കെ പറഞ്ഞത്.
പിന്നെ പുതിയ സാർ പറഞ്ഞതുപോലെ എനിക്ക് കണ്ണനോട് പ്രണയം ഒന്നും അല്ലട്ടോ. എൻ്റെ മനസ്സിലെ സങ്കടങ്ങളും വിഷമങ്ങളും തുറന്നു പറയുന്നത് കണ്ണനോടാണ്. ‘
‘പുതിയ സാറോ?
ലതേ…എനിക്കൊരു പേരുണ്ട് അത് വിളിച്ചാൽ മതി..’
‘അയ്യോ ! ഞാൻ സാറിനെ പേര് വിളിക്കില്ല.
‘പേര് മാത്രം വിളിക്കേണ്ട. പേര് വിളിച്ചതിനു ശേഷം സാറേ എന്ന് ചേർത്താൽ മതി.
‘അതെല്ലാം പോട്ടെ,
ലതേ..നല്ല ഭംഗിയുള്ള കണ്ണനാണ് കേട്ടോ .
ഇതെവിടുന്ന് വാങ്ങി?
‘ സാർ,അതൊക്കെ ഒരു കഥയാണ്, പക്ഷേ , അത് ഞാൻ പറയില്ല, പറഞ്ഞാൽ സാറന്മാര് എന്നെ കളിയാക്കിക്കൊല്ലും…’
ലത ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ലതേ, എന്നോട് പറയണം കേട്ടോ …
ഞാൻ കളിയാക്കില്ല.
ലതയെ നോക്കി സദാനന്ദൻ മാഷ് പറഞ്ഞു.
ഓ…അപ്പോൾ ഞങ്ങൾ പ്രശ്നക്കാരാണ് അല്ലേ ലതേ.,..?ശരി …ശരി..
ലതേ, ഞങ്ങൾ ഇറങ്ങട്ടെട്ടോ.
കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് സോമൻ മാഷ് പറഞ്ഞു.
‘സാർ, എങ്ങോട്ടാണ് ഇത്ര ധൃതിയിൽ പോകുന്നത്?
കുറച്ചുകൂടി കഴിഞ്ഞിട്ട് പോയാൽ പോരെ..?
‘ഏയ്.. പോരാ..
ഞങ്ങൾക്ക് മേലെ ആനക്കല്ല് ഊരിൽ ഒന്ന് പോകണം.’
ജോസ് മാഷ് പറഞ്ഞു.
‘അയ്യോ! അത് കുറേ ദൂരം ഇല്ലേ..?’
‘അതൊന്നും സാരമില്ല. ഞങ്ങൾ അങ്ങ് നടക്കും. താൻ വരുന്നോ?
‘ഏയ്.. ഞാനില്ല എനിക്ക് വയ്യ അത്രയും ദൂരം മല കയറിപ്പോകാൻ..’
‘ഓക്കെ..
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ….’
അവർ ലതയുടെ വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി.
തണുത്ത കാറ്റ് അവരെ മണത്തുകൊണ്ട് കടന്നുപോയി.
അകലെ എവിടെയോ മഴ പെയ്യുന്നുണ്ട് എന്ന് തോന്നുന്നു.
കാറ്റ് മുറുകി മുറികി വരുന്നു .
‘സദാനന്ദൻ മാഷേ, ഇവിടെ നിന്നും കുറേ ദൂരം പോയാൽ ഒരു സ്കൂൾ ഉണ്ട്, മേലെ ആനക്കല്ല് സ്കൂൾ. കാടിന് നടുക്ക്.
നമുക്ക് എന്തായാലും അവിടം വരെ ഒന്ന് പോകണം..’
ലതയുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ സോമൻ മാഷ് പറഞ്ഞു.
‘അയ്യോ…! കാട്ടിലേക്കോ? ഞാനില്ല .’
‘കോർട്ടേഴ്സിൽ നിന്നും ഇറങ്ങാൻ നേരം പറഞ്ഞതല്ലേ രണ്ടു മൂന്ന് ഊരുകളിൽ പോകാനുണ്ട് എന്ന്. വരുന്നില്ലെങ്കിൽ വേണ്ട , മാഷ് തിരിച്ചു പൊയ്ക്കോളൂ,
ഞങ്ങൾ പോയിട്ട് വരാം ..’
ജോസ് മാഷ് പറഞ്ഞു..
‘ഒറ്റയ്ക്ക് തിരിച്ചു പോകാനോ ..’
‘താൻ കാട് കണ്ടിട്ടുണ്ടോ?
കാട് എന്തെന്ന് അനുഭവത്തിലൂടെ അറിയണം. നിരവധി സസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ് കാട്….
ഒന്നു പോയാൽ വീണ്ടും പോകാൻ തോന്നും’
‘ആണോ?എങ്കിൽ ശരി, ഞാനും വരുന്നു…’
മുണ്ട് മടക്കി കുത്തി ജോസ് മാഷ് മുന്നിൽ നടന്നു, പിറകെ സോമൻ മാഷും, സദാനന്ദൻ മാഷും.
റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവർ കുന്നു കയറാൻ തുടങ്ങി. വഴിനീളെ ഉരുളൻ കല്ലുകൾ . കുറച്ച് കയറ്റം കയറിയപ്പോഴേ സദാനന്ദൻ മാഷ് കിതയ്ക്കാൻ തുടങ്ങി. മരങ്ങൾ നിറഞ്ഞ കുന്നിൻ പ്രദേശം ലക്ഷ്യമാക്കി അവർ നടന്നു. കുറേദൂരം പോയപ്പോൾ അങ്ങ് ദൂരെ വൻമരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
‘കുറച്ചുകൂടി വേഗം നടക്കെടോ?’
‘ഇപ്പോൾതന്നെ എൻ്റെ കാല് കുഴഞ്ഞു. ഇനി എങ്ങനെയാണ് വേഗത്തിൽ നടക്കുക..?’
അടുത്ത് കണ്ട ഒരു പാറക്കല്ലിൽ സദാനന്ദൻ മാഷ് ഇരുന്നു. തോൾസഞ്ചിയിൽ നിന്നും കുപ്പിയെടുത്തു കുറച്ച് വെള്ളം കുടിച്ചു. വീണ്ടും മല കയറുവാൻ തുടങ്ങി. തണുത്ത കാറ്റ് കൂടുതലായി വീശിയടിക്കുവാൻ തുടങ്ങി.
നീളമുള്ള വൻമരങ്ങൾ…
ഇത്രയും വണ്ണമുള്ള മരങ്ങൾ ആദ്യമായിട്ട് കാണുകയാണ്. അതിനടിയിൽ ചെറു സസ്യങ്ങളും വള്ളിപ്പടർപ്പുകളും..
പലതരം പക്ഷികളുടെ കൂജനം കാതുകൾക്ക് ഇമ്പമേകുന്നുണ്ട്.
പല വർണ്ണങ്ങളിലുള്ളപൂമ്പാറ്റകൾ പാറി നടക്കുന്നു. ഏതോ ഒരു പ്രത്യേക ലോകത്ത് എത്തപ്പെട്ട പോലെ!
‘മാഷേ ,വരൂ …’
സോമൻ മാഷ് വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്.
മുൾച്ചെടികൾക്കിടയിലൂടെ വഴിയുണ്ടാക്കി പോകുന്നത് വളരെ ദുഷ്കരം ആയിരുന്നു . വസ്ത്രങ്ങൾ മുള്ള് കൊണ്ട് കുറച്ച് കീറി.
ഭാഗ്യം!
ഒരു പാത കാണുന്നുണ്ട്. ആദിവാസികൾ തേനെടുക്കാനും മറ്റും പോകുന്ന വഴി ആയിരിക്കും. അവർ മരങ്ങൾക്കിടയിലൂടെ നടന്നു. വനത്തിലെ മഞ്ഞ് കനപ്പെട്ട് അടുത്തുവരുന്നു. മൂടൽ മഞ്ഞ് മൂലം വഴി പോലും നഷ്ടപ്പെട്ടു.
പെട്ടെന്ന് കാലിൽ എന്തോ തടഞ്ഞ പോലെ. പാദത്തിന് മുകളിൽ ഒരു തണുപ്പ്. സദാനന്ദൻ മാഷ് കാലിലേക്ക് നോക്കി.
കാലു മുറിഞ്ഞ് രക്തം ഒഴുകുന്നു…
വല്ല പാമ്പോ മറ്റോ ആണോ.. ?ചുറ്റിലും നോക്കി. പക്ഷേ, ഒന്നും കണ്ടില്ല. അടുത്ത് കണ്ട കല്ലിൽ സദാനന്ദൻ മാഷ് ഇരുന്നു.
മറ്റു രണ്ടു പേരും കുറെ മുൻപിലോട്ട് പോയിരുന്നു.
‘ മാഷേ എന്റെ കാല് മുറിഞ്ഞു.’
വിളിച്ചു പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഉടുത്ത ലുങ്കി മുണ്ടിന്റെ ഭാഗം കൊണ്ട് ചോര തുടച്ചു .
സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു മുറിവുണ്ട്. മുറിവിലൂടെ രക്തം വീണ്ടും ഒഴുകിക്കൊണ്ടിരുന്നു.
തൻ്റെ ജീവിതം ഈ കാട്ടിൽ തീരുമോ… ?
ഒരു ആശുപത്രിയിൽ പോകണമെങ്കിൽ 25 കിലോമീറ്റർ പോകണം….
തല കറങ്ങുന്നത് പോലെ..
സദാനന്ദൻ മാഷ് വേഗം സഞ്ചി തുറന്നു കുപ്പിയെടുത്ത് കുറച്ചു വെള്ളം കുടിച്ചു…..
സോമൻ മാഷേ….
ജോസ് മാഷേ…..
ഓടിവരു…
എൻ്റെ കാലിൽ എന്തോ തട്ടി..
മാഷേ……..
(തുടരും.)