ശബരിമലയില്‍ സുഗമ ദർശനം :സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ
മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ സുഗമമായ ദർശനമാണ് ശബരിമലയിൽ. കൃത്യമായി നടത്തിയ മുന്നൊരുക്കമാണ് സുഗമമായ ദർശനം സാധ്യമാക്കിയതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
“വളരെ സന്തോഷത്തോടെയാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. മണ്ഡലകാലം തുടങ്ങും മുന്നേ നടത്തിയ മുന്നൊരുക്കം കൃത്യമായി നടപ്പാക്കിയതിന്റെ ഗുണമാണ്. തിരക്ക് കൂടുമ്പോൾ പതിനെട്ടാം പടിയിൽ അത് പ്രതിഫലിക്കും. നേരത്തെ 20 മിനിറ്റ് നീളമുള്ള ഒരു ടേൺ ആയിരുന്നു പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഡ്യൂട്ടി. അത് ഒരു ടേണിൽ 15 മിനിറ്റ് ആക്കി കുറച്ചു. അതോടെ പോലീസുകാരുടെ സമ്മർദ്ദം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്തു. ഇതോടെ ഭക്തർക്ക് തടസ്സമില്ലാതെ പതിനെട്ടാം പടി കടന്ന് പോകാവുന്ന സ്ഥിതിയായി,” കൃഷ്ണകുമാർ വിശദീകരിച്ചു.
ഒരേ സമയം 15 ഓളം പോലീസുകാരാണ് പതിനെട്ടാം പടിയുടെ ഇരു വശത്തുമായി ഡ്യൂട്ടി ചെയ്യുക. 15 മിനിറ്റിന് ശേഷം അടുത്ത സംഘം പോലീസുകാർ ചുമതലയേൽക്കും.
മറ്റൊരു പ്രശ്നം ശ്രീകോവിലിന് മുന്നിൽ ഒന്നിലേറെ വശങ്ങളിൽ നിന്ന് വരി വരുമ്പോഴുള്ള തിരക്ക് ആയിരുന്നു. ഇതും നിയന്ത്രിച്ചു. ഇപ്പോൾ ഒരു വശത്തുനിന്നുള്ള വരിയിലൂടെ മാത്രമാണ് ദർശനം. ഒന്നിലേറെ വശങ്ങളിൽ നിന്ന് വരി വരുമ്പോൾ സുഗമ ദർശനം സാധ്യമാകാത്ത ഭക്തർ വീണ്ടും ദർശനത്തിന് ശ്രമിക്കുന്നത് പോലീസിന് സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.
അനിയന്ത്രിതമായി ആളുകൾ വരുമ്പോൾ പമ്പയിൽ വെച്ചു തന്നെ നിയന്ത്രിക്കുന്ന പദ്ധതിയും വിജയിച്ചു. പമ്പയിലെ പുതുതായി നിർമ്മിച്ച താൽക്കാലിക നടപന്തലിൽ വെച്ചുതന്നെ ഭക്തരെ നിയന്ത്രിക്കുന്നതിനാൽ സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമായി.
ദിവസേന 70,000 പേർക്കാണ് വിർച്വൽ ക്യു വഴി പരമാവധി ബുക്കിംഗ്. “സ്പോട്ട് ബുക്കിംഗ് വരും ദിവസങ്ങളിൽ കൂടുമെന്നാണ് പോലീസ് കരുതുന്നത്. എത്ര കൂടിയാലും ഭക്തർക്ക് സുഗമ ദർശനം ഏർപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.” സ്പെഷ്യൽ ഓഫീസർ പറഞ്ഞു. ചാലക്കയം മുതൽ സന്നിധാനം വരെ സ്ഥാപിച്ച 89 ക്യാമറകൾ വഴിയാണ് പോലീസ് തിരക്ക് തത്സമയം മനസിലാക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും. ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് സന്നിധാനത്തെത്തി നിരന്തരം ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.
