ഷാർജ : ഇന്ത്യൻ അസോസിയേഷൻ ഷാർജ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ അവരുടെ പരാതികളുമായി എത്തി പരിഹാരങ്ങൾ കണ്ടെത്തി.
ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ കോൺസുലേറ്റിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യാഗസ്ഥരുമായി നേരിട്ടെത്തിയാണ് കമ്മ്യൂണിറ്റിഔട്ട് റീച്ച് പ്രോഗ്രാമിൽ വിവിധ പരാതികൾ പരിശോധിച്ച് തീരുമാനങ്ങളെടുത്തത്. ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ നിരവധി വിഷയങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് കോൺസുലേറ്റുമായി ദൈനംദിനം ഇടപെടുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാർക്ക് കുറേക്കൂടി സൗകര്യപ്പെടുന്ന രീതിയിൽ അസോസിയേഷന്റെ അങ്കണത്തിൽ കോൺസുലേറ്റിന്റെ സേവനം വ്യാപിക്കാൻ തീരുമാനിച്ചതെന്നും അതിന്റെ ഭാഗമായി നൂറുകണക്കിനാളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹാരങ്ങൾ കണ്ടെത്താൻ സാധിച്ചത് എന്നും കോൺസുൽ ജനറൽ സന്തോഷ് ശിവൻ പറഞ്ഞു. ഇത്തരം സേവനങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് കോൺസുലേറ്റ് ജനറൽ കൂട്ടിച്ചേർത്തു. തൊഴിൽ, പാസ്‌പോർട്ട് & അറ്റസ്റ്റേഷൻ, വിസ, വിദ്യാഭ്യാസം, കോൺസുലർ വിഭാഗം, സാമ്പത്തിക വകുപ്പ് എന്നിവയുൾപ്പെടെ ദുബായിലെ കോൺസുലേറ്റ് ജനറലിന് കീഴിലുള്ള ആറ് പ്രധാന വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പൺ ഫോറത്തിൽ നേരിട്ടെത്തി പരാതികൾ കേട്ടത്.
2005-ൽ, യുഎഇ ഗവൺമെൻ്റിൻ്റെ പൊതുമാപ്പ് പ്രഖ്യാപന വേളയിലും, ഈ വർഷം ഫെബ്രുവരിയിലും നിരാശ്രയരായ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും, അത് പരിഹരിക്കുന്നതിനും മാത്രമായി ഒരു ഓപ്പൺ ഹൗസ് അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ, മറ്റ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ, അസോസിയേഷൻ പ്രസിഡൻ്റ് നിസ്സാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ഭാരവാഹികൾ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ,വിവിധ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ, പ്രവാസി ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യക്കാരായ ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഓപ്പൺ ഫോറത്തിലൂടെ സാധിച്ചു എന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് അസോസിയേഷൻ മുന്നിട്ടിറങ്ങുമെന്നും പ്രസിഡണ്ട് നിസാർ തളങ്കരയും, സെക്രട്ടറി ശ്രീ പ്രകാശും അറിയിച്ചു.