വ്യത്യസ്തമായ രചനാവൈഭവം കൊണ്ട് ശ്രദ്ധേയനായ കവി ശ്രീ. പുലാക്കാട്ട് രവീന്ദ്രൻ്റെ ഓർമ്മകളാണ് ഇന്ന് പങ്കുവയ്ക്കുന്നത് …..
എന്തുകൊണ്ടെന്നറിയില്ല അദ്ദേഹം വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ കവിയായിരുന്നു. വൈകാരികതയും, ഭാവാത്മകതയും കവിതകളിൽ നിറഞ്ഞു നിന്നിരുന്നു. ഭക്തി അവയിൽ അടിസ്ഥാന ഭാഗമായ് വരാറുണ്ട്. അദ്ദേഹത്തിൻ്റെ സ്ഥാനം കാല്പനിക കവികൾക്കൊപ്പമായിരുന്നു.
1932 ജനുവരി 30 ന്പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ രാഘവവാര്യരുടേയും, പാർവതിവാരസ്യാരുടേയും മകനായ് ജനിച്ചു. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി. തുടർന്ന് അദ്ധ്യാപകനായ് ജോലിയൽ പ്രവേശിച്ചു.
ധാരാളം കവിതകൾ എഴുതിയിരുന്ന അദ്ദേഹം എന്തുകൊണ്ടാണ് ചർച്ച ചെയ്യപ്പെടാതെ പോയി എന്നത് ഇന്നും വ്യക്തമല്ല. വായില്ലാക്കുന്നിലപ്പൻ, പോക്കുവെയിൽ എന്നീ കവിതകൾ യു പി ക്ലാസ്സ് മുതൽ മലയാളം പാഠാവലിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. യൂണിവേഴ്സിറ്റി തലത്തിലും കുട്ടികൾക്ക് പഠിക്കാനുണ്ട് ‘
ഇളവെയിലുകള്‍, പ്രവാസം, നക്ഷത്രപരാഗം, പുലാക്കാട്ട് രവീന്ദ്രന്‍ കവിതകള്‍, സ്വക്ഷേത്രം, ഗരുഡദ്ധ്വനി എന്നിവയാണ് പ്രധാന കൃതികളാണ്.
ആനുകാലികങ്ങളിലായി ചിതറിക്കിടന്ന, കാവ്യസമാഹാരങ്ങളിൽ ഉൾപ്പെട്ട കവിതകളെല്ലാം ചേർത്ത് ‘പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾ’ പ്രസിദ്ധീകരിക്കാൻ നേതൃത്വം വഹിച്ച പ്രൊഫ.കെ വി രാമകൃഷ്ണൻ കവിയുടെ മൗലികതയെക്കുറിച്ച് പറയുന്നിതിങ്ങനെ യാണ് … ”അവാച്യമായ പദ ബോധമുള്ള കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രൻ. താൻ ശ്രദ്ധാപൂർവ്വം കൊരുത്തെടുത്ത ഒരു പ്രകരണത്തിൽ പ്രയോഗ സാഫല്യമുള്ള ഒരേയൊരു പദമേ ശബ്ദപ്രപഞ്ചത്തിലുള്ളൂ എന്ന് വിവേചിക്കാനും ആ പദത്തിന്റെ മാത്രം സ്രോതസ്സിലെത്താനും വിനയം നേടിയ അന്തർ നേത്രങ്ങളുള്ള കവി…
അദ്ദേഹത്തിൻ്റെ ‘രോഗം’. എന്ന കവിതയിൽ ജീവിതബോധ്യങ്ങളുടെ പരുക്കൻ ഭാവമണ്ഡലം നമുക്ക് കാണാൻ കഴിയുന്നു. എന്നെ ഞാനാക്കി കാട്ടിത്തരാൻ രോഗത്തിനല്ലാതെ മറ്റാർക്കും കഴിയില്ല എന്ന സത്യം കവിതയിലൂടെ കവി പറയുന്നു.
“രോഗമേ നീയെത്ര ശാന്തിദ,നെന്നക –
ശ്രീകോവിലിന്റെ നടതുറപ്പോന്‍!” – എന്ന് കൂടി പറഞ്ഞാണ് കവിത വിരമിക്കുന്നത്.
മരണത്തിന് മുൻപുള്ള എട്ട് കൊല്ലക്കാലം കാഴ്ചയില്ലാതെ ജീവിക്കേണ്ടി വന്നു കവിക്ക്. അകക്കണ്ണിൽ നിന്ന് ജീവിതത്തെ ഉൾത്തെളിച്ചത്തോടെ അഭിമുഖീകരിച്ച കവി ഒട്ടേറെ കവിതകൾ എഴുതി അന്ധതയെ തോൽപ്പിച്ചു.
‘ഗരുഡദ്ധ്വനി’എന്ന സമാഹാരത്തിലെ എല്ലാ കവിതകളും കാഴ്ച നഷ്ടപ്പെട്ടതിനുശേഷം എഴുതിയതായിരുന്നു.
കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾ എന്ന കൃതിക്കാണ് .1995 ജൂൺ 21 ന് തൻ്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ കാവ്യലോകത്തോട് വിട പറഞ്ഞു. ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം