മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.
താഴ്മ, വിനയം, സ്നേഹം
————————–
മനുഷ്യന്റെ ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഈഗോ. ഞാൻ വലിയവൻ, എന്റെ കഴിവുകൊണ്ടാണ് പലതും നടക്കുന്നത്. ഞാൻ, ഞാൻ എപ്പോളും എല്ലാവരേക്കാൾ മുകളിൽ നിൽക്കണം എന്നൊക്കെയുള്ള ചിന്തകളാണ് മനുഷ്യനെ പലപ്പോഴും തകർത്തു മാനസിക പ്രയാസത്തിലേയ്ക്ക് പോലും മാറ്റുന്നത്. എന്നാൽ ദൈവ സന്നിധിയിൽ കീഴ്പ്പെടൽ എന്ന ഭാവം ഏറ്റവും ഉന്നത നിലയിൽ തന്നെയുണ്ട്. ദൈവത്തിന്റെ എല്ലാ ഗുണങ്ങളും ദേഹ രൂപത്തിൽ വസിച്ചത് യേശു ക്രിസ്തുവിലാണ്.
ഫിലിപ്പിയർ 2:5
” ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ ”
ഞാനെന്ന സ്വയത്തെ മാറ്റി വെച്ചു മറ്റുള്ളവരുടെ മുമ്പിൽ താഴുവാനും, കീഴ്പ്പെടുവാനും കഴിയുന്നത് ഏറ്റവും ശ്രേഷ്ഠമായ ഒരു ഭാവമാണ്. മറ്റുള്ളവരുടെ കഴിവുകളെ അതിലുപരി അവരുടെ പോരായ്മകളെ കണ്ടറിഞ്ഞു ചേർത്തു നിർത്തുവാനുള്ള കഴിവും ദൈവീകമാണ്.
കൊലോസ്യർ 2:9
” അവനില്ലല്ലോ ദൈവത്തിന്റെ സർവ സമ്പൂർണതയും ദേഹ രൂപമായി വസിക്കുന്നത് എല്ലാ വാഴ്ചയ്ക്കും, അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു ”
ദൈവം എല്ലാ സദ് ഗുണങ്ങളുടെയും സർവ്വ സമ്പൂർണതയായിരുന്നു. ബൈബിളിൽ ഉടനീളം കാണുവാൻ സാധിക്കുന്നത് ദൈവം തന്നേ തന്നെ താഴ്ത്തി എൽപ്പിക്കുകയായിരുന്നു. പഴയ നിയമങ്ങളിൽ തെറ്റ് ചെയ്താൽ ക്രൂശിക്കുന്ന ഒരു ദൈവമായിരുന്നെങ്കിൽ യേശുവിന്റെ വരവോട് സകല ദൈവഹിതമെന്ന് സമർപ്പിക്കുന്നത് കാണാം.
യോഹന്നാൻ 1:18
ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല, പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു ”
പഴയ നിയമകാലങ്ങളിൽ മറഞ്ഞിരിക്കുന്ന ദൈവത്തെയും, ഭൂമിയിൽ കാണുന്ന സ്ഥാവര ജംഗമ വസ്തുക്കളെയും നാല്കാലികളെയും ഒക്കെയായിരുന്നു ദൈവമായി സങ്കല്പിച്ചിരുന്നത്. എന്നാൽ യേശുക്രിസ്തു മുഖാന്തരം സത്യ വെളിച്ചം ഭൂമിയിലേയ്ക്ക് വന്നു ഏക ദൈവത്തിൽ മനുഷ്യർ ആശ്രയിക്കുവാൻ തുടങ്ങി. ആ ക്രിസ്തു തന്നെത്താൻ താഴ്ത്തി ദൈവഹിതത്തിന് ജീവിതം വിട്ടുകൊടുത്തു ജീവിച്ചു.
ലൂക്കോസ് സുവിശേഷത്തിൽ പറയു പോലെ ഒരു മനുഷ്യ സ്ത്രീയുടെ ഉദരത്തിലേയ്ക്ക് സ്വയം ചുരുങ്ങി ഈ ഭൂമിയിലേയ്ക്ക് പിറന്നു. പിന്നീട് ആ മാതാപിതാക്കൾക്ക് കീഴ്പ്പെട്ടിരുന്നു. താൻ ആയിരിക്കുന്ന പള്ളി പ്രമാണിക്കും, യഹൂദ മത നിയമങ്ങൾക്കും, രാജ്യ നിയമങ്ങൾക്കും,മനുഷ്യനായ യോഹന്നാന്
കൈക്കീഴേ സ്‌നാനപ്പെട്ടു, അവസാനം മനുഷ്യ വിധിക്കും, മരണത്തിനും കീഴ്പ്പെട്ടു
ഗലാത്യർ 2-20
” ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു”
ദൂതന്മാരെ ആരാധനാപാത്രങ്ങളായി കണ്ടിരുന്നു. ദൂതന്മാർ മുഖാന്തിരം നല്കപ്പെട്ട ന്യാപ്രമാണത്തെക്കാൾ കർത്താവ് നേരിട്ടു പറഞ്ഞതും അടയാളങ്ങളാലും അത്ഭുതങ്ങളാലും ദൈവം സാക്ഷി നിന്നതുമായ ക്രിസ്തുവിലുള്ള രക്ഷ ഏറ്റവും ശ്രേഷ്ഠമാണ്. യേശുവിന്റെ പൗരോഹിത്യം നിത്യ പൗരോഹിത്യമായിരുന്നു.
ക്രിസ്തുവാകുന്ന പാറമേൽ ഉറച്ചിരിക്കുന്ന ഒരാൾ തന്റെ വിശ്വാസത്തിൽ നിന്ന് ചലിയ്ക്കാതെ, നിത്യ സംഭവങ്ങളാൽ ഭാരപ്പെടുത്തുന്ന ചിന്തകളിൽ നിന്നെല്ലാം മാറി ധൈര്യത്തോടെ കൃപാസനത്തിന് അടുത്ത് ചെല്ലാം. നമ്മളെ സ്നേഹിക്കുന്ന കരുതുന്ന ഒരു നല്ല രക്ഷകൻ നമ്മൾക്കുണ്ട്. ദൈവസന്നിധിയിൽ ദൈവ സ്നേഹത്തിൽ ആശ്രയിച്ചു ഈ പ്രവാസ ജീവിതം ജീവിക്കാം. ആരെയും വേദനിപ്പിക്കാതെ, വേദനിപ്പിക്കുന്നവരെ പോലും സ്നേഹിച്ചു ദൈവ രാജ്യത്തിന്റെ സ്ഥാനതിപതികളായി ജീവിക്കാം. ഈ വചനങ്ങളാൽ ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