വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കൾക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാതാപിതാക്കൾക്കെതിരെ ഒരു നടപടികളും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നൽകി.
മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.
മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടി ‘ ആസൂത്രിതമായ അന്വേഷണ’ ത്തിന്റെ ഭാഗമാണ് എന്നാണ് ഹര്‍ജിയില്‍ മാതാപിതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം.
പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയത്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹര്‍ജിയില്‍ മാതാപിതാക്കളുടെ വാദം.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐയോട് മറുപടി തേടിയിരുന്നു. ഹര്‍ജിയില്‍ ഏപ്രില്‍ രണ്ടിനകം സിബിഐ മറുപടി നല്‍കണം. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ചതില്‍ ആറ് കേസുകളിലാണ് മാതാപിതാക്കളെ പ്രതിചേര്‍ത്തത്.