Wednesday, November 27, 2024
Homeസ്പെഷ്യൽഎന്താണ് അഷ്ടമി രോഹിണി ? ✍അഫ്സൽ ബഷീർ തൃക്കോമല

എന്താണ് അഷ്ടമി രോഹിണി ? ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമാണ് ശ്രീ കൃഷ്ണൻ .മഥുരയിലെ രാജകുടുംബാംഗമായ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 08 മലയാള മാസമായ ചിങ്ങത്തിലെ അഷ്ടമിരോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ പ്രബല അഭിപ്രായം .ജ്യോതിഷ വിധിയനുസരിച്ചു “ജന്മാഷ്ടമി”എന്നും “അഷ്ടമി രോഹിണി”യെന്നും “ഈ ദിവസത്തെ അറിയപ്പെടുന്നു .

സംസ്കൃതനാമ വിശേഷണ പദമായ കൃഷ്ണ എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ വാക്കുകൾക്കു പകരം “കൃഷ്ണ” എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്.കൃഷ്ണൻ എന്ന പദത്തെ ആകർഷിക്കുക എന്നർത്ഥമുള്ള “കർഷ് “എന്ന ധാതുവായി കണക്കാക്കി “കൃഷ്ണൻ” എല്ലാവരേയും ആകർഷിക്കുന്നവൻ എന്ന അർത്ഥത്തെയും കുറിക്കുന്നുണ്ട് .

യദുവംശത്തിന്റെ തലസ്ഥാനമായ മഥുരയിൽ ദേവകിയുടെ സഹോദരനായ കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തുവെന്നും കംസന്റെ വിവാഹ ഘോഷ യാത്ര സമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ടുവെന്നും അക്കാരണത്താൽ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കിയെന്നും തുടർന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ നിഷ്കരുണം വധിച്ചുവെന്നും ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെട്ടുവെന്നുമെന്നും ഇവരുടെ മാനസിക സം‌യോഗം മൂലം കൃഷ്ണനെ ഗർഭം ധരിച്ചുവെന്നും പേമാരിയും, കൊടുംകാറ്റും നിറഞ്ഞ രാത്രിയിൽ കൽത്തുറുങ്കിൽ ദേവകി വസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാ വിഷ്ണുവിന്റെ പൂർണ്ണാവതാരമായി കൃഷ്‌ണൻ കൽത്തുറുങ്കിൽ പിറന്നുവെന്നുമാണ് ഐതീഹ്യം .

അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ ബുദ്ധിപരമായി എത്തിച്ചുവെന്നും പറയുന്നുണ്ട് . ഭഗവദ്ഗീത, ഭാഗവതം,ഹരിവംശം ,വിഷ്ണുപുരാണം ,ബ്രഹ്മവൈവർത്തപുരാണം, ഉപനിഷത്തുക്കൾ തുടങ്ങിയ ദിവ്യഗ്രന്ഥങ്ങളിലെല്ലാം ശ്രീ കൃഷ്ണനെ വിവിധ തരത്തിൽ പരാമർശിച്ചിട്ടുണ്ട് .”കൃഷ്ണോപനിഷത്തി”ൽ ഭഗവാൻ കൃഷ്ണനെ ശ്രീരാമദേവന്റെ പുനരവതാരമായി പറഞ്ഞിരിക്കുന്നു.

