കൊല്ലം കുണ്ടറയിൽ റെയിൽവേ പാലത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുണ്ടറ സ്റ്റേഷനിൽ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരും. ഇതിൽ ഒരാൾ പൊലീസുകാരനെ അക്രമിച്ച കേസിലും പ്രതിയാണ്. സംഭവത്തിൽ അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേ ക്രെെം ബ്രാഞ്ചും എത്തി പ്രതികളെ ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികളും സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങളാരാഞ്ഞിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവ സമയത്ത് പ്രതികൾ റെയിൽവേ പാളത്തിന്റെ സമീപമുള്ള ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടർന്ന് എഴുകോൺ പൊലീസ് എത്തി പോസ്റ്റ് മാറ്റിയിട്ടു. പോസ്റ്റ് മാറ്റിയിട്ട് മണിക്കുറുകൾക്കു ശേഷം പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പാളത്തിനുകുറുകെ പോസ്റ്റ് കണ്ടെത്തി. ഇത്തരത്തിൽ രണ്ട് തവണ പോസ്റ്റ് പാളത്തിൽ കണ്ടെത്തിയതോടെയാണ് അട്ടിമറി സാധ്യത പോലീസ് സംശയിച്ചത്.