സ്വാമീസ് ചാറ്റ് ബോട്ടിനും മികച്ച പ്രതികരണമാണ്. തെലുങ്ക്, കന്നട,തമിഴ് ഭാഷയിൽ അത്യാവശ്യം ഭക്തരോട് സംസാരിക്കാനുള്ള പരിശീലനം പോലീസുകാർക്ക് നൽകിയിട്ടുണ്ട്.
സന്നിധാനത്തെ പോലീസുകാരുടെ സി-ടേൺ ഡിസംബർ 16 ന് തുടങ്ങും. പുതിയ ബാച്ചിലേക്ക് രണ്ടുദിവസം മുൻപേ പൊലീസുകാർ എത്തികഴിഞ്ഞു. സന്നിധാനത്ത് സ്പെഷൽ ഓഫീസറായി ഏറ്റവും കൂടുതൽ സേവനമനുഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കൊട്ടാരക്കര സ്വദേശിയായ ബി കൃഷ്ണകുമാർ. സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ (എഎസ്ഒ) ടി എൻ സജീവും ജോയിന്റ് സ്പെഷൽ ഓഫീസർ (ജെഎസ്ഒ) മാനന്തവാടി എഎസ്പി ഉമേഷ് ഗോയലുമാണ്.
ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ സീസൺ ഒരു മാസം പൂർത്തിയാകുമ്പോൾ സുഗമമായ തീർഥാടനകാലം ആയിരുന്നെന്ന് ഞായറാഴ്ച ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.
മികച്ച രീതിയിൽ എല്ലാ വകുപ്പുകളും ദേവസ്വവും സഹകരിച്ചതുകൊണ്ടാണ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എഡിഎം അരുൺ എസ് നായർ വ്യക്തമാക്കി.
വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനം സാധ്യമാക്കിയ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. മണ്ഡലം മകരവിളക്ക് മഹോത്സവം സമാപിക്കുന്നത് വരെ ഏകോപനം ഇതുപോലെ തുടരണമെന്ന് എ ഡിഎം പറഞ്ഞു
സോപാനത്ത് പ്രത്യേകം ആരോഗ്യ സംഘത്തെ സജ്ജമാക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ പരിശീലനം ലഭിച്ച ആളെ സോപാനത്ത് സജ്ജമാക്കുന്നതിന് നിർദ്ദേശിച്ചു. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നതിൽ പരിശീലനം ലഭിച്ച പോലീസിൻറെ സേവനവും ഉറപ്പാക്കും.
മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്ത് വിശുദ്ധി സേനാംഗങ്ങൾ മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്ക് ജെസിബി ഉപയോഗിച്ചാൽ മാലിന്യനീക്കം സുഗമമാകുമെന്ന് എഡിഎം ചൂണ്ടിക്കാട്ടി.
അരവണ പ്ലാന്റിന് പിറകിൽ അരവണ ചാക്കുകൾ കുന്നുകൂടുന്നത് ദിനേന നീക്കം ചെയ്യും. വാവരു നടയുടെ മുന്നിലുള്ള മരത്തിന് ചുറ്റുമുള്ള വേലികൾ എടുത്തുമാറ്റും. ഇവിടെ മാലിന്യം ഇടുന്ന പ്രവണതയുണ്ട്.കൊപ്ര കളത്തിൽ താമസിക്കുന്നവരെ അവിടെ നിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് എഡിഎം നിർദേശം നൽകി. ശനിയാഴ്ച കൊപ്ര സൂക്ഷിച്ച ഷെഡ്ഡിൽ നിന്ന് പുക ഉയർന്നിരുന്നു. കൊപ്ര കളത്തിന്റെ പരിസരത്ത് ജാഗ്രത പാലിക്കും.
സോപാനത്ത് ഫോട്ടോ എടുക്കുന്നതിനുള്ള നിരോധനം ഉദ്യോഗസ്ഥർ കർശനമായി പാലിക്കണം.സന്നിധാനത്ത് ബിഎസ്എൻ എൽ നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചുകടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഇതുവരെ 85 ഓളം പരിശോധനകൾ നടത്തിയതായി ഡ്യൂട്ടി മജിസ്ട്രേറ്റ് വ്യക്തമാക്കി.
ഒരു മാസത്തിനുള്ളിൽ 287 കോളുകൾ അറ്റൻഡ് ചെയ്ത് അടിയന്തിര നടപടികൾ സ്വീകരിച്ചതായി അഗ്നിശമന രക്ഷാ സേന അറിയിച്ചു. ഹോട്ടലുകളിൽ അനുവദനീയമായ അഞ്ച് ഗ്യാസ് സിലിണ്ടറുകളിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് തടയും.
മുൻകരുതലായിചിക്കൻപോക്സിന് പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ഹോമിയോപ്പതി വകുപ്പ് സന്നദ്ധത അറിയിച്ചു.കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇതുവരെ 302 പരിശോധനകൾ നടത്തിയതായും 66,000 രൂപ പിഴയായി ഈടാക്കിയതായും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. 14 പരാതികളാണ് ലഭിച്ചത്.
യോഗത്തിൽ സന്നിധാനം സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു, സന്നിധാനം എഎസ്ഒ ടി എൻ സജീവ്, ജിഎസ്ഒ ഉമേഷ് ഗോയൽ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡെപ്യൂട്ടി കമാൻറന്റ് ജി വിജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
29 ദിവസങ്ങളിൽ ദർശനം നടത്തിയത് 22.67 ലക്ഷം ഭക്തർ; വരുമാനം 163.89 കോടി
-അരവണ വിറ്റുവരവ് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 17.41 കോടി വർധിച്ചു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്. ദർശനത്തിനെത്തിയ തീർത്ഥാടകർക്കും,ഒരു മാസക്കാലം സുഗമ ദർശനം സാധ്യമാക്കിയ എല്ലാ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും പ്രസിഡന്റ് നന്ദി അറിയിച്ചു. മാധ്യമ പ്രവർത്തകർക്കും നന്ദി അറിയിച്ചു.
29 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ
അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്. കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച വരുമാനത്തെക്കാൾ 22,76,22,481 രൂപ ഇത്തവണ അധികമുണ്ടായി. അരവണ വിറ്റുവരവ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 65,26,47,320 രൂപ ആയിരുന്നപ്പോൾ ഈ വർഷം 17,41,19,730 രൂപ വർധിച്ചു.
കാണിക്കയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച തുകയേക്കാൾ 8.35 കോടി രൂപ അധികമെത്തി.ആറന്മുളയിൽ നിന്ന് ഡിസംബർ 22 ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്ര 25 ന് വൈകിട്ട് 5 മണിക്ക് സന്നിധാനത്ത് എത്തിച്ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു. വൈകിട്ട് 6 30ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. പൊലീസും ദേവസ്വം ബോർഡ് ജീവനക്കാരും ചേർന്ന് നടത്തുന്ന കർപ്പൂരാഴി ഡിസംബർ 23, 24 തീയതികളിലാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അരവണ യഥേഷ്ടം ലഭ്യമായതിനാലാണ് അരവണയിൽ നിന്നുള്ള വിറ്റുവരവ് വർധിച്ചതെന്ന് പ്രസിഡണ്ട് പറഞ്ഞു.
മല കയറി ശരീരം ഉളുക്കിയോ…?
അയ്യനെ കാണാൻ മല കയറി എത്തുന്ന തീർത്ഥാടകർക്ക്ഉളുക്കിയാലോ പേശി വേദന അനുഭവപ്പെട്ടാലോ ഞൊടിയിടയിൽ ആശ്വാസം നൽകാൻ സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റുമായി ഇതര സംസ്ഥാന ഡോക്ടർമാർ സന്നിധാനത്തുണ്ട്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർത്ഥാടകർക്ക് വേദനസംഹാരിയായി നില കൊള്ളുന്നത്. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് സെന്ററിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്.
ഫിസിയോതെറാപ്പിക്ക് പുറമേപനി, പരിക്ക് പോലുള്ള ഘട്ടങ്ങളിൽ ഇവർ അലോപ്പതി മരുന്നുകളും നൽകുന്നു. ശ്വാസംമുട്ട് അനുഭവപ്പെടുന്നവർക്ക് നെബുലൈസേഷൻ സൗകര്യം, വേദന ശമിപ്പിക്കാൻ ഇഞ്ചക്ഷൻ, അത്യാവശ്യം അലോപ്പതി മരുന്നുകളും ഇവിടെ സ്റ്റോക്കുണ്ട്. നിർജലീകരണം സംഭവിക്കുന്നവർക്ക് ഒആർഎസ് ലായനിയും റെഡിയാണ്.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സ്പെഷലൈസേഷൻ ഡോക്ടർമാരും ഫിസിയോ തെറാപ്പിസ്റ്റുകളുമാണ് ഊഴം വെച്ച് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നത്.
നവംബർ 22 നാണ് സൗജന്യ ഫിസിയോതെറാപ്പി സേവനം തുടങ്ങിയതെന്ന് ഞായറാഴ്ച ചുമതലയിലുണ്ടായിരുന്ന ഡോ. എസ് പൂവിയരശൻ പറഞ്ഞു. “ദിവസം ശരാശരി 70 മുതൽ 100 പേർക്ക് വരെ ഫിസിയോതെറാപ്പിയും വൈദ്യസേവനവും നൽകിവരുന്നു. മസിൽ ഉളുക്ക്, പേശി വേദന, ചർദ്ദി എന്നിവയുമായാണ് കൂടുതൽ ആളുകളും എത്തുന്നത്,” തമിഴ്നാട് കരൂർ സ്വദേശിയായ, ജനറൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ പറഞ്ഞു.
ഇദ്ദേഹത്തിന്റെ കൂടെ ചെന്നൈ സ്വദേശിയായ ഡോ. മാണിക്യവേലനും തിരുവാരൂർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് വി ശരവണനുമാണ് ഷിഫ്റ്റിലുള്ളത്.നാലു ദിവസമാണ് ഒരു സംഘത്തിന്റെ ഷിഫ്റ്റ്. സമയം രാവിലെ 9 മുതൽ രാത്രി 8 വരെ. ടെൻസ് (ട്രാൻസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ), നെബുലൈസർ ഉപകരണങ്ങളും യൂണിറ്റിൽ ഉപയോഗിക്കുന്നു.
ആദ്യമായി ശബരിമലയിൽ സേവനത്തിന് എത്തിയ പൂവിയരശ്ശനും മാണിക്കവേലനും ശബരിമലയെക്കുറിച്ചും ഇവിടെ എത്തുന്ന തീർത്ഥാടകരെക്കുറിച്ചും അവർക്കായി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം നല്ല അഭിപ്രായം മാത്രമേ ഉള്ളൂ.
ഇവരുടെ സഹായത്തിനായി വന്ന, കോയമ്പത്തൂർ സ്വദേശി വി പാർഥിപൻ കഴിഞ്ഞ 10 വർഷങ്ങളായി വിവിധ ആരോഗ്യസേവന പ്രവർത്തനങ്ങളിൽ വളണ്ടിയർ ആയി ശബരിമലയിൽ എത്തുന്നു.
തമിഴ്നാട് മന്ത്രി ശേഖർ ബാബു ദർശനം നടത്തി
തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ ശാന്തി, മക്കളായ വിഘ്നേഷ്, ജയസിംഹൻ എന്നിവരും ഉണ്ടായിരുന്നു. മന്ത്രി ദീപാരാധന തൊഴുതു