ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സെപ്റ്റംബർ 29, ഞായറാഴ്ച്ച വൈകുന്നേരം 5:30 ന് പൈതൃകം എന്നർത്ഥം വരുന്ന ‘വിരാസത്’ എന്ന പേരിൽ ഒരുക്കുന്ന ചടങ്ങിൽ വെച്ച് ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസ്സാർ തളങ്കരയാണ് അലുംനി അസോസിയേഷന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാൽപ്പത്തി അഞ്ച് വർഷത്തോളമായി ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ പൊതു വേദിയായാണ് ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) രൂപീകരിക്കുന്നത്.
ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐടി, ബിസിനസ്, മീഡിയ, സ്‌പോർട്‌സ്, ഫിലിം ഇൻഡസ്ട്രി, മെഡിക്കൽ, ലോ, റിസർച്ച്, സർവീസസ് ഇൻഡസ്ട്രി തുടങ്ങി നിരവധി മേഖലകളിൽ മികവ് പുലർത്തുന്നുണ്ട്. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ചില വിദ്യാർത്ഥികളുടെ കൂട്ടായ അഭ്യർത്ഥന പരിഗണിച്ചാണ് ഇതിനാവശ്യമായ പിന്തുണയും നേതൃത്വവും ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകുന്നത്. നിലവിലെ കമ്മറ്റി അംഗങ്ങളിൽ പലരും ഷാർജ ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ കൂടിയാണ്.
SISAA യുടെ ലോഗോ തീരുമാനിക്കുന്നതിന് നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഒരു ലോഗോ മത്സരം നടത്തിയിരുന്നു . ഇതിൽ നിന്നും വെനോന സാറയുടെ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിരാസത് ചടങ്ങിൽ വെച്ച് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്യും. പൂർവ്വ വിദ്യാർത്ഥികളായ ഉമ്മൻ പി ഉമ്മൻ (1999 ലെ ഹെഡ് ബോയ്, ബാച്ച്) അന്ന ജോസലിൻ, ചൈതന്യ ദിവാകരൻ (2015 ബാച്ച്), ഡേവിഡ് ദിവാകരൻ (1997 ബാച്ച് ) എന്നിവരടങ്ങുന്ന ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ മുൻ കൈ എടുത്താണ് ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ(SISAA) യാഥാർത്ഥ്യമാക്കുന്നത്. ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയുടെ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നിസാർ, IAS മാനേജ്‌മെന്റ്, ഷാർജ ഇന്ത്യൻ സ്‌കൂൾ ഗേൾസ്, ബോയ്സ് സ്കൂളുകളുടെ പ്രിൻസിപ്പൽമാർ തുടങ്ങി നിരവധി മേഖലയിലുള്ളവർ ഈ ശ്രമത്തിനു പിന്തുണ നൽകി.