ഒരോ അമ്മമാരും ആഗ്രഹിക്കുന്നത് തന്റെ മകൻ കണ്ണനെ പോലെ കുസൃതിയായിരിക്കണം എന്നാണ്‌ .വെറും പാഴ്മുളം തണ്ടിൽ നിന്നും സ്വരങ്ങൾ സൃഷ്‌ടിച്ച അദ്ദേഹം ലോകത്തിനു മുൻപിൽ സംഗീത സാന്ദ്രമായ ജിവിതം കെട്ടിപ്പടുക്കാൻ പഠിപ്പിച്ചു .ഇന്നു സംഗീതം അട്ടഹാസങ്ങളായി മാറുമ്പോഴും ഓട കുഴൽ നാദം വേറിട്ട് നിൽക്കുന്നു .ലോകത്തിനു മുൻപിൽ എറെ തെറ്റിധാരണകൾ നിറഞ്ഞ കഥകൾ അദ്ദേഹത്തെ കുറിച്ച് പ്രചരിച്ചിട്ടുണ്ട് .സംഗീതവുമായി ബന്ധമുള്ള പതിനാറായിരത്തി ഒരുന്നൂറ്റി എട്ട് എന്ന സംഖ്യ കൃഷ്ണന്റെ ഭാര്യമാർ ആണെന്ന ഒരു കഥയുണ്ട് . പതിനാറായിരം പ്രധാന വേദ ഋക്കുകളും ,108 പ്രധാന ഉപനിഷത്തുക്കളുമാണെന്നും ഇന്നും മനസിലാക്കാത്തവരുണ്ട് .

കൃഷ്ണനും രാധയുമാണ് ഇന്നും നമുക്കു മുൻപിലുള്ള നല്ല പ്രണയിതാക്കളും ദമ്പതികളും .പ്രതികൂല സാഹചര്യങ്ങളിൽ പരസ്പരം ഒരുമിച്ചു നിൽക്കുന്ന ഭർത്താവിന്റെ ദൗത്യങ്ങൾക്കു ശക്തി പകരുന്ന ദിവ്യ പ്രണയത്തിന്റെ ഉത്തമ മാതൃകയാണ് അവർ .ഒരു അക്ഷൗഹിണിയോളം വരുന്ന തന്റെ നാരായണീയ സേനയെ അദ്ദേഹം ദുര്യോധനന് വിട്ടു കൊടുത്തു . സ്വയം ഒരു തേരാളിയായി അർജ്ജുനനോടൊപ്പം നിൽക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ തുല്യ നീതിക്കു വേണ്ടി നില കൊണ്ടിട്ടുണ്ട് . “വിഷ്ണു പുരാണം “അംശം 5 അദ്ധ്യായം 38 ൽ വ്യസമുനി അർജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ് .
“അർജ്ജുനാ , ഭഗവാൻ കൃഷ്ണൻ സ്വയം കാലസ്വരൂപനാകുന്നു . അദ്ദേഹം ഭൂഭാരം തീർക്കുവാനായി മാത്രം അവതരിച്ചതായിരുന്നു . അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയിൽ അവതാരമെടുത്തു”. അതൊക്കെ കണക്കാക്കുമ്പോൾ ശ്രീ കൃഷ്ണന്റെ പ്രസക്തി വലുതാണ്. ഇതിനുമൊക്കെ അപ്പുറം അദേഹം മുന്നോട്ടു വച്ച സത്യവും ധർമ്മവും നീതി ബോധവും കാലാതീതമായി നിലനിൽക്കുന്നു .

ദ്വാരകയിലെ രാജാവായിട്ടും ശ്രീകൃഷ്ണൻ നിർധനനും ബാല്യ കാല സുഹൃത്തുമായ കുചേലനെ അതീവ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയും സംരക്ഷണം നൽകുകയും ചെയ്തിട്ടുണ്ട് .ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നായ ഇരുപതിനാലായിരം ശ്ലോകങ്ങളുള്ള “മഹാഭാരത”ത്തിന്റെ ഭാഗമായ കുരുക്ഷേത്ര യുദ്ധത്തിനൊടുവിൽ അർജ്ജുനനോടായി ശ്രീകൃഷ്ണൻ ഉപദേശിച്ച പതിനെട്ട് ആദ്ധ്യായങ്ങളും അനുഷ്ടുഭ വൃത്തത്തിലെഴുതിയ എഴുനൂറ് ശ്ലോകങ്ങൾ അടങ്ങിയ “ഭഗവദ്ഗീത “എന്നതിന് “ദൈവത്തിന്റെ ഗീതം” എന്നാണ്‌ അർഥം കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശ മണ്ഡലങ്ങടങ്ങിയതാണ് അത് .

