ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം അടൂര്‍ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു.
കോണ്‍ക്ലേവില്‍ പെരിങ്ങര, ഓമല്ലൂര്‍, വടശ്ശേരിക്കര, അരുവാപ്പുലം, ഏഴംകുളം, ആറന്മുള എന്നീ പഞ്ചായത്തുകള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറ് സി.ഡി.എസുകളില്‍ നിന്നായി 4858 പേരില്‍ സാമ്പിള്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫോക്കസ് ഗ്രൂപ്പ്, സ്‌പോട്ട് മാപ്പിംങ് പ്രവര്‍ത്തനങ്ങളെ പറ്റി പാനല്‍ ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ സിഡബ്ല്യൂസി അംഗം റ്റി. ഗീത മോഡറേറ്റര്‍ ആയി. കില റിസോഴ്‌സ് അംഗവും റിട്ട.വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.എസ് ദീപ, സാമൂഹിക പ്രവര്‍ത്തക എന്‍. ഷൈലജ, ആലപ്പുഴ മുന്‍ അഡിഷണല്‍ ഗവ. പ്‌ളീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാഫിയ സുധീര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
കുളനട പ്രീമിയം കഫേയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷയായി. ജില്ലാ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ ബിന്ദുരേഖ, ജെന്‍ഡര്‍ കുടുംബശ്രീ മിഷന്‍ ഡിപിഎം പി.ആര്‍ അനുപ, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.