കൊല്ലം :- കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലുള്ളവരാണ് മറ്റ് രണ്ട് പ്രതികൾ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിൻ്റെ പരാതിയിലാണ് കേസെടുത്തത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തോ എന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു .ഇത്തരം കാര്യങ്ങള്‍ക്കല്ല ക്ഷേത്ര പരിസരമെന്നും സംഘാടകർക്കെതിരെ കേസെടുക്കാനാകുന്ന കുറ്റങ്ങൾ പ്രകടമാണെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയുന്ന നിയമപ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
ഡിവിഷൻ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവർത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ പരാമർശം.