മനുഷ്യ ജീവിതത്തിലെ ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് “കൗ രവര്‍ “ആയി ചിത്രീകരിച്ചിരിക്കുന്നത്. മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകളും സത്ചിന്തകളുമാണ് “പാണ്ഡവര്‍ എന്നതും .”സംഭവാമി യുഗേ യുഗേ” കൂടാതെ “ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല …”പ്രവൃത്തിയില്‍മാത്രമേ നിനക്കു അധികാരമുള്ളു. ഒരിക്കലും ഫലങ്ങളി‍ല്‍ (അതു ലഭിച്ചാലും ലഭിച്ചില്ലെങ്കിലും) ഇല്ല. (അതായതു ഫലം നിന്റെ സ്വാതന്ത്ര്യത്തിലുള്ളതല്ല). “നീ ഫലമുദ്ദേശിചു പ്രവര്‍ത്തിക്കുന്നവനാകരുത്. അക‍ര്‍മ്മത്തില്‍ നിനക്കു ആസക്തിയു മരുത്.”.അത്തരം പ്രയോഗങ്ങൾ സകല മനുഷ്യനും എല്ലാ കാലങ്ങളിലും ഒരുപോലെ പാഠമാകുന്നത് കൊണ്ടാണ് ശ്രീകൃഷ്ണൻ കാലാതീതനാകുന്നത് .

നിയമം നടപ്പാക്കുന്നതിനപ്പുറം നീതി നടപ്പാക്കാൻ ആഹ്വനം ചെയ്‌തു ശ്രീകൃഷ്ണൻ .അവതാരങ്ങളും സാമുഹിക പരിഷ്കർത്താക്കളും ഒന്നും ഒരു ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ വക്താക്കളല്ലന്നും അവരൊക്കെ മാനവരാശിയുടെ പൊതു സ്വത്തായി നിലനിൽക്കണം എന്നുമുള്ളത് കാലഘട്ടത്തിന്റെ ആവശ്യമാണ് .ദൈവ ഹിതമില്ലാതെ ആർക്കും എങ്ങും ജയിക്കാൻ കഴിയില്ലെന്നുള്ള സന്ദേശവും അദ്ദേഹത്തിന്റേതായുണ്ട് .ഇന്നത്തെ “ഗുജറാത്തിലെ പടിഞ്ഞാറന്‍ കടല്‍ത്തീരങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സൗരാഷ്ട്രയിലെ “ഭാല്‍കാ” എന്ന സ്ഥലത്തു വെച്ചു ധ്യാനിക്കാനായി തൊട്ടടുത്തുള്ള വനത്തിലേക്കു പോയ അദ്ദേഹത്തെ “ജാരാ “എന്ന വേട്ടക്കാരൻ ഇടത്തേ കാല്‍പാദം കണ്ടിട്ട് കരടിയുടേതാണെന്ന് തെറ്റിദ്ധരിച്ച് അമ്പയ്തു അങ്ങനെ ഇഹലോക വാസം വെടിഞ്ഞു എന്നാണ് ഐതിഹ്യം.

ഈ അഷ്ടമി രോഹിണി ശാന്തിയുടെയും മാനവ മൈത്രിയുടെയും നല്ല നാളെയുടെ തുടക്കമാകട്ടെ എന്നാശംസിക്കുന്നു ……..

“ധർമത്തിനെപ്പോഴൊക്കേയും ഗ്ലാനി ഭവിപ്പൂ ഭാരത!
അധർമാഭ്യുത്ഥാനവുമന്നാത്മസൃഷ്ടി കഴിപ്പു ഞാൻ.”

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments